കാസര്‍ഗോഡ്: കൊവിഡ് ചികിത്സയിലായിരുന്ന ഒടുവിലത്തെ രോഗിയുടെ ഫലവും നെഗറ്റീവായതോടെ കാസര്‍ഗോഡ് ജില്ല കൊവിഡ് മുക്തമായി. 178 രോഗികളെ ചികിത്സിച്ച് 100 ശതമാനം രോഗമുക്തി എന്ന അപൂര്‍വ നേട്ടമാണ് ജില്ല കൈവരിച്ചത്. കാസര്‍ഗോഡ് ജില്ലയെ കൂടാതെ ആലപ്പുഴ, തൃശൂര്‍, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, ഇടുക്കി ജില്ലകളും കൊവിഡ് മുക്തമായി.
അതേസമയം, സംസ്ഥാനത്ത് ഏഴ് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വയനാട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും എറണാകുളം, മലപ്പുറം ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
വിവിധ ജില്ലകളിലായി 26,712 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 26,350 പേര്‍ വീടുകളിലും 362 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 135 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 37,464 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 36,630 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്.