KeralaNews

കാസർകോട് മുഹമ്മദ് ഹാജി വധം: നാല് പ്രതികൾക്കും ജീവപര്യന്തം

കാസർകോട്: അടുക്കത്ത്ബയൽ ബിലാൽ മസ്ജിദിന് സമീപത്തെ സി.എ.മുഹമ്മദ് ഹാജിയെ (56) കൊലപ്പെടുത്തിയ കേസിൽ നാല് പ്രതികൾക്കും ജീവപര്യന്തം തടവ്. കുഡ്‌ലു ഗുഡ്ഡേ ടെമ്പിൾറോഡിലെ സന്തോഷ് നായ്‌ക്‌ എന്ന ബജെ സന്തോഷ് (37), താളിപ്പടുപ്പിലെ ശിവപ്രസാദ് എന്ന ശിവൻ (41), അയ്യപ്പനഗറിലെ കെ.അജിത്കുമാറെന്ന അജ്ജു (36), അടുക്കത്ത്ബയൽ ഉസ്മാൻ ക്വാർട്ടേഴ്‌സിലെ കെ.ജി.കിഷോർകുമാറെന്ന കിഷോർ (40) എന്നീ പ്രതികള്‍ക്കെതിരെയാണ് കാസർകോട് അഡീഷണൽ ആൻഡ് ജില്ലാ കോടതി രണ്ട് ജഡ്ജി കെ.പ്രിയ വിധി പ്രസ്താവിച്ചത്. നാല് പ്രതികളും ഒരു ലക്ഷം രൂപ വീതം പിഴയൊടുക്കാനും കോടതി ഉത്തരവിട്ടു.

2008 ഏപ്രിൽ 18-നായിരുന്നു കൊലപാതകം. ബിലാൽ മസ്ജിദിന് സമീപത്തുവെച്ച് സി.എ.മുഹമ്മദിനെ സ്വന്തം മകന്റെ മുന്നിലിട്ട് പ്രതികൾ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രോസിക്യൂഷൻ കേസ്. മുഹമ്മദിന്റെ രണ്ടാമത്തെ മകനായിരുന്നു കേസിലെ ദൃക്‌സാക്ഷി.

അഡീഷണൽ എസ്.പി. പി. ബാലകൃഷ്ണൻ നായരാണ് കേസ് അന്വേഷിച്ച് പ്രതികളെ അറസ്റ്റ് ചെയ്തത്. സി.കെ. ശ്രീധരനായിരുന്നു സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ. കുറ്റപത്രത്തിൽ പറഞ്ഞിരുന്ന സാമുദായിക സ്പർധ ആരോപണം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിരുന്നില്ല.

2008 മുതലാണ് കാസർകോട്ട് അശാന്തിയുടെ വിത്തുപാകി തുടർച്ചയായ കൊലപാതകങ്ങൾ നടന്നത്. നാലുദിവസത്തിനിടെ നാല് കൊലപാതകങ്ങളാണ് ഉണ്ടായത്. ഈ കൊലപാതകങ്ങളിൽ പ്രതികൾ ആദ്യമായി ശിക്ഷിക്കപ്പെടുന്നത് സി.എ.മുഹമ്മദ് വധക്കേസിലാണ്.

2008 ഏപ്രിൽ 14-നായിരുന്നു നെല്ലിക്കുന്നിലെ സന്ദീപ് കൊല്ലപ്പെടുന്നത്. ഏപ്രിൽ 16-ന് നെല്ലിക്കുന്ന് ബങ്കരക്കുന്നിലെ മുഹമ്മദ് സിനാനും ശേഷം കാസർകോട്ടെ പ്രമുഖ അഭിഭാഷകനായ പി. സുഹാസും കൊല്ലപ്പെട്ടു. പിന്നാലെയാണ് സി.എ. മുഹമ്മദ് കൊല്ലപ്പെടുന്നത്.

സന്ദീപ്, സിനാൻ എന്നിവരുടെ കൊലപാതകക്കേസുകളിൽ പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ടെത്തി വെറുതെവിട്ടിരുന്നു. സുഹാസ് വധക്കേസ് തലശ്ശേരി സെഷൻസ് കോടതിയുടെ പരിഗണനയിലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker