National

‘ആധുനിക ഇന്ത്യ കെട്ടിപ്പടുത്തത് അംബേദ്കറിന്റെ ആശയങ്ങൾ’, അമിത് ഷായ്ക്ക് വിമര്‍ശനവുമായി കമൽഹാസൻ

ന്യൂഡല്‍ഹി: അംബേദ്കറെക്കുറിച്ചുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വിവാദ പരാമര്‍ശത്തില്‍ പ്രതിഷേധം വ്യാപകമാകുന്നതിനിടെ പ്രതികരണവുമായി മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ ഹാസന്‍. ആധുനിക ഇന്ത്യ കെട്ടിപ്പടുത്തതിന് പിന്നില്‍ അംബേദ്കറിന്റെ ആശയങ്ങളാണ്. അംബേദ്കറിന്റെ കാഴ്ചപ്പാടുകളിൽ വിശ്വസിക്കുന്നവർ‌ ആ മഹാന്റെ പൈതൃകത്തെ കളങ്കപ്പെടുത്താൻ അനുവദിക്കില്ലെന്ന് കമൽ ഹാസൻ പറഞ്ഞു. എക്സിലൂടെയാണ് നടൻ പ്രതികരണം നടത്തിയത്.

ആധുനിക ഇന്ത്യ കെട്ടിപ്പടുത്തതിന് പിന്നില്‍ അംബേദ്കറിന്റെ ആശയങ്ങളാണ്. വിദേശ ശക്തികളില്‍ നിന്ന് ഗാന്ധിജി ഇന്ത്യയെ സ്വതന്ത്രമാക്കിയപ്പോള്‍ അംബേദ്കര്‍ ഇന്ത്യയുടെ പുരാതനമായ സാമൂഹിക അനിതീയുടെ ചങ്ങലകളില്‍ നിന്ന് മോചിപ്പിച്ചു. എല്ലാവരും തുല്യരായി ജനിക്കുന്ന സ്വതന്ത്ര ഇന്ത്യ എന്ന ബാബാസാഹിബിൻ്റെ കാഴ്ചപ്പാടിൽ അഭിമാനത്തോടെ വിശ്വസിക്കുകയും അതിനായി പോരാടുകയും ചെയ്യുന്ന ഓരോ ഇന്ത്യക്കാരനും ആ മഹാൻ്റെ പൈതൃകത്തെ കളങ്കപ്പെടുത്താൻ ഒരിക്കലും അനുവദിക്കില്ല.- കമൽഹാസൻ എക്സിൽ കുറിച്ചു.

ഈ ആശയങ്ങള്‍ വികാരങ്ങള്‍ വ്രണപ്പെടുത്തി ദുരുപയോഗം ചെയ്യുന്നതിന് പകരം പുരോഗതിക്ക് പ്രചോദനമാവുകയാണ് വേണ്ടത്. ഭരണഘടനയുടെ 75-ാം വാര്‍ഷികവേളയില്‍ അംബേദ്കറിന്റെ ആശയങ്ങളുടെ ചര്‍ച്ചകളും സംവാദങ്ങളും പാര്‍ലമെന്റില്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യസഭയിലാണ് അമിത്ഷാ വിവാദ പരാമര്‍ശം നടത്തിയത്. ‘അംബേദ്കര്‍, അംബേദ്കര്‍, അംബേദ്കര്‍… എന്ന് പറയുന്നത് ഇപ്പോള്‍ ഒരു ഫാഷനായി മാറിയിരിക്കുന്നു. ഇങ്ങനെ പറയുന്നതിന് പകരം ദൈവത്തിന്റെ പേര് ഇത്ര തവണ പറഞ്ഞിരുന്നെങ്കില്‍ അവര്‍ക്ക് സ്വര്‍ഗത്തില്‍ ഇടം ലഭിക്കുമായിരുന്നു’ പ്രതിപക്ഷ ബഹളത്തിനിടെ അമിത് ഷാ പറയുകയുണ്ടായി. ഇതാണ് വിവാദത്തിന് വഴിവെച്ചത്.

മനുസ്മൃതിയെ പിന്തുടരുന്നവര്‍ക്ക് സ്വാഭാവികമായും അംബേദ്കറെക്കൊണ്ട് പ്രശ്‌നമുണ്ടാകുമെന്നാണ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അമിത് ഷായുടെ പരാമര്‍ശത്തോട് പ്രതികരിച്ചത്. പാര്‍ലമെന്റിന് പുറത്ത് രാഹുലും മറ്റു പ്രതിപക്ഷം എംപിമാരും അംബേദ്കറുടെ ചിത്രങ്ങളുയര്‍ത്തി പ്രതിഷേധവും നടത്തി. എന്നാല്‍ വിദ്വേഷ നുണകള്‍ പരത്തി അവര്‍ മുമ്പ് ചെയ്ത ദുഷ്പ്രവൃത്തികള്‍ മറയ്ക്കാന്‍ കഴിയുമെന്ന തെറ്റിദ്ധാരണയാണ് കോണ്‍ഗ്രസിനെന്ന് അമിത് ഷായെ പ്രതിരോധിച്ചു കൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker