തിരുവനന്തപുരം: കഴക്കൂട്ടത്തു 14 കാരിയെ തട്ടിക്കൊണ്ടു പോയി കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ നാലു പേര്‍ പൊലീസ് പിടിയില്‍. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് സംഭവത്തിന് ഇരയായത്. കഴിഞ്ഞ മുപ്പതാം തീയതിയാണ് അറസ്റ്റിനാസ്പദമായ സംഭവം നടന്നത്. വിദ്യാര്‍ത്ഥിനി സ്‌കൂള്‍ സമയം കഴിഞ്ഞിട്ടും ഹോസ്റ്റലില്‍ മടങ്ങി എത്താത്തതിനെ തുടര്‍ന്ന് ഹോസ്റ്റല്‍ വാര്‍ഡനാണ് കഠിനംകുളം പൊലീസില്‍ പരാതി നല്‍കിയത്. സ്‌കൂളിലെയും പരിസരങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് സ്‌കൂളിന്റെ പ്രധാന കവാടം വഴി പെണ്‍കുട്ടി പുറത്ത് പോയതായി കണ്ടെത്തി.
കഠിനംകുളം മര്യനാട് സ്വദേശികളായ സോജന്‍, അഭിലാഷ്, ടോമി നിരഞ്ചന്‍ എന്നിവരെയാണ് കഠിനംകുളം പൊലീസ് അറസ്റ്റു ചെയ്തത്. പ്രതികള്‍ കുറ്റം സമ്മതിച്ചതായി ആറ്റിങ്ങല്‍ ഡിവൈഎസ്പി കെഎ വിദ്യാധരന്‍ പറഞ്ഞു. സംഭവം നടന്ന് തൊട്ടടുത്ത ദിവസം പെണ്‍കുട്ടിയെ തുമ്പ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് കണ്ടെത്തി. പീഡനവിവരം പെണ്‍കുട്ടിയാണ് പൊലീസിനോട് വെളിപ്പെടുത്തിയത്.
സ്‌കൂളില്‍ നിന്നും പുറത്ത് ഇറങ്ങിയ പെണ്‍കുട്ടിയെ ബൈക്കിലെത്തിയ രണ്ട് പേര്‍ ബലമായി പിടിച്ച് കയറ്റിക്കൊണ്ടുപോയി. പിന്നീട് പുതുക്കുറുച്ചിയിലെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് ഇവരും മറ്റു രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. കുട്ടിയെ തട്ടികൊണ്ട് പോയ ബൈക്കും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പ്രതികളെ ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.കഠിനംകുളം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി ബി വിനോദ് കുമാര്‍. എസ് ഐ മാരായ പി അഭിലാഷ് കൃഷ്ണപ്രസാദ് അജയകുമാര്‍,എന്നിവരാണ് പ്രതികളെ പിടികൂടിയത്.