മൈസൂർ: രാജ്യത്ത് ഹിജാബ് വിവാദം രൂക്ഷമാകുന്ന സാഹചര്യത്തിൽ മുസ്ലിം പെൺകുട്ടികൾക്ക് ഹിജാബ് ധരിച്ച് ക്ലാസുകളിൽ കയറാൻ അനുമതി നൽകി മൈസൂരുവിലെ ഒരു സ്വകാര്യ കോളേജ്. യൂണിഫോം നിയമം റദ്ദാക്കികൊണ്ടാണ് കഴിഞ്ഞ വെള്ളിയാഴ്ച (ഫെബ്രുവരി 18) ഹിജാബ് ധരിക്കാനുള്ള അനുമതിയുമായി കോളേജ് അധികൃതർ രംഗത്ത് എത്തിയത്. കോളേജ് അഡ്മിനിസ്ട്രേഷൻ യൂണിഫോം നിയമം റദ്ദാക്കുകയും അങ്ങനെ ഒരു തീരുമാനം എടുക്കുന്ന കർണാടകയിലെ ആദ്യത്തെ കോളേജായി മാറുകയും ചെയ്തു.
നാല് വിദ്യാർത്ഥികൾ ഹിജാബ് ധരിക്കാതെ ക്ലാസുകളിൽ പങ്കെടുക്കാൻ വിസമ്മതിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു. കോളേജിലെത്തി എല്ലാവരുമായും ചർച്ച നടത്തി. അതേസമയം, വിദ്യാർത്ഥികളെ ക്ലാസുകളിൽ പങ്കെടുക്കാൻ അനുവദിക്കുന്നതിന് യൂണിഫോം നിയമം റദ്ദാക്കുകയാണ് ചെയ്തത്’- മൈസൂരിലെ പ്രീ-യൂണിവേഴ്‌സിറ്റി ഡെപ്യൂട്ടി ഡയറക്ടർ (ഡിഡിപിയു) ഡികെ ശ്രീനിവാസ മൂർത്തി അറിയിച്ചു.
കർണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഒഴിവാക്കിയ ഹിജാബി വിദ്യാർത്ഥികളുടെ പ്രതിഷേധമാണ് കോളേജിന്റെ തീരുമാനത്തെ സ്വാധീനിച്ചതെന്ന് സിയാസത്ത് റിപ്പോർട്ട് ചെയ്തു. തുടർന്നാണ് വരാനിരിക്കുന്ന പരീക്ഷകളിൽ കുട്ടികൾ പങ്കെടുക്കുന്നതിന് യൂണിഫോം ഒഴിവാക്കാനും ഹിജാബ് ധരിച്ച് പെൺകുട്ടികളെ ക്ലാസുകളിൽ പങ്കെടുക്കാൻ അനുവദിക്കാനും സ്വകാര്യ കോളേജ് തീരുമാനിച്ചത്.
ഹിജാബ് വിഷയത്തിൽ വിവാദം തുടരുന്നതിൽ ബിജെപി കേന്ദ്ര നേതൃത്വത്തിന് അതൃപ്തിയുണ്ടെന്ന വിവരങ്ങളും പുറത്തു വന്നു. വിഷയം രാജ്യാന്തര തലത്തിൽ ചർച്ചയാകുന്നതും പ്രധാനമന്ത്രിയുടെ പ്രതിഛായയ്ക്കു മങ്ങലേൽക്കുന്നതും ആണ് ബിജെപിയെ ചിന്തിപ്പിക്കുന്നത്.
വിവാദം തണുപ്പിക്കാൻ നടപടി വേണമെന്നു കർണാടക പാർട്ടി നേതൃത്വത്തോടു കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു നഗരത്തിലെ ഒരു കോളജിലുണ്ടായ വിഷയം രാജ്യാന്തര ചർച്ചയാകുംവിധം വളർന്നതിന് ഉത്തരവാദിത്തം മുഖ്യമന്ത്രിക്കെന്നാണു കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ.
മധ്യപ്രദേശിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഇന്ദർ സിങ് പർമാർ പറഞ്ഞിരുന്നു. എന്നാൽ, അത്തരമൊരു നടപടി ഉദ്ദേശിക്കുന്നില്ലെന്ന് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര ഉടൻ തിരുത്തി.
കഴിഞ്ഞ ഏതാനും വർഷങ്ങളിലെ മുസ്‌ലിംകളുമായി ബന്ധപ്പെട്ട പല സർക്കാർ നടപടികളും വിവാദമാകുകയും രാജ്യാന്തരതലത്തിൽ ചർച്ചയാവുകയും ചെയ്തിട്ടുണ്ട്. രാജ്യാന്തര വേദികളിൽ ഇന്ത്യ ഇതോടെ പ്രതിരോധത്തിലാകുന്ന സ്ഥിതിയായി.
ദേശീയ പതാകയെക്കുറിച്ചു വിവാദ പരാമർശം നടത്തിയ മന്ത്രി കെ.എസ്. ഈശ്വരപ്പയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് എംഎൽഎമാർ കർണാടക നിയമസഭയിൽ സമരത്തിലാണ്. പ്രശ്നങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രിക്കു സാധിക്കുന്നില്ലെന്ന വിലയിരുത്തലിലേക്കാണ് കാര്യങ്ങൾ എത്തുന്നതെന്നും അത് നേതൃത്വം ഗൗരവത്തോടെ കാണുന്നുവെന്നും പാർട്ടി വൃത്തങ്ങൾ സൂചിപ്പിച്ചു.
അതേസമയം, ഹിജാബ് വിഷയവുമായി ബന്ധപ്പെട്ട് ശശി തരൂർ നടത്തിയ റീട്വീറ്റിനെതിരെ കുവൈത്തിലെ ഇന്ത്യൻ എംബസി രംഗത്തുവന്നു. ബിജെപിക്കാരെ കുവൈത്തിലേക്ക് പ്രവേശിപ്പിക്കരുതെന്ന കുവൈത്തിലെ ചില എംപിമാരുടെ ആവശ്യവുമായി സംബന്ധിച്ച് കുവൈത്ത് സെന്റർ ഫോർ ഹ്യൂമൻ റൈറ്റ്സ് ആൻഡ് ഹ്യുമാനിറ്റേറിയൻ ലോ മേധാവി നടത്തിയ ട്വീറ്റ് ശശി തരൂർ പങ്കിടുകയായിരുന്നു.