ചിത്ര വാങ്ങിത്തന്ന സ്ഥലം വിറ്റപ്പോള്‍ ലഭിച്ചത് 60 ലക്ഷത്തോളം രൂപ, ഗായികയെ കുറിച്ച് കൈതപ്രം
കൊച്ചി:നടനായും ഗാനരചയിതാവായും മലയാളത്തില്‍ ശ്രദ്ധേയനായ പ്രതിഭയാണ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. കെെതപ്രം രചിച്ച ഗാനങ്ങളെല്ലാം തന്നെയും മലയാളികളുടെ പ്രിയപ്പെട്ടവയായി മാറിയിരുന്നു. മുന്‍നിര സംഗീത സംവിധായകര്‍ക്ക് വേണ്ടിയെല്ലാം നിരവധി സിനിമകളിലാണ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി പാട്ടുകള്‍ എഴുതിയത്. സിനിമകളില്‍ ഇപ്പോള്‍ അത്ര സജീവമല്ലെങ്കിലും അദ്ദേഹത്തിന്‌റെ പാട്ടുകളെല്ലാം തന്നെ ഇന്നും പ്രേക്ഷക മനസുകളില്‍ നിന്നും മായാതെ നില്‍ക്കുന്നു.
സംഗീത രംഗത്തെ സമഗ്ര സംഭാവനകള്‍ക്ക് കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക് പത്മശ്രീ ലഭിച്ചിരുന്നു. കൈതപ്രത്തിന് പുറമെ മലയാളത്തിന്റെ വാനമ്പാടി കെഎസ് ചിത്രയ്ക്കും ആവര്‍ഷം പദ്മഭൂഷന്‍ പുരസ്‌കാരവും ലഭിച്ചിരുന്നു. കൈതപ്രത്തിന്റെ വരികളില്‍ നിരവധി സിനിമകളില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുളള ഗായികയാണ് കെഎസ് ചിത്ര.
ഇവരുടെ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മിക്ക ഗാനങ്ങളും ശ്രദ്ധേയമായിരുന്നു. അതേസമയം ചിത്രയ്ക്ക് വേണ്ടി പാട്ടുകള്‍ എഴുതിയതിനെ കുറിച്ചും ഗായികയ്‌ക്കൊപ്പമുളള മറ്റ് അനുഭവങ്ങളും ഗൃഹലക്ഷിക്ക് നല്‍കിയ അഭിമുഖത്തില്‍ കെെതപ്രം മനസുതുറന്നിരുന്നു. ചിത്ര തനിക്ക് അനിയത്തിയെ പോലെയാണെന്ന് കൈതപ്രം പറയുന്നു. അഞ്ചോ ആറോ വയസുളളപ്പോള്‍ ആകാശവാണി തിരുവനന്തപുരം നിലയത്തിലേക്ക് സംഗീത സംവിധായകന്‍ എംജി രാധാകൃഷ്ണന്‌റെ കൈപിടിച്ചുവന്ന ചിത്രയാണ് ഇന്നും തന്റെ ഓര്‍മ്മകളില്‍ ഉളളതെന്നും അദ്ദേഹം പറയുന്നു.
താനും സംഗീത സംവിധായകന്‍ വിദ്യാസാഗറും ചിത്രക്ക് വേണ്ടി ഒരു അയ്യപ്പഭക്തിഗാന ആല്‍ബം ചെയ്തതിനെ കുറിച്ചും അഭിമുഖത്തില്‍ കൈതപ്രം പറഞ്ഞു. അന്ന് തനിക്ക് പ്രതിഫലമായി മദ്രാസില്‍ ചിത്ര രണ്ട് ഗ്രൗണ്ട് സ്ഥലം വാങ്ങിത്തന്നിരുന്നു. 1980ലോ മറ്റോ ആണത്. നാട്ടില്‍ വീടെടുക്കുമ്പോള്‍ വേണമെങ്കില്‍ ഇത് വിറ്റ് കാശ് വാങ്ങാം എന്ന് ചിത്ര പറയുകയും ചെയ്തു.
ആ സ്ഥലം ഞാന്‍ 20 വര്‍ഷം സൂക്ഷിച്ച ശേഷമാണ് കൊടുത്തതെന്നും കെെതപ്രം പറഞ്ഞു. ഏകദേശം അറുപത് ലക്ഷത്തോളം രൂപ ലഭിച്ചു. എന്നെ സംബന്ധിച്ച് എന്റെ അനിയത്തി ചെയ്തുതന്ന കരുതലായിരുന്നു അത്. അഭിമുഖത്തില്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി പറഞ്ഞു. അതേസമയം സംഗീത സംവിധായകന്‍, എഴുത്തുകാരന്‍, മ്യൂസിക്ക് തെറാപ്പിസ്റ്റ് എന്നീ മേഖലകളിലും പ്രവര്‍ത്തിച്ചിരുന്നു കൈതപ്രം.
എന്നെന്നും കണ്ണേട്ടന്‌റെ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം മലയാളത്തില്‍ തുടക്കം കുറിച്ചത്. മികച്ച ഗാനരചയിതാവിനുളള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം രണ്ട് തവണ കൈതപ്രം നേടിയിരുന്നു. ഒരുകാലത്ത് മോളിവുഡിലെ തിരക്കേറിയ ഗാനരചിയാതക്കളില്‍ ഒരാള്‍ കൂടിയായിരുന്നു കൈതപ്രം. കൂടാതെ മഴവില്ലിനറ്റം വരെ എന്ന സിനിമ സംവിധാനം ചെയ്യുകയും ചെയ്തിരുന്നു അദ്ദേഹം.