KeralaNews

ഷിരൂരിലെ തിരച്ചില്‍ തുടരണം, കേന്ദ്രവും സംസ്ഥാനവും സംയുക്തമായി പ്രവര്‍ത്തിക്കണം: കര്‍ണാടക ഹൈക്കോടതി

ബെംഗളൂരു: മലയാളി ട്രക്ക് ഡ്രൈവര്‍ അര്‍ജ്ജുന്‍ ഉള്‍പ്പടെയുള്ളവര്‍ക്കായി ഷിരൂരിലെ തിരച്ചില്‍ ദൗത്യം തുടരണമെന്ന് കര്‍ണാടക ഹൈക്കോടതി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി തിരച്ചില്‍ തുടരണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ചീഫ് ജസ്റ്റിസ് എന്‍വി അന്‍ജാരിയ, ജസ്റ്റിസ് കെവി ആനന്ദ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്. പ്രതികൂല കാലാവസ്ഥ കാരണം ദൗത്യം താല്‍ക്കാലികമായി നിര്‍ത്തിയെന്ന് കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

ഏഴ് നോട്ട്‌സ് ആണ് ഇപ്പോഴും ഗംഗാവലി നദിയിലെ അടിയൊഴുക്ക്. ഈ സാഹചര്യത്തില്‍ തിരച്ചില്‍ നടത്താനാവില്ല. തിരച്ചില്‍ ദൗത്യം വൈകാതെ പുനഃരാരംഭിക്കുമെന്നും കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സുപ്രീംകോടതിയിലെ മലയാളി അഭിഭാഷകന്‍ സുഭാഷ് ചന്ദ്രന്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

കഴിഞ്ഞ ദിവസം ഗംഗാവലിയില്‍ അടിയൊഴുക്ക് ശക്തമായതിനാല്‍ മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മല്‍പെയ്ക്കും സംഘത്തിനും പുഴയിലിറങ്ങി പരിശോധിക്കാന്‍ പൊലീസ് അനുമതി നല്‍കിയിരുന്നില്ല. കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായ സാഹചര്യമാണ് പുഴയിലേതെന്നും അരികുകളില്‍ പരിശോധിക്കാനായിരുന്നു പദ്ധതിയെന്നും ഈശ്വര്‍ മല്‍പെ പ്രതികരിച്ചിരുന്നു.

കഴിഞ്ഞ 16-ന് രാവിലെ ബെലെഗാവിയില്‍ നിന്ന് മരം കയറ്റി വരികെ കര്‍ണാടക-ഗോവ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന പന്‍വേല്‍-കന്യാകുമാരി ദേശീയ പാതയിലായിരുന്നു അപകടമുണ്ടായത്.

തടി കയറ്റിവരുന്ന ലോറിയുടെ ഡ്രൈവറായിരുന്നു അര്‍ജുന്‍. ഈ മാസം എട്ടിനാണ് അര്‍ജുന്‍ കര്‍ണാടകയിലേക്ക് പോയത്. അപകടം നടന്നയിടത്ത് ഒരു ചായക്കട ഉണ്ടായിരുന്നതായും അവിടെ ചായ കുടിക്കാന്‍ ഇറങ്ങിയവര്‍ അപകടത്തില്‍പ്പെട്ടിരുന്നതായും പ്രദേശവാസികള്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം അര്‍ജുന്റെ കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശനം നടത്തിയിരുന്നു. ചെയ്യാന്‍ പറ്റുന്നതിന്റെ പരമാവധി ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി അര്‍ജുന്റെ സഹോദരി പ്രതികരിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker