KeralaNews

‘കീം’ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയുടെ റാങ്ക് പട്ടിക പ്രഖ്യാപിച്ചു; ഒന്നാം റാങ്ക് ആലപ്പുഴ സ്വദേശി ദേവാനന്ദിന്

തിരുവനന്തപുരം: ‘കീം’ എഞ്ചിനീയറിംഗ് പ്രവേശനപരീക്ഷയുടെ റാങ്ക് പട്ടിക പ്രഖ്യാപിച്ചു. പ്രവേശനപരീക്ഷാ ചരിത്രത്തിൽ പുതിയ അദ്ധ്യായം കുറിച്ച ‘കീം’ ആദ്യ ഓൺലൈൻ പരീക്ഷയുടെ ഫലം ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപിച്ചത്. ആലപ്പുഴ സ്വദേശി ദേവാനന്ദിനാണ് ഒന്നാം റാങ്ക്. ആദ്യ 100 റാങ്കിൽ 13 പെൺകുട്ടികൾ ഉള്‍പ്പെട്ടു.

സംസ്ഥാനത്ത് ആദ്യമായി ഇത്ര വിപുലമായ രീതിയിൽ ഓൺലൈനായി നടത്തിയ പരീക്ഷയുടെ ഫലമാണ് പരീക്ഷ നടന്ന് കൃത്യം ഒരു മാസം പിന്നിടുമ്പോൾ പ്രസിദ്ധപ്പെടുത്തിയത്. 79,044 (എഴുപത്തി ഒൻപതിനായിരത്തി നാല്പത്തിനാല്) വിദ്യാര്‍ത്ഥികളാണ്  ജൂൺ അഞ്ച് മുതൽ പത്തുവരെ  ആറു ദിവസങ്ങളിലായി നടന്ന ആദ്യ ‘കീം’ ഓൺലൈൻ പ്രവേശന പരീക്ഷയെഴുതിയത്. സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിലും ന്യൂഡൽഹി, മുംബൈ, ദുബൈ കേന്ദ്രങ്ങളിലുമായിരുന്നു പരീക്ഷ.

79044 (38853 പെൺകുട്ടികളും 40190 ആൺകുട്ടികളും) വിദ്യാർത്ഥികൾ എഴുതിയ പ്രവേശനപരീക്ഷയിൽ 58340 പേർ (27524 പെൺകുട്ടികളും 30815 ആൺകുട്ടികളും) യോഗ്യത നേടി. അതിൽ 52500 പേരാണ് (24646 പെൺകുട്ടികളും 27854 ആൺകുട്ടികളും) റാങ്ക് പട്ടികയിൽ ഇടം പിടിച്ചത്. യോഗ്യത നേടിയവരുടെ എണ്ണം കഴിഞ്ഞ വർഷത്തെക്കാൾ 4261 വർധിച്ചു. പട്ടികയിൽ ഉൾപ്പെട്ടവരുടെ എണ്ണത്തിലും 2829 പേരുടെ വർധനയുണ്ടായി. പരീക്ഷയെഴുതുകയും യോഗ്യത നേടുകയും ചെയ്ത ഏക ട്രാൻസ്ജെൻഡർ വ്യക്തിയ്ക്ക് റാങ്ക് പട്ടികയിൽ ഉൾപ്പെടാനായില്ല.

ആദ്യ നൂറു റാങ്കിൽ 13 പെൺകുട്ടികൾ ഉൾപ്പെട്ടു. 87 ആൺകുട്ടികളും. ആദ്യ നൂറു റാങ്കിൽ ഉൾപ്പെട്ട 75 പേർ ഒന്നാം അവസരത്തിൽതന്നെയാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. രണ്ടാം അവസരത്തിൽ ഈ റാങ്കിനുള്ളിൽ വന്നവർ 25 പേരാണ്. ആദ്യ നൂറു റാങ്കിൽ കൂടുതൽ പേർ ഉൾപ്പെട്ടത് എറണാകുളം ജില്ലയിൽ നിന്നാണ് – 24 പേർ. തിരുവനന്തപുരവും (15 പേർ) കോട്ടയവുമാണ് (11) തൊട്ടു പിന്നിൽ.

എറണാകുളം ജില്ലയിൽ നിന്നാണ് ഏറ്റവുമധികം പേർ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടത് – 6568 പേർ. ഏറ്റവുമധികം പേർ ആദ്യ 1000 റാങ്കുകളിൽ ഉൾപ്പെട്ടതും എറണാകുളം ജില്ലയിൽ നിന്നാണ് – 170 പേർ. 

മറ്റു ജില്ലകളിൽ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവരുടെയും ആദ്യ ആയിരം റാങ്കുകളിൽ ഉൾപ്പെട്ടവരുടെയും എണ്ണം ഇങ്ങനെയാണ്:

തിരുവനന്തപുരം (6148/125)
കൊല്ലം (4947/53)
പത്തനംതിട്ട (1777/23)
ആലപ്പുഴ (3085/53)
കോട്ടയം (3057/99)
ഇടുക്കി (981/10)
തൃശൂർ (5498/108)
പാലക്കാട് (3718/55)
മലപ്പുറം (5094/79)
കോഴിക്കോട് (4722/93)
വയനാട് (815/11)
കണ്ണൂർ (4238/75)
കാസർഗോഡ് (1346/21)
മറ്റുള്ളവർ (289/24)

കേരള സിലബസിൽ പ്ലസ്ടു പൂർത്തിയാക്കിയ 2034 പേരും (36390 പേരാണ് പരീക്ഷയെഴുതിയത്) സിബിഎസ്ഇ പഠനം പൂർത്തിയാക്കിയ 2785 പേരും (പരീക്ഷയെഴുതിയത് 14541 പേർ) സിഐഎസ്ഇ സിലബസിൽ പഠനം പൂർത്തിയാക്കിയ 162 പേരും (പരീക്ഷയെഴുതിയത് 1079 പേർ) ആദ്യ 5000 റാങ്കുകളിൽ ഉൾപ്പെട്ടു.

പരീക്ഷയ്ക്കായി സോഫ്റ്റ്‌വെയർ ഒരുക്കിയ സംസ്ഥാന സർക്കാർ സ്ഥാപനമായ സി-ഡിറ്റ്, പരീക്ഷാ നടത്തിപ്പുകളും ഫലപ്രഖ്യാപനവും സമയബന്ധിതമായി പൂർത്തിയാക്കിയ പ്രവേശന പരീക്ഷാ കമീഷണറേറ്റ്, കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് എന്നിവരെ മന്ത്രി ഡോ. ആർ ബിന്ദു ഹാർദ്ദമായി അഭിനന്ദിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker