തൃശൂർ∙ കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.കെ.ബിജുവിന്റെ പ്രസ്താവന നുണയെന്ന് മുൻ എംഎൽഎ അനിൽ അക്കര. ബാങ്ക് തട്ടിപ്പിന്റെ അന്വേഷണ കമ്മിഷനായി ബിജുവിനെ നിയോഗിച്ച രേഖ അനിൽ അക്കര പുറത്തുവിട്ടു. സിപിഎമ്മാണ് ബിജുവിനെ അന്വേഷണ കമ്മിഷനായി നിയമിച്ചതെന്നാണ് സമൂഹമാധ്യമത്തിലൂടെ അനിൽ പുറത്തുവിട്ട രേഖയിലുള്ളത്.
എന്നാൽ അന്വേഷണ കമ്മിഷൻ അംഗമായിട്ടില്ലെന്നായിരുന്നു പി.കെ.ബിജുവിന്റെ പ്രതികരണം. കരുവന്നൂർ ബാങ്ക് തട്ടിപ്പിനെക്കുറിച്ച് പി.കെ.ബിജുവിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി തയാറാക്കിയ റിപ്പോർട്ടിൽ കേസിലെ ഒന്നാം പ്രതി പി.സതീഷ്കുമാറിനെക്കുറിച്ചു പരാമർശമില്ലാത്തു തട്ടിപ്പു കേസിലെ സിപിഎം ബന്ധം വ്യക്തമാക്കുന്നുവെന്ന് അനിൽ അക്കര ആരോപിച്ചിരുന്നു.
എന്നാൽ അനിൽ അക്കര ആരോപിക്കുന്നതു പോലെ ഒരു ബന്ധവുമില്ലെന്നും ആരോപണത്തെ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നുമായിരുന്നു പി.കെ.ബിജുവിന്റെ പ്രതികരണം.