ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലുണ്ടായ ലോക്ക് ഡൗണില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ കേന്ദ്രസഹായം ആവശ്യപ്പെട്ട് ഡല്‍ഹി സര്‍ക്കാര്‍. 5,000 കോടി രൂപയാണ് ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
5000 കോടി ആവശ്യപ്പെട്ട് ധനമന്ത്രി നിര്‍മലാ സീതാരാമന് കത്തുനല്‍കി. ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് കേന്ദ്രം അനുവദിച്ച പണം ഡല്‍ഹി കൈപ്പറ്റിയിട്ടില്ലെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വ്യക്തമാക്കി.
സാധാരണ ഗതിയില്‍ ജീവനക്കാര്‍ക്ക് ശമ്ബളം നല്‍കാനും മറ്റ് ചെലവുകള്‍ക്കുമായി ഡല്‍ഹി സര്‍ക്കാരിന് മാസം 3,500 കോടിയെങ്കിലും വേണ്ടതുണ്ട്. എന്നാല്‍ കഴിഞ്ഞ രണ്ട് മാസങ്ങളായി ജിഎസ്ടി വരുമാനമായി ഡല്‍ഹിക്ക് ലഭിച്ചത് 500 കോടി മാത്രമാണ്. ജീവനക്കാരുടെ ശമ്ബളം, കൊവിഡ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവക്കായി 7,000 കോടിയാണ് സര്‍ക്കാര്‍ കണ്ടെത്തേണ്ടതെന്നും മനീഷ് സിസോദിയ പറയുന്നു.
നിലവില്‍ 120 കണ്ടെയ്ന്‍മെന്റ് സോണുകളാണ് ഡല്‍ഹിയിലുള്ളത്. ആകെ രോഗ ബാധിതര്‍ 18,000 ന് മുകളിലെത്തി. 1,163 പേര്‍ മരിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലും ഡല്‍ഹി സര്‍ക്കാര്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുമ്ബന്തിയിലാണെന്നാണ് കെജ്രിവാള്‍ അവകാശപ്പെടുന്നത്.