KeralaNews

‘സരിത നടത്തിയ ചായക്കുറിയില്‍ ഒരു നറുക്ക് ചേര്‍ന്നവരാണ് എല്ലാവരും’; വിമർശിച്ച് കെടി ജലീല്‍

കൊച്ചി: സരിത നായരുടെ വെളിപ്പെടുത്തലുകളിൽ ഒരാളും ഇതുവരെ കേസ് കൊടുക്കാൻ പോലും തയ്യാറായിട്ടില്ലെന്ന് വ്യക്തമാക്കി കെ ടി ജലീൽ. സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ് നടത്തിയ ആരോപണങ്ങൾക്ക് പിന്നാലെ താൻ പൊലീസിൽ പരാതി നൽകിയിരുന്നു.

എന്നാൽ, സരിതയുടെ ആരോപണങ്ങൾക്ക് പിന്നിൽ ആരും പ്രതികരിക്കാൻ തയ്യാറായിട്ടില്ല എന്നാണ് കെ ടി ജലീൽ പറയുന്നത്. ഇതിനുകാരണം സരിത നടത്തിയ ചായക്കുറിയില്‍ ഒരു നറുക്ക് ചേര്‍ന്നവരാണ് അവര്‍ എല്ലാവരും.

കേസ് കൊടുത്താൽ കുടുങ്ങും എന്ന് ഉറപ്പുള്ളത് കൊണ്ടാണ് ആരും സരിത നായർക്കെതിരെ കേസ് കൊടുക്കാൻ തയ്യാറാകാത്തതും കെ ടി ജലീൽ പറഞ്ഞു. സ്വപ്ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ ഇപ്പോൾ എഫ് ഐ ആർ ഇട്ട് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് വഴിയാണ് പ്രതികരണവുമായി കെ ടി ജലീൽ രംഗത്ത് വന്നത്.

കെ ടി ജലീലിന്റെ വാക്കുകൾ:-

‘സരിതയുടെ വെളിപ്പെടുത്തലിന്റെ വെളിച്ചത്തില്‍ ഒരാളും ഒരു കേസും ഒരിടത്തും കൊടുത്തില്ല. കാരണം സരിത നടത്തിയ ചായക്കുറിയില്‍ ഒരു നറുക്ക് ചേര്‍ന്നവരാണ് എല്ലാവരും. പരാതി കൊടുത്ത് അന്വേഷണം വന്നാല്‍ കുടുങ്ങുമെന്ന് അവര്‍ക്കുറപ്പാണ്. എന്നാല്‍ സ്വപ്ന നടത്തിയ ജല്‍പ്പനങ്ങള്‍ക്കെതിരെ ഞാന്‍ പോലീസില്‍ പരാതി നല്‍കി.

പോലീസ് എഫ് ഐ ആര്‍ ഇട്ട് അന്വേഷണവും തുടങ്ങി. കാരണം ആരുടെ കുറിയിലും ഒരു നറുക്കും ഞങ്ങളാരും ചേര്‍ന്നിട്ടില്ല. ഏത് കേന്ദ്ര സംസ്ഥാന ഏജന്‍സികള്‍ അന്വേഷിച്ചാലും ഒരു ചുക്കും കണ്ടെത്താന്‍ കഴിയില്ല എന്ന് 101% എനിക്കുറപ്പാണ്. അവനവനെ വിശ്വാസമുള്ളവര്‍ക്ക് ആരെപ്പേടിക്കാന്‍?’

അതേസമയം, സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തൽ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കെ ടി ജലീൽ എം എൽ എ രംഗത്ത് വന്നത് ജൂൺ 8 നായിരുന്നു. സ്വപ്ന സുരേഷിന്റെ ആരോപണത്തിന് പിന്നിൽ വലിയ രീതിയിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ട്.

ഇതിന് പിന്നിൽ ആരാണെന്നത് മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ഇടതുപക്ഷമുന്നണി സർക്കാറിനെ അസ്ഥിരപ്പെടുത്താൻ യു ഡി എഫും ബി ജെ പിയും ഒരുമിച്ച് ശ്രമിക്കുകയാണെന്നും കെ ടി ജലീൽ നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു. തുടർന്ന് ജലീലിന്റെ പരാതിയിൽ ഇരുവർക്കും എതിരെ പൊലീസ് കേസെടുത്തിരുന്നു. 153, 120 ബി എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. കേസിലെ ഒന്നാം പ്രതി സ്വപ്ന സുരേഷും രണ്ടാംപ്രതി പി സി ജോർജുമാണ്. ശേഷം, കെ ടി ജലീൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എഫ് ഐ ആറും പുറത്തു വന്നിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉന്നയിച്ച പുതിയ ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയെന്ന് എഫ് ഐ ആറിലൂടെ വ്യക്തമാക്കുന്നു. മുൻ എം എൽ എ പി സി ജോർജും സ്വപ്ന സുരേഷും ചേർന്ന് ആസൂത്രിത കലാപം സൃഷ്ടിക്കാൻ വേണ്ടിയാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചതെന്ന് എഫ് ഐ ആറിൽ വ്യക്തമാക്കുന്നുണ്ട്. രണ്ടുമാസം മുമ്പാണ് ഇത് സംബന്ധിച്ച ഗൂഢാലോചന പി സിയുമായി സ്വപ്ന നടത്തിയത്. പ്രതിപക്ഷ പാർട്ടികളെ തെറ്റിദ്ധരിപ്പിച്ച് ആസൂത്രിത ശ്രമിച്ചു എന്നും എഫ് ഐ ആറിൽ പറയുന്നുണ്ട്.

കെ ടി ജലീൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സ്വപ്ന സുരേഷിനെയും പി സി ജോർജിനെയും അന്വേഷണ സംഘം ഉടൻ ചോദ്യം ചെയ്തേക്കും. ഇതിന് പിന്നാലെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്യാൻ തയ്യാറെടുക്കുന്നത്. അതേസമയം, പരാതിക്കാരനായ കെ ടി ജലീലിന്റെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും. കേസിന്റെ മേൽനോട്ടം വഹിക്കുന്ന ക്രൈംബ്രാഞ്ച് മേധാവിയുമായി അന്വേഷണ ഉദ്യോഗസ്ഥനായ എസ് പി തുടർ നടപടികൾ ചർച്ച ചെയ്യുമെന്നാണ് വിവരം.

ഗൂഢാലോചന കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും പി സി ജോർജിനെയും നേരിട്ട് വിളിച്ചു വരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘം നിശ്ചയിച്ചിരിക്കുന്നത്. വരുന്ന തിങ്കളാഴ്ചയോട് കൂടി തന്നെ തുടർ നടപടികൾ ആരംഭിക്കാനാണ് അന്വേഷണ സംഘത്തിന് തീരുമാനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker