ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മൂന്ന് സീറ്റുകളിലേക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. കനയ്യകുമാര്‍ നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലാണ് മത്സരിക്കുക. ബിജെപിയുടെ മനോജ് തിവാരിയാണ് ഇവിടെ എതിരാളി. മണ്ഡലത്തില്‍ മത്സരം പൊടിപാറുമെന്ന് ഉറപ്പാണ്. അതേസമയം പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നി ജലന്ധറില്‍ നിന്നും മത്സരിക്കും.
കനയ്യ കുമാര്‍ ഇത് രണ്ടാമത്തെ തിരഞ്ഞെടുപ്പിലാണ് മത്സരിക്കുന്നത്. കഴിഞ്ഞ ബീഹാറിലെ ബെഗുസരയില്‍ നിന്ന് സിപിഐക്ക് വേണ്ടിയായിരുന്നു അദ്ദേഹം മത്സരിച്ചത്. കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗിനോടാണ് അദ്ദേഹം തോറ്റത്. 2021ലാണ് അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
മനോജ് തിവാരി നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ നിന്ന് രണ്ട് തവണ വിജയിച്ച് എംപിയായതാണ്. 2019ല്‍ മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിതിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. അതേസമയം വെറ്ററന്‍ നേതാവ് ജയ് പ്രകാശ് അഗര്‍വാളിനെ ചാന്ദ്‌നി ചൗക്കില്‍ നിന്നാണ് കോണ്‍ഗ്രസ് മത്സരിപ്പിക്കുന്നത്.
1984, 1989, 1996 വര്‍ഷങ്ങളില്‍ അഗര്‍വാള്‍ ഈ മണ്ഡലത്തില്‍ നിന്ന് വിജയിച്ചിട്ടുണ്ട്. നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയില്‍ ഉദിത് രാജ് മത്സരിക്കും. ഇയാള്‍ മുന്‍ ബിജെപി നേതാവാണ്. 2014ല്‍ ഈ സീറ്റ് ബിജെപിയില്‍ നിന്ന് വിജയിച്ചതാണ് അദ്ദേഹം. എഎപിയുമായുള്ള ധാരണ പ്രകാരം കോണ്‍ഗ്രസ് ഡല്‍ഹിയില്‍ മൂന്ന് സീറ്റിലാണ് മത്സരിക്കുന്നത്.
ഡല്‍ഹിക്ക് പുറമേ പഞ്ചാബിലെ ആറ് സീറ്റിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ചരണ്‍ജിത്ത് ചന്നി നേരത്തെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച രണ്ട് സീറ്റിലും പരാജയപ്പെട്ടിരുന്നു. ചംകോര്‍ സാഹിബിലും ബദോറിലുമാണ് അദ്ദേഹം മത്സരിച്ചത്.
അമൃത്സറില്‍ ഗുര്‍ജീത്ത് സിംഗ് ഓജ്‌ല, ഫത്തേഗഡ് സാഹിബില്‍ അമര്‍ സിംഗ്, ഭട്ടിന്‍ഡയില്‍ ജീത്ത് മോഹീന്ദര്‍ സിംഗ് സിദ്ദു, സംഗ്രൂരില്‍ സുഖ്പാല്‍ സിംഗ് ഖായിറ, പട്യാലയില്‍ ധരംവീര്‍ ഗാന്ധി എന്നിവര്‍ മത്സരിക്കും. അതേസമയം ഉത്തര്‍പ്രദേശിലെ അലഹബാദില്‍ ഉജ്ജ്വല്‍ രേവതി രമണ്‍ സിംഗ് മത്സരിക്കും.