കൊച്ചി: കടകംപള്ളിയുടെ ഭാര്യ വിലക്ക് ലംഘിച്ച് ഗുരുവായൂരില്‍ ദര്‍ശനം നടത്തിയ സംഭവം, കേസെടുക്കാന്‍ ഹൈക്കോടതിയുടെ ഉത്തരവ് . ബിജെപി സംസ്ഥാന സെക്രട്ടറി എ. നാഗേഷ് നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് നടപടി. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കെയാണ് മന്ത്രി പത്‌നിയും മരുമകളും ക്ഷേത്രത്തിലെ നാലമ്പലത്തിനകത്തേയ്ക്ക് പ്രവേശിച്ചത് . നവംബര്‍ 26ന് പുലര്‍ച്ചെയായിരുന്നു മന്ത്രി പത്‌നിയും മരുമകളും വിലക്ക് മറികടന്ന് ക്ഷേത്രത്തില്‍ പ്രവേശിച്ചത്. കഴകക്കാര്‍ക്കും കീഴ്ശാന്തിമാര്‍ക്കും പ്രവര്‍ത്തി സമയങ്ങളിലൊഴിച്ച് പ്രവേശന വിലക്കുള്ളപ്പോഴായിരുന്നു മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി മന്ത്രി പത്നിയും കുടുംബാംഗങ്ങളും ക്ഷേത്രത്തില്‍ പ്രവേശിച്ചത്. ഭക്തര്‍ക്ക് പ്രവേശന വിലക്ക് നിലനില്‍ക്കെ നാലമ്പലത്തിനുള്ളില്‍ പ്രവേശിച്ചത് ആചാര ലംഘനത്തിന് ഇടയാക്കിയെന്ന ആരോപണവും ഉയര്‍ന്നിരുന്നു.
പുലര്‍ച്ചെ മൂന്നു മണിക്ക് ശേഷമാണ് ദേവസ്വം ചെയര്‍മാന്‍ അഡ്വ.കെ.ബി. മോഹന്‍ദാസ്, ഭരണസമിതി അംഗങ്ങളായ കെ.വി. ഷാജി, കെ. അജിത്, ദേവസ്വം കമ്മീഷണര്‍ പി. വേണുഗോപാല്‍ അദ്ദേഹത്തിന്റെ ഭാര്യ മീന, ദേവസ്വം ചെയര്‍മാന്റെ ഭാര്യാ സഹോദരി തുടങ്ങിയവരോടൊപ്പം മന്ത്രിപത്‌നിയും മരുമകളും നാലമ്പലത്തിനകത്തേക്ക് പ്രവേശിച്ചത്. സോപാനപ്പടിക്കരികിലും, വാതില്‍മാടത്തിലുമായി ഒരുമണിക്കൂറിലധികം ചെലവഴിച്ച ശേഷമാണ് ഇരുവരും മടങ്ങിയത്.