ആലപ്പുഴ: കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിൽ താൻ നിരപരാധി ആണെന്ന് യു പ്രതിഭ എംഎൽഎയുടെ മകൻ കനിവ്. സോഷ്യൽ മീഡിയയിലൂടെ ആയിരുനനു കനിവ് നിരപരാധിയാണെന്ന് വ്യക്തമാക്കി രംഗത്ത് എത്തിയത്. തന്റെ ചിത്രം ഉപയോഗിച്ച് പലരും വ്യാജവാർത്ത പ്രചരിപ്പിക്കുകയാണെന്നും കനിവ് പ്രതികരിച്ചു.
വാർത്തകൾ പ്രചരിച്ചതിന് പിന്നാലെ എനിക്ക് ഒരുപാട് ഫോൺ കോളുകൾ വരുന്നുണ്ട്. എന്റെ കയ്യിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തിട്ടില്ല. അത്തരം വാർത്തകൾ തെറ്റാണ്. എന്റെ ഫോട്ടോ വച്ച് പലരും വ്യാജ വാർത്ത പ്രചരിപ്പിക്കുകയാണെന്നും കനിവ് പ്രതികരിച്ചു.
മാദ്ധ്യമ വാർത്തകൾ നിഷേധിച്ച് സോഷ്യൽ മീഡിയ വഴി പ്രതിഭയും രംഗത്ത് എത്തിയിരുന്നു. മകന്റെ പക്കൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തിട്ടില്ലെന്നും മകൻ നിരപരാധി ആണെന്നും ആയിരുന്നു പ്രതിഭ പറഞ്ഞത്. എംഎൽഎ ആയതിനാൽ വാർത്തയ്ക്ക് മൈലേജ് ഉണ്ടാകാൻ മകന്റെ പേരും ചിത്രവും ഉപയോഗിച്ചു.
കൂട്ടുകാരുടെ കൂടെ ഇരുന്നപ്പോൾ അവനെ എക്‌സൈസ് ചോദ്യം ചെയ്യുക മാത്രമാണ് ഉണ്ടായത്. ലഹരിയ്‌ക്കെതിരെ പോരാടുന്ന സ്ത്രീയും പൊതുപ്രവർത്തകയുമാണ് താനെന്നും പ്രതിഭ പറഞ്ഞിരുന്നു.
ഇന്നലെ രാത്രിയാണ് തകഴി പാലത്തിന് താഴെ നിന്നും കനിവ് ഉൾപ്പെടെ ഒൻപത് പേരെ എക്‌സൈസ് അറസ്റ്റ് ചെയ്തത്. ലഹരി ഉപയോഗം സംബന്ധിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്ത് എക്‌സൈസ് എത്തുകയായിരുന്നു. മഫ്തിയിൽ എത്തിയ എക്‌സൈസ് നടത്തിയ പരിശോധനയിൽ ഇവരുടെ പക്കൽ നിന്നും കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്.
അതേസമയം ജാമ്യം ലഭിക്കുന്ന വകുപ്പുകൾ ആണ് എക്‌സൈസ് കനിവിനെതിരെ ചുമത്തിയിരുന്നത് എന്നാണ് ആക്ഷേപം. ഇതേ തുടർന്ന് രാത്രിതന്നെ കനിവിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുക ആയിരുന്നു.