അമേരിക്ക നിയന്ത്രണം ഏറ്റെടുത്തു; കാബൂള്‍ വിമാനത്താവളം വീണ്ടും തുറന്നു
കാബൂള്‍: ജനക്കൂട്ടം നിയന്ത്രണാതീതമായതോടെ അടച്ച കാബൂള്‍ അന്താരാഷ്ട്ര വിമാനത്താവളം വീണ്ടും തുറന്നു. ചൊവ്വാഴ്ച പുലര്‍ച്ചയോടെ വിമാനത്താവളത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായി അമേരിക്കന്‍ സൈനിക ജനറല്‍ ഹാങ്ക് ടെയ്ലര്‍ അറിയിച്ചു. സൈനികരുമായി സി-17 വിമാനം കാബൂള്‍ വിമാനത്താവളത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ഇറങ്ങി. സൈനികരുമായുള്ള രണ്ടാമത്തെ വിമാനം ഉടന്‍ തന്നെ ഇവിടേയ്ക്ക് എത്തുമെന്നും അദ്ദേഹം അറിയിച്ചു. വിമാനത്താവളത്തിന്റെ സുരക്ഷയ്ക്കായാണ് സൈന്യത്തെ എത്തിക്കുന്നത്.
തിങ്കളാഴ്ച ജനങ്ങള്‍ തള്ളിക്കയറിയതോടെയാണ് വിമാനത്താവളം അമേരിക്ക അടച്ചത്. അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ നിയന്ത്രണത്തിലല്ലാത്ത ഏക പ്രദേശമാണ് കാബൂള്‍ വിമാനത്താവളം. അമേരിക്കന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള ഈ വിമാനത്താവളം അഫ്ഗാനിസ്ഥാനില്‍നിന്നു പുറത്തേക്കുള്ള ഏക മാര്‍ഗമാണ്. വിമാനത്താവളത്തിനു പുറത്ത് പ്രവേശനം കാത്ത് പതിനായിരങ്ങളാണു നില്‍ക്കുന്നത്.
അഫ്ഗാനിസ്ഥാന്‍ താലിബാന്‍ ഭീകരര്‍ പിടിച്ചടക്കിയതോടെ രാജ്യത്തുനിന്നും പുറത്തുകടക്കാന്‍ ജനങ്ങള്‍ വഴിതേടുകയായിരുന്നു. തിങ്കളാഴ്ച കാബൂള്‍ വിമാ നത്താവളത്തില്‍ ആയിരങ്ങളാണു രാജ്യം വിടാന്‍ എത്തിയത്. ബസുകളില്‍ കയറുന്നതുപോലെയായിരുന്നു റണ്‍വേയില്‍ കിടന്ന വിമാനങ്ങളില്‍ കയറിപ്പറ്റാന്‍ ജനം തിരക്കുകൂട്ടിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. നിരവധി പേര്‍ റണ്‍വേയിലൂടെ പരക്കംപായുന്നുണ്ടായിരുന്നു.
യുഎസ് വിമാനത്തിന്റെ ചിറകില്‍ പിടിച്ചുകിടന്നു രക്ഷപ്പെടാന്‍ ശ്രമിച്ച മൂന്നു പേര്‍ വിമാനം പറന്നുയര്‍ന്നതോടെ താഴേക്കു വീണു മരിക്കുന്നതിന്റെ ദാരുണ ദൃശ്യവും പുറത്തുവന്നു. കാബൂളിലെ ജനവാസ മേഖലയിലെ വീടിനു മുകളിലാണ് ഇവര്‍ വീണത്. കാബൂളിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജനക്കൂട്ടം നിയന്ത്രണാതീതമായതോടെ യുഎസ് സൈനികര്‍ ആകാശത്തേക്കു വെടിയുതിര്‍ത്തു. വിമാനത്താവളത്തിലെ തിക്കിലും തിരക്കിലുംപെട്ട് ഏഴു പേര്‍ മരിച്ചതായി യുഎസ് സൈനികവൃത്തങ്ങള്‍ അറിയിച്ചു.
അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ ഇന്ത്യന്‍ ഉദ്യോഗസ്ഥരെയും നയതന്ത്ര പ്രതിനിധികളെയും തിരിച്ചെത്തിക്കാന്‍ വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റര്‍ വിമാനം ഇന്നലെ വൈകുന്നേരം കാബൂളിലെത്തി. നയതന്ത്ര പ്രതിനിധികളും സുരക്ഷാ ഉദ്യോഗസ്ഥരുമടക്കം അഞ്ഞൂറോളം ഇന്ത്യക്കാരാണ് അഫ്ഗാനിലുള്ളത്.
രാത്രിയോടെ കാബൂളില്‍നിന്നു വ്യോമസേനാ വിമാനം ഇന്ത്യയിലേക്കു തിരിച്ചു. രണ്ടു ദിവസത്തിനകം തങ്ങളുടെ ആയിരത്തിയഞ്ഞൂറിലധികം പൗരന്മാരെ അഫ്ഗാനിസ്ഥാനി ല്‍നിന്ന് ഒഴിപ്പിക്കുമെന്ന് ബ്രിട്ടീഷ് ഡിഫന്‍സ് സെക്രട്ടറി ബെന്‍ വാലസ് പറഞ്ഞു. അഫ്ഗാനില്‍നിന്നുള്ള ആദ്യ വിമാനം ഇന്നലെ യുകെയിലെത്തി.