
ചെന്നൈ: ∙ ഒരു ഭാഷയ്ക്കുവേണ്ടി ജീവൻ ത്യജിച്ചവരാണ് തമിഴരെന്നും അതുകൊണ്ട് അക്കാര്യത്തിൽ കളിക്കാൻ നിൽക്കരുതെന്നും കമൽ ഹാസൻ. മക്കൾ നീതി മയ്യത്തിന്റെ (എംഎൻഎം) എട്ടാം സ്ഥാപക ദിനത്തിൽ ചെന്നൈയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കുട്ടികൾക്കു പോലും ഏത് ഭാഷയാണ് വേണ്ടതെന്ന് അറിയാം. ഏതു ഭാഷയാണ് വേണ്ടതെന്ന് തിരഞ്ഞെടുക്കാനുള്ള അറിവ് അവർക്കുണ്ടെന്നും കമൽ ഹാസൻ പറഞ്ഞു.
‘‘വളരെ വൈകി രാഷ്ട്രീയത്തിൽ പ്രവേശിച്ചത് ഒരു പരാജയമായി എനിക്ക് തോന്നുന്നുണ്ട്. 20 വർഷം മുൻപ് ഞാൻ രാഷ്ട്രീയത്തിൽ പ്രവേശിച്ചിരുന്നെങ്കിൽ, എന്റെ പ്രസംഗവും നിലപാടും വ്യത്യസ്തമാകുമായിരുന്നു. ഈ വർഷം പാർട്ടിയുടെ ശബ്ദം പാർലമെന്റിൽ കേൾക്കും. അടുത്ത വർഷം അത് സംസ്ഥാന നിയമസഭയിൽ മുഴങ്ങും.’’ – കമൽ ഹാസൻ പറഞ്ഞു.
2026ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള തയാറെടുപ്പുകൾ ആരംഭിക്കാൻ അദ്ദേഹം പ്രവർത്തകരോട് ആഹ്വാനം ചെയ്തു. ഇന്ന് നമുക്ക് 8 വയസ്സായി, ഒരു കുട്ടിയെപ്പോലെ വളർന്നുവരുന്നുവെന്നും പാർട്ടിയുടെ വളർച്ചയെപ്പറ്റി കമൽ ഹാസൻ പറഞ്ഞു.