കൊച്ചി: കരിപ്പുര്‍ വിമാന അപകടത്തില്‍ തകര്‍ന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ പൈലറ്റുമാരില്‍ ഒരാള്‍ എയര്‍ ട്രാഫിക് കണ്‍ട്രോളറുമായി നടത്തിയ അവസാന ആശയവിനിമയത്തില്‍ അപകടത്തിന്റെയോ ആശങ്കയുടെയോ സൂചന ഇല്ലായിരുന്നുവെന്ന് ആഭ്യന്തര വ്യോമയാന ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തല്‍. റണ്‍വേയില്‍ അടുക്കുമ്പോള്‍ ഒരു പൈലറ്റില്‍ നിന്ന് ഉണ്ടാകുന്ന സാധാരണ ആശയവിനിമയം മാത്രമാണ് അവസാനമായി ഉണ്ടായതെന്ന് ആഭ്യന്തര വ്യോമയാന ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
പൈലറ്റിന്റെ ശബ്ദത്തില്‍ സമ്മര്‍ദമോ സംശയമോ ഉണ്ടായിരുന്നില്ല. അല്ലെങ്കില്‍ അത് എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ തിരിച്ചറിയുമായിരുന്നുവെന്നും വ്യോമയാന ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതേസമയം, പ്രധാന പൈലറ്റ് ആണോ സഹപൈലറ്റ് ആണോ സംസാരിച്ചതെന്നു തിരിച്ചറിഞ്ഞിട്ടില്ല. സാധാരണ വിമാന അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ അവസാനമായി നടക്കുന്ന ആശയവിനിമയമാണ് അന്വേഷണത്തില്‍ നിര്‍ണായകമാകുന്നത്.