കര്‍ണാടകത്തിൽ ബന്ദ് തുടങ്ങി, ജാഗ്രതയിൽ പോലീസ്
ബെംഗളൂരു: തമിഴ്നാടിന് കാവേരി വെള്ളം വിട്ടുനൽകാനുള്ള ഉത്തരവിനെതിരെ കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ കര്‍ണാടക ജലസംരക്ഷണ സമിതി ബെംഗളൂരുവില്‍ ആഹ്വാനം ചെയ്ത ബന്ദ് തുടങ്ങി.
ചൊവ്വാഴ്ച രാവിലെ ആറു മുതലാണ് ബന്ദ് തുടങ്ങിയത്. ബന്ദിനെതുടര്‍ന്ന് അക്രമസംഭവങ്ങള്‍ ഒഴിവാക്കുന്നതിനായി ബെംഗളൂരു പോലീസ് നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച അര്‍ധരാത്രിവരെയാണ് ബെംഗളൂരു നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
അഞ്ചിലധികം ആളുകള്‍ കൂട്ടം കൂടരുതെന്നും ക്രമസമാധനം ഉറപ്പാക്കുമെന്നും എല്ലായിടത്തും പോലീസ് അതീവ ജാഗ്രത പുലര്‍ത്തുമെന്നും ബെംഗളൂരു സിറ്റി പോലീസ് കമീഷണര്‍ ബി.ദയാനന്ദ പറഞ്ഞു. വൈകിട്ട് ആറുവരെയാണ് ബന്ദ്. ബന്ദിനെ തുടര്‍ന്ന് ബെംഗളൂരുവില്‍ ഭൂരിഭാഗം സ്കൂളുകള്‍ക്കും കോളജുകള്‍ക്കും ചൊവ്വാഴ്ച അവധി നല്‍കിയിട്ടുണ്ട്. ബെംഗളുരുവിലെ ഓട്ടോ-ടാക്സി യൂണിയനുകളും സർക്കാർ, സ്വകാര്യ ബസ് യൂണിയനുകളും ഇന്നത്തെ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
#WATCH | Karnataka: Security forces deployed in Bengaluru's Whitefield as a Bandh has been called by various organizations, in Bengaluru, regarding the Cauvery water issue pic.twitter.com/19mrBYboiW
— ANI (@ANI) September 26, 2023
ഇന്ന് നടക്കുന്ന ബന്ദിനെ അനുകൂലിക്കുന്നില്ലെന്നും, സെപ്റ്റംബർ 29 ന് സംസ്ഥാനവ്യാപകമായി ബന്ദ് നടത്തുമെന്നും കന്നഡ ഒക്കൂട്ടയെന്ന കന്നഡഭാഷാ കൂട്ടായ്മയും വ്യക്തമാക്കി. കാവേരി പ്രശ്നത്തിൽ കർഷകസംഘടനകളും കന്നഡ ഭാഷാ സംഘടനകളും തമ്മിലുള്ള ഭിന്നതയാണ് ഇതോടെ മറനീക്കി പുറത്തുവരുന്നത്.
ഒല- ഊബർ ടാക്സി സർവീസുകളും ഹോട്ടൽ ഉടമകളുടെ സംഘടനകളും ഇന്നത്തെ ബന്ദിനെ പിന്തുണയ്ക്കില്ല. പകരം 29- തീയതി നടക്കുന്ന സംസ്ഥാനവ്യാപക ബന്ദിൽ പങ്കെടുക്കും. മെട്രോ, തീവണ്ടി സർവീസുകൾ മുടക്കം കൂടാതെ പ്രവർത്തിക്കുമെന്ന് നമ്മ മെട്രോ അധികൃതരും റെയിൽവേയും അറിയിച്ചിട്ടുണ്ട്.
ബിഎംടിസി, കര്‍ണാടക ആര്‍ടിസി ബസ് സര്‍വീസുകളും നടത്തുമെന്ന് ഗതാഗത മന്ത്രി അറിയിച്ചിട്ടുണ്ട്. ബെംഗളൂരു മജസ്റ്റിക്ക് ബസ് ടെര്‍മിനലില്‍നിന്ന് ഉള്‍പ്പെടെ രാവിലെ മുതല്‍ ജോലിക്കെത്തിയ ജീവനക്കാരെ ഉപയോഗിച്ചുകൊണ്ട് ബസ് സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ട്. സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങിയിട്ടുണ്ട്.
എന്നാല്‍, ബസ് സ്റ്റാന്‍ഡുകളില്‍ ആളുകളെത്തുന്നത് കുറവാണ്. മജസ്റ്റിക്ക് ബസ് സ്റ്റാന്‍ഡ് ഉള്‍പ്പെടെ വിജനമായ അവസ്ഥയാണ്. ഇന്നത്തെ ബന്ദിന് ബിജെപി, ജെഡിഎസ്, ആം ആദ്മി തുടങ്ങിയ പാര്‍ട്ടികള്‍ പിന്തുണക്കുന്നുണ്ട്.
#WATCH | Karnataka: Less number of passengers seen at Majestic Bus Station, Bengaluru because of the Bandh called by various organizations regarding the Cauvery water issue. pic.twitter.com/2LsqxAAHO9
— ANI (@ANI) September 26, 2023
ഇന്നലെയാണ് ചൊവ്വാഴ്ചത്തെ ബെംഗളുരു ബന്ദിനെ പിന്തുണക്കില്ലെന്ന് കന്നട അനുകൂല സംഘടനകളില്‍ ചിലര്‍ വ്യക്തമാക്കിയത്. അതേസമയം, വിവിധയിടങ്ങളില്‍ പ്രതിഷേധ പരിപാടി നടത്തുമെന്നും ഇവര്‍ അറിയിച്ചിട്ടുണ്ട്. ഇന്നലെയാണ് കന്നട അനുകൂല സംഘടനകള്‍ സെപ്തംബര്‍ 29ന് സംസ്ഥാന വ്യാപകമായി കര്‍ണാടക ബന്ദിന് ആഹ്വാനം ചെയ്തത്. ഒരാഴ്ച തന്നെ ബെംഗളൂരു നഗരത്തില്‍ രണ്ട് ബന്ദ് വരുന്നത് ജനജീവിതത്തെ സാരമായി ബാധിക്കും. സെപ്തംബര്‍ 29ന് കര്‍ണാട ബന്ദ് നടത്തുമെന്നും ഇന്നത്തെ ബന്ദിന് പിന്തുണക്കുന്നില്ലെന്നും കന്നട ഒക്കൂട്ട നേതാവ് വട്ടല്‍ നാഗരാജ് പറഞ്ഞു.
ഇതിനിടെ, ഇന്നത്തെ ബെംഗളൂരു ബന്ദിന്‍റെ പശ്ചാത്തലത്തില്‍ ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ള യാത്രക്കാര്‍ നേരത്തെ തന്നെ ശ്രമിക്കണമെന്ന് വിമാന കമ്പനികള്‍ നിര്‍ദേശം നല്‍കി.ബന്ദിനെതുടര്‍ന്ന് ആഭ്യന്തര ടെര്‍മിനലിലേക്ക് സാധാരണയില്‍നിന്ന് വ്യത്യസ്തമായി രണ്ടര മണിക്കൂര്‍ മുമ്പും രാജ്യാന്തര ടെര്‍മിനലിലേക്ക് മൂന്നര മണിക്കൂര്‍ മുമ്പും എത്താന്‍ ശ്രമിക്കണമെന്നാണ് ഇന്‍ഡിഗോയുടെ നിര്‍ദേശം.
വിസ്താര, ആകാശ, സ്പൈസ് ജെറ്റ് തുടങ്ങിയ മറ്റു വിമാന കമ്പനികളും ബന്ദിനെതുടര്‍ന്ന് നേരത്തെ തന്നെ യാത്ര ക്രമീകരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഒരാഴ്ചക്കിടെ ബെംഗളൂരുവില്‍ രണ്ടു തവണയും സംസ്ഥാന വ്യാപകമായി ഒരു തവണയും
ബന്ദ് നടത്തുന്നതിലൂടെ 4000ത്തിലധികം കോടിയുടെ സമ്പാത്തിക നഷ്ടമാണ് കര്‍ണാടക്കുണ്ടാകുകയെന്നാണ് വ്യവസായ മേഖലയിലെ വിദഗ്ധര്‍ പറയുന്നത്. രണ്ടു ബന്ദ് നടത്തുന്നതിനെ വിമര്‍ശിച്ച് ഇതിനോടകം പലരും രംഗത്തെത്തുകയും ചെയ്തു.