മോഹൻലാലിനും ഇടവേള ബാബുവിനുമെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ; വിജയ് ബാബു രാജിവയ്ക്കണമെന്നും ആവശ്യം
കൊല്ലം: താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബുവിനെതിരെയും പ്രസിഡന്റ് മോഹൻലാലിനെതിരെയും രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ. അമ്മ ക്ളബാണെന്ന ഇടവേള ബാബുവിന്റെ പ്രസ്താവനക്കെതിരെയാണ് ഗണേഷ് കുമാർ വിമർശനം ഉന്നയിച്ചത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപ് രാജിവച്ചതുപോലെ ബലാത്സംഗ കേസ് നിലനിൽക്കുന്ന പശ്ചാത്തലത്തിൽ നടനും നിർമാതാവുമായ വിജയ് ബാബു രാജിവയ്ക്കണമെന്നും ഗണേഷ് കുമാർ ആവശ്യപ്പെട്ടു.
അമ്മ ഒരു ക്ളബ് അല്ല. സാധാരണ ക്ളബുകളിൽ കാണുന്ന പോലെ ബാറിനുള്ള സൗകര്യവും ചീട്ട് കളിക്കാനുള്ള സൗകര്യവും അമ്മയിൽ ഒരുക്കിയിട്ടുണ്ടോയെന്ന ആശങ്കയുണ്ട്.എന്റെ അറിവിൽ അമ്മ ഒരു ചാരിറ്റബിൾ സംഘടനയാണ്. അങ്ങനെയാണ് രജിസ്റ്റർ ചെയ്തത്. ഏതെങ്കിലും സാഹചര്യത്തിൽ അതിന് മാറ്റം വരുത്തിയിട്ടുണ്ടെങ്കിൽ അത് മോഹൻലാലും ഇടവേള ബാബുവും വ്യക്തമാക്കണം. പ്രസ്താവന വളരെ വേദനിപ്പിച്ചെന്നും ഗണേഷ് കുമാർ പറഞ്ഞു.
അമ്മയിൽ ജോലി ചെയ്യുന്ന ആളുകൾ വാർദ്ധ്യകത്തിൽ കഷ്ടപ്പെടാൻ പാടില്ലെന്ന ലക്ഷ്യത്തോടെയാണ് സംഘടന ആരംഭിച്ചത്. അമ്മ ക്ളബായി പ്രഖ്യാപിച്ചിട്ടില്ലെങ്കിൽ ഇടവേള ബാബു പ്രസ്താവന പിൻവലിച്ച് അമ്മയിലെ അംഗങ്ങളോടും പൊതുസമൂഹത്തോടും മാപ്പ് പറയണം. അമ്മ ക്ളാബാണെന്ന് ബാബു പറഞത് പ്രസിഡന്റ് തിരുത്തിയില്ല. ഇക്കാര്യത്തിൽ മോഹൻലാലിന് കത്തെഴുതും. സാധാരണ മറുപടി കിട്ടാറില്ല. അമ്മ ക്ളബാണെങ്കിൽ താൻ രാജിവയ്ക്കുമെന്നും ഗണേഷ് കുമാർ വ്യക്തമാക്കി.
വിജയ് ബാബുവിനെതിരെയും ഗണേഷ് കുമാർ വിമർശനമുയർത്തി. ദിലീപ് രാജിവച്ചതുപോലെ വിജയ് ബാബുവും രാജിവയ്ക്കണം. അതിജീവിത പറയുന്നതിന് അമ്മ മറുപടി നൽകണം. അതിജീവിത പറയുന്നതിൽ സത്യമുണ്ടെന്ന് തോന്നുന്നു. ഇടവേള ബാബു വിജയ് ബാബുവിനൊപ്പം ഗൾഫിലുണ്ടായിരുന്നു എന്ന ആരോപണമുണ്ടെന്നും ഗണേഷ് കുമാർ പറഞ്ഞു.