NationalNews

'എല്ലാ അക്കൗണ്ടും ക്ലോസ് ചെയ്യണം'; എസ്ബിഐ, പിഎൻബി ബാങ്കുകളുമായുള്ള എല്ലാ ഇടപാടും അവസാനിപ്പിച്ച് കർണാടക സർക്കാർ

ബെംഗളൂരു: പൊതുഫണ്ട് ദുരുപയോഗം ചെയ്‌തെന്ന ആരോപണത്തിൻ്റെ പശ്ചാത്തലത്തിൽ കർണാടക സർക്കാർ പൊതുമേഖലാ ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ), പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) എന്നിവയുമായുള്ള എല്ലാ ഇടപാടുകളും താൽക്കാലികമായി നിർത്തിവയ്ക്കാൻ ബുധനാഴ്ച ഉത്തരവിട്ടു. ഈ രണ്ട് ബാങ്കുകളിലുമായി നിക്ഷേപിച്ച സർക്കാർ ഫണ്ടുകൾ ദുരുപയോഗം ചെയ്തെന്ന ആരോപണങ്ങൾക്ക് പിന്നാലെയാണ് സർക്കാർ നടപടി.

എല്ലാ സർക്കാർ വകുപ്പുകൾക്കും സർക്കാർ ഉടമസ്ഥതയിലുള്ള സംരംഭങ്ങൾക്കും ബോർഡുകൾക്കും കോർപ്പറേഷനുകൾക്കും സർക്കുലർ നൽകി. ഈ സ്ഥാപനങ്ങളിലുള്ള എല്ലാ നിക്ഷേപങ്ങളും പിൻവലിക്കുന്നതിന് പുറമെ ഈ ബാങ്കുകളിലെ എല്ലാ അക്കൗണ്ടുകളും ക്ലോസ് ചെയ്യാനും സംസ്ഥാന ധനകാര്യ വകുപ്പ് നിർദ്ദേശിച്ചു.

കർണാടകയിലെ ധനകാര്യ വകുപ്പ് സെക്രട്ടറി (ബജറ്റും റിസോഴ്‌സും) പി സി ജാഫറാണ് സർക്കുലർ പുറപ്പെടുവിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ക്ലോസ് ചെയ്ത അക്കൗണ്ടുകളുടെയും നിക്ഷേപങ്ങൾ പിൻവലിക്കുന്നതിൻ്റെയും വിശദാംശങ്ങൾ സഹിതം സംസ്ഥാന സർക്കാരിന് കംപ്ലയിൻസ് റിപ്പോർട്ട് സമർപ്പിക്കാൻ എല്ലാ വകുപ്പുകളോടും ധനവകുപ്പ് ഉത്തരവിട്ടിട്ടുണ്ട്.

കർണാടക ഇൻഡസ്ട്രിയൽ ഏരിയ ഡെവലപ്‌മെൻ്റ് ബോർഡ് (KIADB) 2012 നവംബറിൽ പിഎൻബിയുടെ രാജാജിനഗർ ശാഖയിൽ 25 കോടി നിക്ഷേപിച്ചിരുന്നു. നിക്ഷേപം  കാലാവധി ആയപ്പോൾ ബാങ്ക് തിരികെ നൽകിയത് 13 കോടി മാത്രമാണ്. ബാക്കി 12 കോടി ബാങ്ക് ഉദ്യോഗസ്ഥർ ദുരുപയോഗം ചെയ്തുവെന്നാണ് അറിയിച്ചത്.

2013ൽ കർണാടക സ്റ്റേറ്റ് മലിനീകരണ നിയന്ത്രണ ബോർഡ് (കെഎസ്പിസിബി) സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂരിൽ അവന്യൂ റോഡ് ശാഖയിൽ 10 കോടി നിക്ഷേപിച്ചു. എന്നാൽ, സർക്കാർ നിക്ഷേപം, വ്യാജരേഖകൾ ചമച്ച് സ്വകാര്യകമ്പനി എടുത്ത വായ്‌പയിൽ ഉൾപ്പെടുത്തിയെന്ന് ബാങ്ക് അധികൃതർ അവകാശപ്പെട്ടു. തുടർന്ന്, നിക്ഷേപം തിരികെ നൽകാൻ ബാങ്ക് വിസമ്മതിച്ചു. രണ്ട് ബാങ്കുകളുമായി ബന്ധപ്പെട്ട കേസുകൾ ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker