BusinessKeralaNews

കഴിഞ്ഞ 25 വർഷമായി വ്യവസായം നടത്തുന്ന തനിക്കു ഒരു പ്രയാസവും കേരളത്തിൽ ഇതുവരെ നേരിട്ടിട്ടില്ലെന്ന് കല്യാൺ പട്ടാഭിരാമൻ,മികച്ച നിക്ഷേപ സാഹചര്യമെന്നു വ്യവസായികൾ, പ്രതിഛായ വീണ്ടെടുക്കാൻ സർക്കാർ

തിരുവനന്തപുരം:വ്യവസായ മേഖലയിൽ വഴിത്തിരിവ് കുറിക്കുന്ന മാറ്റമാണ് എൽ ഡി എഫ് സർക്കാരിന് കീഴിൽ ഉണ്ടായതെന്ന് വ്യവസായ വാണിജ്യ രംഗത്തെ പ്രമുഖർ. വ്യവസായ മന്ത്രി പി രാജീവുമായി ആശയവിനിമയത്തിനുള്ള സൗകര്യമൊരുക്കി ഫിക്കി കേരള ഘടകം സംഘടിപ്പിച്ച യോഗത്തിലാണ് ഈ അഭിപ്രായമുയർന്നത്.
നിക്ഷേപത്തിന് അനുകൂലമായ ഒട്ടേറെ സാഹചര്യങ്ങൾ ഉള്ള സംസ്ഥാനമാണ് കേരളമെന്ന് അധ്യക്ഷത വഹിച്ച ഫിക്കി കേരള കോ ചെയർമാൻ ദീപക് ആശ്വിനി പറഞ്ഞു.

നൈപുണ്യ മികവുള്ള തൊഴിലാളികൾ, മെച്ചപ്പെട്ട മനുഷ്യശേഷി, അടിസ്ഥാന സൗകര്യങ്ങൾ, കമ്മ്യൂണിക്കേഷൻ സൗകര്യങ്ങൾ, വൈദ്യുതി നിരക്കിലെ കുറവ് തുടങ്ങിയ ഘടകങ്ങൾ ഏറെ അനുകൂല സാഹചര്യമൊരുക്കുന്നു. ഐ ടി, ഭക്ഷ്യ, കാർഷികോല്പന്ന വ്യവസായം, പ്ളാന്റേഷൻ , എം എസ എം ഇ വ്യവസായമേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ കേരളത്തിന് കഴിയുന്നുണ്ട്. വ്യവസായ അനുമതികൾ ഏക ജാലക സംവിധാനത്തിലൂടെ നൽകുന്ന കെ സ്വിഫ്റ്റ് പുതിയ സംരംഭങ്ങൾ എളുപ്പമാക്കുന്നു. ഈസ് ഓഫ് ഡൂയിങ് ബിസിനസ്സ് റാങ്കിങ് മെച്ചപ്പെടുത്താനുള്ള സർക്കാർ ശ്രമങ്ങളോട് പൂർണമായും സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ കഴിഞ്ഞ 25 വർഷമായി വ്യവസായം നടത്തുന്ന തനിക്കു ഒരു പ്രയാസവും ഇതുവരെ നേരിട്ടിട്ടില്ല എന്ന് കല്യാൺ സിൽക്‌സ് ചെയർമാൻ കൂടിയായ ടി എസ് പട്ടാഭിരാമൻ പറഞ്ഞു. സർക്കാരിൽ നിന്ന് പൂർണ സഹകരണമാണ് ലഭിച്ചത്. പരാതികൾ ഉന്നയിക്കപ്പെട്ടാൽ അവ ഉടനടി പരിഹരിക്കുന്നതിന് സംവിധാനം ഉണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിന്റെ വ്യവസായ വികസനത്തിന് എല്ലാവരുടെയും കൂട്ടായ്മ രൂപപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. ക്രിയാത്മക നിർദേശങ്ങൾ സർക്കാർ സ്വാഗതം ചെയ്യും. തർക്ക പരിഹാരത്തിനായി ഏർപ്പെടുത്തുന്ന സംവിധാനത്തെക്കുറിച്ച് ബന്ധപ്പെട്ട എല്ലാവരുമായും ചർച്ച നടത്തും. വ്യാവസായിക ആവശ്യത്തിനായുള്ള ഭൂമി വിനിയോഗത്തിനു ഏകീകൃത നയം ഉണ്ടാക്കും. ഇതിന്റെ കരട് റിപ്പോർട്ട് സർക്കാരിന് ലഭിച്ചിട്ടുണ്ട്. സ്ഥാപനങ്ങളിൽ പരിശോധനക്കായി കേന്ദ്രീകൃത സംവിധാനത്തിന് രൂപം നൽകും.

വ്യവസായ പ്രോത്സാഹനത്തിനായി തദ്ദേശ സ്ഥാപനങ്ങൾക്ക് പുരസ്കാരം ഏർപ്പെടുത്തുന്ന കാര്യം തദ്ദേശ വകുപ്പുമായി ചർച്ച ചെയ്യും. സ്ഥാപന പരിശോധനക്ക് വേണ്ടിയുള്ള പരാതികളിൽ കഴമ്പുണ്ട് എന്ന് വകുപ്പ് ഇതിനായി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥന് ബോധ്യപ്പെട്ടാൽ മാത്രമേ പരിശോധനക്ക് അനുമതി നൽകൂ. കാലഹരണപ്പെട്ട ചട്ടങ്ങളിൽ മാറ്റം വരുത്തും. നിക്ഷേപകരുടെയും വ്യവസായികളുടെയും നിർദേശങ്ങൾ ഉൾക്കൊണ്ടു ഏതു മാറ്റങ്ങൾക്കും സന്നദ്ധമാണെന്നും മന്ത്രി പറഞ്ഞു.

ഓൺലൈനായി നടന്ന സംവാദ പരിപാടിയിൽ ഫിക്കി അംഗങ്ങളും വിവിധ ചേംബർ ഓഫ് കൊമേഴ്‌സ്, സംഘടനാ ഭാരവാഹികളും നിർദേശങ്ങൾ അവതരിപ്പിച്ചു. വ്യവസായ വികസന മാസ്റ്റർ പ്ലാൻ രൂപീകരിക്കുക, തർക്ക പരിഹാര മേൽനോട്ടത്തിന് നോഡൽ ഓഫീസറെ നിയമിക്കുക, വിലനിർണയ അതോറിറ്റി രൂപീകരിക്കുക, തദ്ദേശ സ്ഥാപന ജീവനക്കാർക്ക് പരിശീലനം നൽകുക തുടങ്ങി ഒട്ടേറെ നിർദേശങ്ങളും ഉയർന്നു വന്നു. സർക്കാർ തുടർന്ന് സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പിന്തുണയുണ്ടാകുമെന്ന് ഫിക്കി ഉറപ്പു നൽകി.

വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ ഇളങ്കോവൻ, കെ എസ് ഐ ഡി സി എം ഡി എം ജി രാജമാണിക്യം തുടങ്ങിയവരും പങ്കെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker