കോടികളുടെ വായ്പാ ബാധ്യത, ബംഗ്ലാവ് വിറ്റു, കങ്കണ നേരിടുന്ന പ്രശ്നം ചെറുതല്ല; 2024 ൽ സിനിമയുമില്ല,
മുംബൈ:ബോളിവുഡ് താരം കങ്കണ റണൗത്തിന് 2024 ഒരേ സമയം ഗുണവും ദോഷവുമുണ്ടായ വർഷമാണ്. 18ാം ലോക്സഭാ തെരഞ്ഞെടുപ്പിൽ എംപിയായി തെരഞ്ഞെടുക്കപ്പെട്ട കങ്കണയ്ക്ക് നല്ല തുടക്കമായിരുന്നു ജീവിതത്തിൽ ഈ വർഷം. 38ാം വയസിൽ ജീവിതത്തിൽ വന്ന വലിയ വഴിത്തിരിവ്. എന്നാൽ വലിയ സാമ്പത്തിക നഷ്ടം താരത്തിന് 2024 ൽ നേരിടേണ്ടി വന്നു. എമർജൻസി എന്ന ചിത്രം കങ്കണ റിലീസ് ചെയ്യാൻ തീരുമാനിച്ചത് 2024 ലാണ്.
കങ്കണ അഭിനയിച്ച് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിച്ചത് നടിയുടെ പ്രൊഡക്ഷൻ ഹൗസായ മണികർണിക ഫിലിംസ് ആണ്. മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായാണ് കങ്കണ എമർജൻസിയിലെത്തിയത്. അടിയന്തരാവസ്ഥക്കാലം പ്രമേയം. സിഖ് സംഘടനകളും രാഷ്ട്രീയ ശക്തികളും റിലീസിന് മുമ്പേ എമർജൻസിക്കെതിരെ രംഗത്ത് വന്നു. നടി ഇതൊന്നും കാര്യമാക്കാതെ മുന്നോട്ട് നീങ്ങി. ഈ വർഷം സെപ്റ്റംബർ ആറിനായിരുന്നു സിനിമ റിലീസ് ചെയ്യാനിരുന്നത്.
കങ്കണ പ്രൊമോഷണൽ ഇവന്റുകളിൽ പങ്കെടുക്കുകയും ചെയ്തതാണ്. എന്നാൽ സെൻസർ ബോർഡിന്റെ ഇടപെടലോടെ എമർജൻസിയുടെ റിലീസ് മുടങ്ങി. എമർജൻസി കങ്കണയ്ക്ക് സാമ്പത്തികമായി കൈ പൊള്ളിയ സിനിമയുമാണ്. റിലീസ് നീണ്ട് പോയത് സിനിമയ്ക്ക് പല ബുദ്ധിമുട്ടുകളുമുണ്ടാക്കി. പ്രൊഡക്ഷനുമായി ബന്ധപ്പെട്ട് സാമ്പത്തിക ഞെരുക്കം വന്നതോടെ മുംബൈെയിലെ തന്റെ ഒരു ബംഗ്ലാവ് കങ്കണ വിറ്റു. 20.7 കോടി രൂപയ്ക്ക് 2017 ൽ വാങ്ങിയ പ്രോപ്പർട്ടിയാണിത്. 32 കോടി രൂപയ്ക്കാണ് വിറ്റത്.
വിൽക്കാൻ കാരണമുണ്ട്. ഈ പ്രോപ്പർട്ടി ബാങ്കിൽ പണയം വെച്ച് 27 കോടി രൂപ കങ്കണ ലോൺ എടുത്തിരുന്നു എന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട്. എമർജൻസിക്ക് വേണ്ടിയായിരുന്നു ഇത്. സാമ്പത്തിക പ്രശ്നം വന്നതോടെ നടി ഇത് വിറ്റു. തന്റെ പ്രൊഡക്ഷൻ ഹൗസായ മണികർണിക ഫിലിംസിന്റെ ഓഫീസായി ഉപയോഗിക്കുകയായിരുന്നു കങ്കണ പാലി ഹില്ലിലുള്ള ഈ ബംഗ്ലാവ്.
2025 ൽ എമർജൻസി റിലീസ് ചെയ്യും. ഇത്രയും പ്രശ്നങ്ങൾ നേരിട്ട് സിനിമ തിയറ്ററിലെത്തിക്കുമ്പോൾ വിജയം മാത്രമാണ് കങ്കണയുടെ ലക്ഷ്യം. ഇന്നത്തെ സാഹചര്യത്തിൽ ഒരു ബോക്സ് ഓഫീസ് ഹിറ്റ് കങ്കണയ്ക്ക് അനിവാര്യമാണ്. 2024 ൽ കങ്കണയ്ക്ക് റിലീസുകളൊന്നുമില്ല. 2023 ൽ പുറത്തിറങ്ങിയ തേജസ്, ചന്ദ്രമുഖി 2 എന്നീ രണ്ട് സിനിമകളും കനത്ത പരാജയമായിയിരുന്നു.
ബോളിവുഡിലെ പ്രമുഖർ ഏറെക്കുറെ കങ്കണയെ കൈവിട്ട മട്ടാണ്. താരം ശക്തമായ തിരിച്ച് വരവ് നടത്തിയില്ലെങ്കിൽ കരിയർ നിലംപൊത്തും. അതേസമയം എമർജൻസി വിജയിച്ചാൽ ഒറ്റയ്ക്ക് സംവിധാനവും നിർമാണവും ഒപ്പം അഭിനയിക്കുകയും ചെയ്ത് ബി ടൗണിലെ പ്രബല ശക്തികളെ നേരിട്ടെന്ന ഖ്യാതി കങ്കണയ്ക്ക് ലഭിക്കും.
രാഷ്ട്രീയത്തിൽ കങ്കണയ്ക്ക് വിനയാകുന്നത് തുറന്നടിച്ചുള്ള സംസാരമാണ്. 2024 ജൂൺ മാസത്തിൽ സിഐഎസ്എഫ് ഓഫീസറായ വനിത എയർപോർട്ടിൽ വെച്ച് കങ്കണയുടെ മുഖത്തടിച്ചു. 2020 ൽ കർഷക സമരത്തിനെതിരെ നടി നടത്തിയ പ്രസ്താവനയായിരുന്നു കാരണം. കങ്കണയുടെ പല പരാമർശങ്ങളെയും സ്വന്തം പാർട്ടിയായ ബിജെപി പോലും അനുകൂലിക്കുന്നില്ല.