KeralaNews

ബി.ജെ.പിയുടെ ജനകീയ മുഖം, എതിരാളികളുടെ പേടി സ്വപ്നം, സുരേന്ദ്രന്റെ വരവോടെ കേരളഘടകത്തിൽ പുതു യുഗപ്പിറവി

കോഴിക്കോട്: ജനകീയ സമരങ്ങളിലൂടെ കേരളത്തിന് സുപരിചിതനായ ബിജെപി നേതാവാണ് കെ. സുരേന്ദ്രന്‍. തുടര്‍ച്ചയായ പത്തുവര്‍ഷമായി ബിജെപിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് കെ. സുരേന്ദ്രന്‍. 

കോഴിക്കോട് ഉള്ളിയേരിയിലെ കര്‍ഷകകുടുംബമായ കുന്നുമ്മല്‍ വീട്ടില്‍ കുഞ്ഞിരാമന്റെയും കല്ല്യാണിയുടെയും മകനായി 1970 മാര്‍ച്ച് 10നാണ് കെ. സുരേന്ദ്രന്‍ ജനിച്ചത്. സ്‌കൂള്‍ പഠനകാലത്ത് എബിവിപിയിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്തേക്ക് എത്തുന്നത്. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജില്‍ നിന്ന് രസതന്ത്രത്തില്‍ ബിരുദം നേടിയ അദ്ദേഹം എബിവിപിയുടെ സജീവപ്രവര്‍ത്തകനായി മാറി. പിന്നീട് മുഴുവന്‍ സമയപ്രവര്‍ത്തകനായി.

കെ.ജി. മാരാര്‍ജിയുടെ നിര്‍ദ്ദേശത്തെതുടര്‍ന്ന് ഭാരതീയ ജനതാ യുവമോര്‍ച്ചയുടെ മുഴുവന്‍ സമയപ്രവര്‍ത്തകനായി. യുവമോര്‍ച്ച വയനാട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നീ ചുമതലകള്‍ വഹിച്ചു.

 
യുവമോര്‍ച്ചയുടെ സംസ്ഥാന അദ്ധ്യക്ഷനായ ശേഷമാണ് കെ. സുരേന്ദ്രന്‍ എന്ന പേര് കേരള രാഷ്ട്രീയത്തില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. ഉജ്ജ്വലമായ സമരപോരാട്ടങ്ങളിലൂടെ കേരളത്തില്‍ മാറി മാറി വന്ന ഇടതുവലതു മുന്നണികളെ അദ്ദേഹം സമ്മര്‍ദ്ദത്തിലാക്കി.

യുവജന നേതാവെന്ന രീതിയിലുള്ള സുരേന്ദ്രന്റെ പ്രവര്‍ത്തനം രാഷ്ട്രീയത്തിനതീതമായ പ്രശംസയും നേടി കൊടുത്തു. കോവളം കൊട്ടാരം സമരം, കേരളാ യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് ഗ്രേഡ് അഴിമതിക്കെതിരായ സമരം, ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ്, മലബാര്‍ സിമന്റ്‌സ് അഴിമതി, സോളാര്‍ തട്ടിപ്പ് തുടങ്ങിയ അഴിമതികള്‍ക്കെതിരെ സമരം നയിച്ച സുരേന്ദ്രന്‍ കേരളത്തിലെ തെരുവുകളില്‍ അഗ്‌നി പടര്‍ത്തി.

യുവമോര്‍ച്ചയില്‍ നിന്നും ബിജെപിയിലെത്തിയ അദ്ദേഹം പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി പദവിയിലും മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. 
യുവതീ പ്രവേശന വിധിയെത്തുടര്‍ന്ന് ഇടതുസര്‍ക്കാര്‍ ശബരിമലയില്‍ ഭക്തര്‍ക്കുനേരെ നടത്തിയ ക്രൂരതയ്‌ക്കെതിരെയും കെ. സുരേന്ദ്രന്റെ ശബ്ദമുയര്‍ന്നു. ശബരിമല ദര്‍ശനത്തിനെത്തിയ കെ. സുരേന്ദ്രനെ പോലീസ് അറസ്റ്റു ചെയ്ത് ജയിലിലടച്ചു.

ജാമ്യം നല്‍കാതെ അദ്ദേഹത്തെ 22 ദിവസമാണ് ജയിലിലടച്ചത്. ഇതോടെ സുരേന്ദ്രന്‍ അയ്യപ്പവിശ്വാസികളുടെ പ്രിയങ്കരനായി മാറി. 
ലോക്‌സഭയിലേക്ക് കാസര്‍കോട് മണ്ഡലത്തില്‍ നിന്നും രണ്ടുതവണയും നിയമസഭയിലേക്ക് മഞ്ചേശ്വരത്ത് നിന്നും രണ്ട് തവണയും മത്സരിച്ച സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് 89 വോട്ടിനാണ് പരാജയപ്പെട്ടത്. 2019 ലോകസഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ മത്സരിച്ച് മൂന്ന് ലക്ഷത്തോളം വോട്ട് പിടിച്ച് ഇടതു-വലത് മുന്നണികളെ ഞെട്ടിക്കാന്‍ കെ. സുരേന്ദ്രന് സാധിച്ചു.

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ കോന്നി മണ്ഡലത്തില്‍ മത്സരിച്ച് നാല്‍പതിനായിരത്തോളം വോട്ട് പിടിച്ച് കരുത്ത് കാട്ടി.
ഷീബയാണ് ഭാര്യ. വിദ്യാര്‍ത്ഥികളായ ഹരികൃഷ്ണന്‍, ഗായത്രി എന്നിവരാണ് മക്കള്‍.  

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button