തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ അസം സ്വദേശിനിയായ പതിമൂന്നുകാരി തസ്മിദ് തംസുമിനെ 26 മണിക്കൂറിന് ശേഷവും കണ്ടെത്താനായില്ല. കന്യാകുമാരി എക്സ്പ്രസിൽ കയറിയ തസ്മിദ് പിന്നെ എങ്ങോട്ട് പോയെന്ന് വിവരമില്ല. കുട്ടി കന്യാകുമാരിയിലെത്തി എന്നതിന് സ്ഥിരീകരണമില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്. ഓട്ടോ ഡ്രൈവറുടെ മൊഴി സ്ഥിരീകരിക്കാനായില്ലെന്ന് പൊലീസ് അറിയിച്ചു.
കന്യാകുമാരി റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയും വിഫലമായി. കുട്ടിയെ കണ്ടെത്താനായില്ല. സ്റ്റേഷന്റെ പോർട്ടിക്കോയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. കുട്ടി എവിടെ എന്നതില്‍ വ്യക്തമായ സൂചനകളില്ല.
പാറശ്ശാലയ്ക്കും കന്യാകുമാരിക്കും ഇടയിലെ മറ്റ് സ്റ്റേഷനുകളിലും പൊലീസ് ന്വേഷണം നടത്തുകയാണ്. കന്യാകുമാരിയിൽ പൊതു സ്ഥലങ്ങൾ കേന്ദ്രീകരിച്ചു പരിശോധന നടത്തും. കേരളാ അതിർത്തിക്ക് അപ്പുറം വ്യാപക പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു.
ഇന്നലെ ഉച്ചയ്ക്ക് 1.06 ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട ബാംഗ്ലൂർ – കന്യാകുമാരി ട്രെയിനിൽ കുട്ടി യാത്ര ചെയ്യുന്ന ഫോട്ടോ പൊലീസിന് ലഭിച്ചത് അന്വേഷണത്തിന് നിർണായകമായിരുന്നു. കുട്ടിയെ കണ്ട് സംശയം തോന്നിയ ഒരു വിദ്യാർത്ഥിനി നെയ്യാറ്റിൻകരയിൽ വെച്ച് പകർത്തിയ ചിത്രമാണ് പൊലീസിന് ലഭിച്ചത്. ട്രെയിനിൽ നിന്ന് തസ്മിദ് എവിടെ ഇറങ്ങി എന്നോ എങ്ങോട്ട് പോയെന്നോ സൂചന ഇല്ല.
കുട്ടിയെ കണ്ടെന്ന ഒരു ഓട്ടോ ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കന്യാകുമാരി റെയിൽവേ സ്റ്റേഷനും ബീച്ചും പോലീസ് അരിച്ചുപെറുക്കിയിട്ടും സൂചനകൾ ഒന്നും കിട്ടിയില്ല. കുട്ടി തന്റെ അടുക്കൽ എത്തിട്ടിട്ടില്ലെന്ന് ബംഗളൂരുവിലുള്ള സഹോദരനും അറിയിച്ചതോടെ അന്വേഷണം വഴിമുട്ടി. കന്യാകുമാരിയിൽ കുട്ടി എത്തിയെന്നത് വിവരം സ്ഥിരീകരിക്കാനാകില്ലെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
കന്യാകുമാരി റെയിൽവേ സ്റ്റേഷൻ അകത്തെ ദൃശ്യങ്ങളുടെ പരിശോധിച്ചെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. അതേസമയം, പാറശ്ശാലയ്ക്കും കന്യാകുമാരിക്കും ഇടയിലെ മറ്റ് സ്റ്റേഷനുകളിലേക്കും തെരച്ചിൽ വ്യാപകമാക്കുകയാണ് പൊലീസ്.