തിരുവനന്തപുരം∙ വിവാദങ്ങളിലേക്ക് വലിച്ചിഴച്ച് ഉപദ്രവിക്കരുതെന്ന് നിയുക്തമന്ത്രി കെ.ബി.ഗണേഷ്കുമാർ. ഇടതുമുന്നണി യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘‘വീണ്ടും മന്ത്രിയാക്കാൻ എൽഡിഎഫ് തീരുമാനിച്ചു. ഒത്തിരി സന്തോഷമുണ്ട്. മാധ്യമങ്ങളുടെയും ജനങ്ങളുടെയും ഭാഗത്തുനിന്ന് എല്ലാവിധ പിന്തുണയുണ്ടാകണം.
വെറുതെ എന്നെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ച് ദയവുചെയ്ത് ഉപദ്രവിക്കരുത്. ഞാൻ ഒന്നിനുമുള്ള ആളല്ല. നന്നായി ഒരു ജോലി ചെയ്യാൻ മുഖ്യമന്ത്രി ഏൽപിച്ചിരിക്കുകയാണ്. ഈ ചുമതല നിർവ്വഹിക്കാൻ എല്ലാവരും സഹായിക്കുക.’’– ഗണേഷ്കുമാർ പറഞ്ഞു.
ഗതാഗത വകുപ്പ് തന്നെയാണോ ലഭിക്കുക എന്നറിയില്ലെന്നും ആണെങ്കിൽ കെഎസ്ആർടിസി ലാഭത്തിലാക്കാമെന്ന മണ്ടത്തരം ഒന്നു പറയില്ലെന്നും ഗണേഷ്കുമാർ പറഞ്ഞു. ഗതാഗത വകുപ്പ് തന്നെയാണോന്ന് മുഖ്യമന്ത്രി പറഞ്ഞില്ല. ഗതാഗത വകുപ്പാണെങ്കിൽ ഒരുപാട് ജോലിയുണ്ട്. എങ്കിലും ഇന്നത്തെ സ്ഥിതിയിൽനിന്നും അതിനെ മെച്ചപ്പെടുത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചില ആശയങ്ങളൊക്കെ മനസ്സിലുണ്ട്. മുഖ്യമന്ത്രി വകുപ്പ് പ്രഖ്യാപിച്ചശേഷം അതിനെക്കുറിച്ച് വിശദമായി പറയാം.
ഇപ്പോഴത്തെ ഒരു സ്ഥിതിയെക്കുറിച്ച് പഠിക്കേണ്ടതുണ്ട്. മുൻപ് നമ്മൾ ചെയ്തിട്ടുണ്ട്. പക്ഷേ അതിനേക്കാൾ മോശം സ്ഥിതിയിലാണ്. തൊഴിലാളികളുടെ ഒരു സഹകരണം ആവശ്യമുണ്ട്. പക്കാ നന്നാക്കി ലാഭത്തിലാക്കാമെന്നുള്ള മണ്ടത്തരം ഒന്നും പറയുന്നില്ല. പക്ഷേ വളരെയധികം മെച്ചപ്പെടുത്താൻ, ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അഭിമാനിക്കാവുന്ന രീതിയിൽ മെച്ചപ്പെടുത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.’’– ഗണേഷ്കുമാർ പറഞ്ഞു.
ഈ മാസം 29നാണ് കെ.ബി.ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്നത്. എൽഡിഎഫിലെ മുൻ ധാരണപ്രകാരമാണ് ഇരുവരും മന്ത്രിമാരാകുന്നത്. ഇതിനായി അഹമ്മദ് ദേവർകോവിലും ആന്റണി രാജുവും മന്ത്രിസ്ഥാനം രാജിവച്ചു.