കണ്ണൂര്‍: ‘കര്‍ത്താവിന്റെ നാമത്തില്‍’ എന്ന സിസ്റ്റര്‍ ലൂസി കളപ്പുരയുടെ പുസ്തകം ഡി സി ബുക്സ് മെഗാ ബുക്ക് ഫെയറില്‍ വില്‍പ്പനയ്ക്ക് വെച്ചതിന്റെ പേരില്‍ മേള പൂട്ടിച്ചു. കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ കഴിഞ്ഞ വാരം ആരംഭിച്ച ഡി സി ബുക്സ് മെഗാ ബുക്ക് ഫെയറില്‍ ആണ് പുസ്തകം വില്‍പ്പനയ്ക്ക് വെച്ചത്. തലശേരി അതിരൂപത സംഘടിപ്പിച്ച കര്‍ഷക പ്രക്ഷോഭത്തിനിടയില്‍ നിന്നെത്തിയ ചിലരാണ് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്. പൊലീസ് സുരക്ഷയില്‍ മേള പുനരാരംഭിച്ചു. തങ്ങളുടെ അറിവോടെയല്ല പ്രതിഷേധമെന്ന് വ്യക്തമാക്കിയ സഭാനേതൃത്വം സംഭവത്തില്‍ ക്ഷമ ചോദിച്ചു.
ഒരു ലക്ഷത്തോളം പേര്‍ പങ്കെടുത്ത തലശേരി അതിരൂപതയുടെ കര്‍ഷക പ്രക്ഷോഭം രാവിലെയായിരുന്നു. ഇതിനിടയില്‍ നിന്ന് ചിലരാണ് ടൗണ്‍ സ്‌ക്വയറില്‍ ഡിസി ബുക്‌സിന്രെ മേള പൂട്ടിക്കാനെത്തിയത്. മൂന്ന് തവണയായെത്തിയ സംഘം ഒടുവില്‍ സിസ്റ്റര്‍ ലൂസിയുടെ പുസ്തകങ്ങള്‍ ബലമായി പൊതിഞ്ഞു മാറ്റിവെച്ച് മേള പൂട്ടിച്ചു. പൊലീസ് സുരക്ഷയിലാണ് നിലവില്‍ പുസ്തക മേള നടക്കുന്നത്.
സംഭവത്തില്‍ പൊലീസിന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തിയതിന് കേസെടുത്തിട്ടുണ്ട്. മറ്റ് പരാതികള്‍ നിലവില്‍ ഇല്ല. അതേസമയം കര്‍ഷക പ്രക്ഷോഭത്തിനിടയില്‍ ഇത്തരമൊരു സംഭവമുണ്ടായതില്‍ സമര സംഘാടകര്‍ തന്നെ നേരിട്ട് ഡിസി ബുക്‌സിലെത്തി ഖേദം പ്രകടിപ്പിച്ചു.