കർണാടകത്തിൽ വൻ വിജയം നേടി കോൺഗ്രസ്;ബിജെപിയുടെ ഇരട്ടിയിലധികം സീറ്റ്
ബെംഗലൂരു: ഭരണ വിരുദ്ധ വികാരം ശക്തമായി അലയടിച്ച കർണാടകത്തിൽ മിന്നുന്ന വിജയം നേടി കോൺഗ്രസ്. സംസ്ഥാനത്ത് ആകെയുള്ള 224 സീറ്റിൽ കേവലഭൂരിപക്ഷമായ 113 ഉം കടന്ന് 134 സീറ്റിലാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്. ബിജെപി 65 സീറ്റിലേക്ക് താഴ്ന്നു. കിങ് മേക്കറാകുമെന്ന് പ്രതീക്ഷിച്ച ജെഡിഎസിനും കാര്യമായ നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല. 22 സീറ്റിലാണ് ജെഡിഎസ് ലീഡ് ചെയ്യുന്നത്. ജെഡിഎസ് പിന്തുണയോടെ ബാഗേപ്പള്ളിയിൽ മത്സരിച്ച സിപിഎമ്മിനും കാര്യമായ നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല. ഇവിടെയും കോൺഗ്രസ് തന്നെ വിജയിച്ചു.
വ്യക്തമായ ഭൂരിപക്ഷം നേടിയതോടെ കോൺഗ്രസിന് മുന്നിൽ ഇനിയുണ്ടാവുന്ന പ്രധാന തലവേദന മുഖ്യമന്ത്രി സ്ഥാനമാകും. കർണാടകത്തിൽ വലിയ സ്വാധീനമുള്ള ഡികെ ശിവകുമാറും സിദ്ദരാമയ്യയും മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശ വാദം ഉന്നയിച്ചേക്കും. മുൻ മുഖ്യമന്ത്രിയായ സിദ്ദരാമയ്യയ്ക്കും വമ്പൻ ഭൂരിപക്ഷത്തോടെ ജയിച്ച ഡി കെ ശിവകുമാറിനും പിന്നിൽ എം എൽ എ മാർ രണ്ടു ചേരി ആകാനാണ് സാധ്യത. ജയിച്ച മുഴുവൻ ആളുകളും ഉടൻ ബംഗളൂരുവിൽ എത്താൻ പാർട്ടി നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്. സിദ്ദരാമയ്യയെ ആണ് മുഖ്യമന്ത്രി ആക്കേണ്ടതെന്ന് മകൻ യതീന്ദ്ര അഭിപ്രായപ്പെട്ടിട്ടുണ്ട്. തലമുതിർന്ന രണ്ടു നേതാക്കൾ തമ്മിൽ ഏറെക്കാലമായുള്ള തർക്കം ഹൈക്കമാൻഡിനും കീറാമുട്ടി ആയേക്കും.
അതേസമയം ബിജെപി ക്യാംപിൽ നിരാശ പ്രകടമാണ്. തോൽവി സമ്മതിച്ച് മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ തന്നെ രംഗത്തെത്തി. തോൽവിയിൽ നിന്ന് പാഠമുൾക്കൊണ്ട് പാർട്ടിയിൽ മാറ്റങ്ങൾ വരുത്തുമെന്നും ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കോൺഗ്രസ് നേതാക്കൾ അവിടെ നിർത്തുന്നില്ല. കർണാടകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുൻനിർത്തിയാണ് ബിജെപി മത്സരിച്ചതെന്ന വാദമുയർത്തി തോൽവിയുടെ ഭാരം നരേന്ദ്ര മോദിയുടേതാണെന്ന് നേതാക്കൾ വിമർശിക്കുന്നു. സംസ്ഥാനത്ത് ബിജെപി പ്രവർത്തകർ വലിയ പ്രതീക്ഷയർപ്പിച്ച് രാവിലെ തന്നെ പാർട്ടി ആസ്ഥാനത്ത് എത്തിയിരുന്നെങ്കിലും പിന്നീട് കോൺഗ്രസിന് വ്യക്തമായ മേൽക്കോയ്മയെന്ന് മനസിലായതോടെ പിരിഞ്ഞുപോയി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ ഇക്കുറി ആറ് ശതമാനം വോട്ടിന്റെ വർധനയാണ് കോൺഗ്രസിന് ഉണ്ടായത്. മൈസൂർ
മേഖലയിൽ മാത്രം ആകെയുള്ള 61 സീറ്റിൽ 35 ഉം കോൺഗ്രസ് നേടി. ജെഡിഎസിന്റെ ശക്തികേന്ദ്രമായിരുന്നു ഇവിടം. മധ്യ കർണാടകയിൽ 25 ൽ 16 സീറ്റും ഹൈദരാബാദ് കർണാടകയിൽ 41 ൽ 23 സീറ്റും കോൺഗ്രസ് നേടി. വടക്കൻ കർണാടകയിൽ അൻപതിൽ 32 സീറ്റിൽ കോൺഗ്രസ് ജയിച്ചു. തീര മേഖലയും ബംഗളൂരുവും ആണ് ബിജെപിക്ക് ഒപ്പം നിന്നത്. ഈ രണ്ടു മേഖലകളിലെ 47 സീറ്റിൽ 29 എണ്ണം ബിജെപി നേടി. ന്യൂനപക്ഷ മേഖലകളിൽ മിക്കയിടത്തും കോൺഗ്രസിന് അനുകൂലമായി വോട്ടുകളുടെ ഏകീകരണം ഉണ്ടായി.