CrimeKeralaNews

രാധാകൃഷ്ണന്റെ ഭാര്യയുമായി അടുപ്പം; സൗഹൃദം തകർന്നതിൽ സന്തോഷിന് പക; കൈതപ്രം കൊലപാതകത്തിൽ വിശദാംശങ്ങള്‍ പുറത്ത്‌

കണ്ണൂർ: കൈതപ്രത്ത് ഗുഡ്‌സ് ഓട്ടോ ഡ്രൈവറായ രാധാകൃഷ്ണനെ വെടിവെച്ച് കൊലപ്പെടുത്തിയതിന് കാരണം ഇദ്ദേഹത്തിൻ്റെ ഭാര്യയുമായുള്ള പ്രതിയുടെ സൗഹൃദം തകർന്നതിന്റെ പകയിലാണെന്ന് എഫ്.ഐ.ആർ. സന്തോഷും കൊല്ലപ്പെട്ട രാധാകൃഷ്ണൻ്റെ ഭാര്യയും സഹപാഠികളായിരുന്നു. കുടുംബപ്രശ്നങ്ങൾ മൂലം രാധാകൃഷ്ണൻ്റെ ഭാര്യയും സന്തോഷും തമ്മിലെ സൗഹൃദം മുറിഞ്ഞത് കൊലപാതകത്തിലേക്ക് നയിച്ചുവെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ.

വ്യാഴാഴ്ച വൈകീട്ട് ആറരയോടെയാണ് ക്രൂരമായ കൊലപാതകം നടന്നത്‌. കൊല്ലപ്പെട്ട രാധാകൃഷ്ണന്റെ പുതുതായി പണിയുന്ന വീട്ടിൽവെച്ചായിരുന്നു സംഭവം. കൊലപ്പെടുത്തുന്നതിന് മുമ്പും ശേഷവും സന്തോഷ് സാമൂഹിക മാധ്യമങ്ങളിൽ ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തിരുന്നു.

വെടിയൊച്ച കേട്ട് പ്രദേശവാസികൾ വീടിനടുത്തേക്ക് പോയപ്പോഴാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന രാധാകൃഷ്ണനെ കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസ് ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി തിരച്ചിൽ നടത്തിയപ്പോഴാണ് പ്രദേശത്തുനിന്ന് സന്തോഷിനെ കണ്ടെത്തുന്നത്. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം. രാധാകൃഷ്ണന്റെ വീടിന്റെ നിർമ്മാണ പ്രവൃത്തി നടത്തിയത് സന്തോഷ് ആണെന്നാണ് ലഭിക്കുന്ന വിവരം.

രാധാകൃഷ്ണന്റെ നെഞ്ചിലായിരുന്നു വെടിയേറ്റത്. നാടൻ തോക്കാണ് കൊലപാതകത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഇതിന് ലൈസൻസ് ഉണ്ടോ എന്ന കാര്യം വ്യക്തമല്ല. പ്രദേശത്ത് കർഷക രക്ഷാസേന എന്ന സേന രൂപീകരിച്ചിട്ടുണ്ട്. മലയോര മേഖലയിൽ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലുക എന്നതാണ് കൂട്ടായ്മയുടെ ലക്ഷ്യം. ഇതിൽ തോക്കിന് ലൈസൻസുള്ളവരും ഇല്ലാത്തവരും ഉണ്ട്. സന്തോഷിന് തോക്ക് ലൈസൻസ് ഇല്ല എന്നാണ് വ്യക്തമാകുന്നത്.

വൈകിട്ട് 4.23-ന് സന്തോഷ് തോക്കേന്തി നിൽക്കുന്ന ഒരു ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ‘കൊള്ളിക്കുക എന്നത് ആണ് ടാസ്ക്. കൊള്ളിക്കും എന്നത് ഉറപ്പ്’ എന്ന അടിക്കുറിപ്പോടെ തോക്കേന്തി നിൽക്കുന്ന ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന് ശേഷമാണ് ഇയാൾ കൊല നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം.

വൈകിട്ട് 7:27-ന് മറ്റൊരു പോസ്റ്റും കൂടി ഇയാൾ ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്. ‘നിന്നോട് ഞാൻ പറഞ്ഞത് അല്ലെട എന്റെ പെണ്ണിനെ ഒന്നും ചെയ്യരുത് എന്ന്…. എന്റെ ജീവൻ പോയാൽ ഞാൻ സഹിക്കും പക്ഷെ എന്റെ പെണ്ണ്.. നിനക്ക് മാപ്പില്ല’ എന്നായിരുന്നു രണ്ടാമത്തെ പോസ്റ്റ്.

രാവിലെ 9:52-ന് മറ്റൊരു പോസ്റ്റും ഇയാൾ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ‘ചില തീരുമാനം ചിലപ്പോൾ മനസ്സിൽ ഉറപ്പിച്ചിട്ടായിരിക്കും. നമ്മൾ അത് മനസിലാക്കാൻ വൈകി പോകും. അവസാനഘട്ടത്തിൽ പോലും മനസിലാകാതെ വന്നാൽ കൈവിട്ടു പോകും. നമ്മുടെ നില നമ്മൾ തന്നെ മനസ്സിലാക്കണം. അത് മനസിലാക്കാതെ വന്നാൽ ചിലപ്പോൾ നമുക്ക് നമ്മളെ തന്നെ നഷ്ടം ആകും. ആരെയും ഒറ്റപ്പെടുത്താതിരിക്കുക കൂടെ നിർത്തുക പറ്റുന്നിടത്തോളം. ചുരുങ്ങിയ ജീവിതത്തിൽ ആർക്കും ശല്യം ആകാതെ ഇരിക്കുക. നമ്മുടെ സാന്നിധ്യം ശല്യം ആകുന്നവർക്ക് മുന്നിൽ പോകരുത് അവർ നമ്മളെ ഒരിക്കലും കാണരുത്’- എന്നായിരുന്നു പോസ്റ്റ്.

രാധാകൃഷ്ണൻ ബി.ജെ.പിയുടെ സജീവ പ്രവർത്തകനായിരുന്നു. ഇയാളുടെ ഭാര്യ ബി.ജെ.പി. ജില്ലാ കമ്മിറ്റിയംഗമാണ്. സന്തോഷ് അവിവാഹിതനാണ്. രാധാകൃഷ്ണനും ഭാര്യയ്ക്കും രണ്ട് മക്കളുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker