KeralaNews

ജാഗ്രതാ നിര്‍ദ്ദേശം നല്‍കുന്നത് ഉത്തരവാദിത്വമുള്ള ഇടയന്റെ കടമ, പാലാ ബിഷപ്പിനെ പിന്തുണച്ച് കാഞ്ഞിരപ്പള്ളി രൂപത

കോട്ടയം:പാലാ ബിഷപ്പിനെ പിന്തുണച്ച് കാഞ്ഞിരപ്പള്ളി രൂപത( Kanjirappally Diocese). ജാഗ്രതാ നിര്‍ദ്ദേശം നല്‍കുന്നത് ഉത്തരവാദിത്വമുള്ള ഇടയന്റെ കടമയാണ്. പാലാ ബിഷപ്പിനെ (pala bishop) അവഹേളിക്കുന്ന നടപടിയിൽ നിന്ന് പിന്തിരിയണംമെന്നും കാഞ്ഞിരപ്പള്ളി രൂപത പ്രസ്താവനയില്‍ പറഞ്ഞു.

അപകടസാധ്യതകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതും തനിക്കേല്‍പ്പിക്കപ്പെട്ടിരിക്കുന്നവരെ അപകടങ്ങളില്‍ നിന്ന് രക്ഷിക്കുന്നതും ഉത്തരവാദിത്വബോധമുള്ള അജപാലകന്റെ കടമയാണ്. അനാവശ്യമായ മാധ്യമ വിചാരണയിലൂടെയും സംഘടിത നീക്കങ്ങളിലൂടെയും അഭിവന്ദ്യ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പിതാവിനെയും സഭയെയും അവഹേളിക്കുവാനുള്ള നീക്കങ്ങളില്‍ നിന്നും തത്പരകക്ഷികള്‍ പിന്തിരിയണമെന്നും കാഞ്ഞിരപ്പള്ളി രൂപത ആവശ്യപ്പെട്ടു.

കാഞ്ഞിരപ്പള്ളി രൂപതാ വികാരി ജനറാളുമാരായ ഫാ.ജോസഫ് വെള്ളമറ്റം, ഫാ.ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ രൂപതയില്‍ നിന്നുള്ള വൈദികരുടെ പ്രതിനിധിസംഘം പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പിതാവിനെ സന്ദര്‍ശിച്ചു. രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍, രൂപതാ മുന്‍ മേലധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ എന്നിവരുടെ കഴിഞ്ഞ ദിവസങ്ങളിലെ സന്ദര്‍ശനത്തിന്റെ തുടര്‍ച്ചയായാണ് കാഞ്ഞിരപ്പള്ളിയില്‍ നിന്നുള്ള വിവിധ പ്രതിനിധിസംഘങ്ങള്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ സന്ദര്‍ശിക്കുന്നത്.

ആശങ്കകള്‍ പരിഹരിക്കുന്നതിന് പകരം ഭീഷണിയിലൂടെ വായ് മൂടിക്കെട്ടാന്‍ ശ്രമിക്കുന്നത് ജനാധിപത്യ മര്യാദകള്‍ക്ക് ചേരുന്നതല്ല. ഒരു സമുദായത്തെയും മതവിഭാഗത്തെയും അപകീര്‍ത്തിപ്പെടുത്താതെ സംഘടിത സാമൂഹ്യവിരുദ്ധപ്രവര്‍ത്തനങ്ങളെക്കുറിച്ച് സൂചന നല്‍കി എന്നതിന്റെ പേരില്‍ മതസ്പര്‍ദ്ധയ്ക്ക് കാരണക്കാരനാക്കി കല്ലറങ്ങാട്ട് പിതാവിനെ ചിത്രീകരിക്കുന്നത് ഗൂഢതാല്പര്യങ്ങളുടെ സൃഷ്ടിയാണ്. അഭിവന്ദ്യ പിതാവ് ഉന്നയിച്ച വിഷയങ്ങളുടെ ഗൗരവം തമസ്‌കരിച്ച് വിവാദം സൃഷ്ടിക്കുന്നവര്‍ കേരളത്തിന്റെ മതസൗഹാര്‍ദ്ദത്തെയും സാമുദായിക ഐക്യത്തെയും തകര്‍ക്കുന്ന അപകടത്തിലേയ്ക്കാണ് നാടിനെ എത്തിക്കുന്നത്. ആശങ്കകളെ ദൂരീകരിക്കുകയും യാഥാര്‍ത്ഥ്യ ബോധത്തോടെ വിഷയങ്ങളെ സമീപിക്കുകയും ചെയ്യുന്ന ചര്‍ച്ചകള്‍ക്ക് പകരം സത്യത്തിനു പുറംതിരിഞ്ഞുനിന്നുകൊണ്ട് വിവാദമുണ്ടാക്കി അത് ആളിക്കത്തിക്കുന്നതിനുള്ള ശ്രമങ്ങളില്‍ നിന്നും നിക്ഷിപ്ത താല്‍പര്യക്കാര്‍ പിന്തിരിയണമെന്നും കാഞ്ഞിരപ്പള്ളി രൂപത വൈദിക പ്രതിനിധിസംഘം ആവശ്യപ്പെട്ടു.

പാല രൂപതാ സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍, വികാരി ജനറാളുമാരായ ഫാ. എബ്രഹാം കൊല്ലിത്താനത്തുമലയില്‍, ഫാ. ജോസഫ് മലേപ്പറമ്പില്‍, ഫാ. ജോസഫ് തടത്തില്‍, ഫാ. സെബാസ്റ്റ്യന്‍ വേത്താനത്ത്, പ്രൊക്യുറേറ്റര്‍ ഫാ. ജോസ് നെല്ലിക്കത്തെരുവില്‍ എന്നിവരുമായും പ്രതിനിധിസംഘം ആശയവിനിമയം നടത്തി കാഞ്ഞിരപ്പള്ളി രൂപതയുടെ ഐക്യദാര്‍ഢ്യം അറിയിച്ചു.

കത്തീദ്രല്‍ വികാരി ആര്‍ച്ച്പ്രീസ്റ്റ് ഫാ. വര്‍ഗീസ് പരിന്തിരിക്കല്‍, വിവിധ ഫൊറോന വികാരിമാരെ പ്രതിനിധീകരിച്ച് ഫാ. ജോസ് മാത്യു പറപ്പള്ളില്‍, ഫാ. തോമസ് മുണ്ടിയാനിക്കല്‍, ഫാ. വര്‍ഗീസ് പുതുപ്പറമ്പില്‍ എന്നിവര്‍ക്കൊപ്പം ഫാ. ജോസഫ് കുഴിക്കാട്ട്, ഫാ. ജോസ് മാറാമറ്റം, ഫാ.മാര്‍ട്ടിന്‍ വെള്ളിയാംകുളം, ഫാ. സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍, വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളെ പ്രതിനിധീകരിച്ച് ഫാ. ഫിലിപ്പ് വട്ടയത്തില്‍, ഫാ. അഗസ്റ്റിന്‍ പുതുപ്പറമ്പില്‍, ഫാ. വര്‍ഗീസ് കൊച്ചുപുരയ്ക്കല്‍. ഫാ. ജസ്റ്റിന്‍ മതിയത്ത്, ഫാ. സ്റ്റാന്‍ലി പുള്ളോലിക്കല്‍, എന്നിവരാണ് പ്രതിനിധിസംഘത്തിലുണ്ടായിരുന്നത്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker