കണ്ണൂര്‍: കണ്ണൂരിലെ ഒന്നര വയസുകാരനെ അമ്മ കടല്‍ ഭിത്തിയില്‍ എറിഞ്ഞു കൊന്ന കേസില്‍ നാളെ കുറ്റപത്രം സമര്‍പ്പിക്കും. കുഞ്ഞിന്റെ അമ്മയായ ശരണ്യ ഒന്നാം പ്രതിയും ശരണ്യയുടെ കാമുകനായ നിധിന്‍ രണ്ടാം പ്രതിയുമാണ്. കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുക.
ഒന്നാം പ്രതിയായ ശരണ്യയ്ക്കെതിരെ കൊലപാതകവും ഗൂഢാലോചനക്കുറ്റവുമാണ് ചുമത്തിയത്. കേസിലെ രണ്ടാം പ്രതിയും ശരണ്യയുടെ കാമുകനുമായ നിധിനെതിരെ ഗൂഢാലോചനയും പ്രേരണകുറ്റവും ചുമത്തി. നിരവധി ശാസ്ത്രീയ തെളിവുകളാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത.
ശരണ്യയുടെ ഭര്‍ത്താവ് ഉള്‍പ്പെടെ അന്‍പത്തിയഞ്ചോളം സാക്ഷികളാണ് കേസിലുള്ളത്. ശരണ്യയുടെ വസ്ത്രങ്ങളില്‍ നിന്ന് കടല്‍വെള്ളത്തിന്റെ അംശം ലഭിച്ചതും പാറക്കെട്ടില്‍ നിന്ന്‌ചെരുപ്പുകള്‍ ലഭിച്ചതും കേസില്‍ നിര്‍ണ്ണായകമാകും. സംഭവം നടന്ന് മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.
ഇക്കഴിഞ്ഞഫെബ്രുവരി 17 നാണ് ഒന്നര വയസുകാരന്‍ വിയാന്റെ മൃതദേഹം തയ്യില്‍ കടല്‍ ഭിത്തിയില്‍ കണ്ടെത്തിയത്. തൊട്ടടുത്ത ദിവസം തന്നെ ശരണ്യയും ഒരാഴ്ചയ്ക്ക് ശേഷം നിധിനും അറസ്റ്റിലായി.കണ്ണൂര്‍ സിറ്റി സ്റ്റേഷന്‍ സി ഐയായ പി ആര്‍ സതീശനാണ് കേസ് അന്വേഷിച്ച് കുറ്റപത്രം തയ്യാറാക്കിയത്.