Featuredhome bannerKeralaNews

വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ്:കെ വിദ്യയെ ഇന്ന് നീലേശ്വരം പൊലീസ് ചോദ്യം ചെയ്യും

കാസർകോട്: കരിന്തളം ഗവൺമെന്റ് കോളേജിൽ വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടിയെന്ന കേസിൽ കെ വിദ്യയെ ഇന്ന് നീലേശ്വരം പൊലീസ് ചോദ്യം ചെയ്യും. വിദ്യയോട് ഇന്ന് നേരിട്ട് സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് നിർദ്ദേശം നൽകിയിരുന്നു.

കരിന്തളം ഗവൺമെന്റ് കോളേജിൽ വ്യാജ രേഖ നൽകി ഗസ്റ്റ് ലക്ചർ നിയമനം നേടിയ കേസിലാണ് നീലേശ്വരം പൊലീസിന്റെ അന്വേഷണം. മഹാരാജാസ് കോളേജിന്റെ പേരിലുള്ള വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റാണ് വിദ്യ കരിന്തളം ഗവൺമെന്റ് കോളേജിൽ സമർപ്പിച്ചിരുന്നത്.

വിദ്യ ഏത് സമയത്ത് നീലേശ്വരം പൊലീസിന് മുന്നിൽ ഹാജരാകുമെന്നതിൽ വ്യക്തത ഇല്ല. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നീട്ടി വയ്ക്കാനുള്ള സാധ്യതയുമുണ്ട്. എന്നാൽ അസൗകര്യമുണ്ടെന്ന് വിദ്യ ഇതുവരെ അന്വേഷണ സംഘത്തെ അറിയിച്ചിട്ടില്ല.

മഹാരാജാസ് കോളേജിലെ വ്യാജ പ്രവർത്തിപരിചയ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ കേസിൽ കെ വിദ്യക്ക് ഇന്നലെ മണ്ണാർക്കാട് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. വ്യാജ രേഖയുണ്ടാക്കിയതായി വിദ്യ കുറ്റസമ്മത മൊഴി നൽകിയതായി പ്രോസിക്യൂഷൻ മണ്ണാർക്കാട് കോടതിയെ അറിയിച്ചു. വിദ്യയെ അറസ്റ്റ് ചെയ്യാതിരുന്ന നീലേശ്വരം പോലീസ് മൂന്ന് ദിവസത്തിനകം ഹാജരാകാൻ നിർദേശിച്ചു.

വ്യാജരേഖയുടെ അസ്സൽ പകർപ്പ് വിദ്യ നശിപ്പിച്ചതായാണ് പ്രോസിക്യൂഷൻ പറയുന്നത്. ഈ മൊഴിയുടെ ആധികാരികത പരിശോധിക്കണം. മൊബൈൽ ഫോണിൽ വ്യാജ രേഖ നിർമ്മിച്ച് അവ അക്ഷയ സെന്ററിലേക്ക് മെയിൽ അയക്കുകയായിരുന്നെന്നും പോലീസ് വ്യക്തമാക്കി.

തുടർന്ന് പ്രിന്റെടുത്ത ശേഷം അതിന്റെ പകർപ്പ് അട്ടപാടി കോളേജിൽ നൽകി.  പിടിക്കപ്പെട്ടുവെന്ന് മനസ്സിലായപ്പോൾ അട്ടപ്പാടി ചുരത്തിൽ 
ആദ്യം എടുത്ത പ്രിന്റ് കീറി കളഞ്ഞു. കരിന്തളം കോളേജിൽ തന്നേക്കാൾ യോഗ്യത ഉള്ള ആൾ അഭിമുഖത്തിന് എത്തിയിരുന്നതിനാൽ 
ജോലി കിട്ടില്ലെന്ന് തോന്നിയത് കൊണ്ട് വിദ്യ വ്യാജ രേഖ നിർമ്മിക്കുകയായിരുന്നു എന്ന് പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. 

എന്നാൽ അറസ്റ്റിൽ നടപടിക്രമങ്ങൾ പാലിച്ചില്ലെന്നതും ആരോഗ്യം, സ്ത്രീ, പ്രായം എന്നീ പരിഗണനകൾ നൽകണം തുടങ്ങിയ വിദ്യയുടെ വാദം കോടതി പരിഗണിച്ചു. ഇരു കൂട്ടരുടേയും വാദം കേട്ട കോടതി വിദ്യക്ക്  കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു.

ഒരു കാരണവശാലും കേരളം വിട്ടുപോകരുതെന്നടക്കം നിബന്ധനയുണ്ട്. 7 വർഷത്തിൽ താഴെ  തടവു ലഭിക്കുന്ന കുറ്റത്തിന് തിരക്കിട്ട് അറസ്റ്റ് വേണ്ടെന്നതടക്കമുള്ള സുപ്രീം കോടതി വിധി പ്രതിഭാഗം ചൂണ്ടിക്കട്ടി.

അതേസമയം കരിന്തളം കേസിൽ വിദ്യയെ അറസ്റ്റ് ചെയ്യാൻ മണ്ണാർക്കാട് കോടതി നീലേശ്വരം പൊലീസിന് അനുമതി  നൽകി. എന്നാൽ വിദ്യയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് മൂന്ന് ദിവസത്തിനകം ഹാജരാകാൻ ആവശ്യപ്പെട്ടതായി പോലീസ് അറിയിച്ചു. കോടതിയിൽ നിന്നും പുറത്തിറങ്ങിയ വിദ്യ പ്രതികരിച്ചില്ല.

കരിന്തളം കോളേജിൽ സമർപ്പിച്ച അതെ വ്യാജ രേഖ തന്നെയാണ് വിദ്യ അട്ടപ്പാടിയിലും നൽകിയത്. മൊബൈൽ ഫോണിൽ വ്യാജ രേഖ ഉണ്ടാക്കിയ രീതി വിദ്യ പോലീസിന് വിവരിച്ചു. അതിന്റെ വീഡിയോ ദൃശ്യം പോലീസ് കോടതിയിൽ നൽകി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker