KeralaNews

‘പറഞ്ഞത് മലബാറിൽ കേട്ട കഥ; ക്ഷമ ചോദിക്കുന്നു’തെക്കന്‍ പരാമര്‍ശം പിന്‍വലിച്ച് കെ.സുധാകരന്‍

തിരുവനന്തപുരം: തെക്കന്‍ കേരളത്തെ ഇകഴ്‍ത്തിയ പരാമര്‍ശം പിന്‍വലിക്കുന്നതായി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. കുട്ടിക്കാലം മുതൽ മലബാറിൽ കേട്ടു പരിചയമുള്ള കഥ ആവർത്തിക്കുക മാത്രമാണു ചെയ്തത്. പരാമര്‍ശം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു. ശശി തരൂരിനു പരിചയക്കുറവ് ഉണ്ടെന്നു മാത്രമാണു പറഞ്ഞത്. ട്രെയിനിയാണെന്നു പറഞ്ഞിട്ടില്ലെന്നും സുധാകരന്‍ വിശദീകരിച്ചു.

രാമായണത്തെ ദുർവ്യാഖ്യാനം ചെയ്ത് തെക്കൻ കേരളത്തെ അപമാനിച്ച കെ.സുധാകരന്റെ പ്രസ്താവനയാണു വിവാദമായത്. ഒരു ഇംഗ്ലിഷ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണു മലബാറിനെ പുകഴ്ത്താൻ സുധാകരൻ രാമനെയും ലക്ഷ്മണനെയും കൂട്ടുപിടിച്ചത്. തെക്കൻ കേരളത്തിലെയും മലബാറിലെയും രാഷ്ട്രീയ നേതാക്കൾ തമ്മിലുള്ള വ്യത്യാസമായിരുന്നു അഭിമുഖത്തിനിടെയുള്ള ചോദ്യം.

ചരിത്രപരമായ വ്യത്യാസങ്ങളുണ്ടെന്ന് ആമുഖമായി പറഞ്ഞുകൊണ്ടു സുധാകരൻ ഒരു കഥ വിവരിച്ചു. രാവണനെ വധിച്ചശേഷം ശ്രീരാമൻ ലങ്കയിൽനിന്നു സീതയ്ക്കും ലക്ഷ്‌മണനുമൊപ്പം പുഷ്പക വിമാനത്തിൽ തിരികെവരികയായിരുന്നു. വിമാനം തെക്കൻ കേരളത്തിന് മുകളിലെത്തിയപ്പോൾ തന്റെ സഹോദരനെ കടലിലേക്ക് തള്ളിയിട്ട് സീതയുമായി കടന്നുകളയാൻ ലക്ഷ്‌മണന് തോന്നി.

തൃശൂരിലെത്തിയപ്പോൾ ലക്ഷ്‌മണന് മനംമാറ്റവും പശ്ചാത്താപമുണ്ടായി. ഈ സമയത്ത് രാമൻ, ലക്ഷ്മണന്റെ ചുമലിൽ തട്ടി ആശ്വസിപ്പിച്ച് പറഞ്ഞു, ഞാൻ നിന്റെ മനസ്സ് വായിച്ചു. അതു നിന്റെ തെറ്റല്ല. നമ്മൾ കടന്നുവന്ന പ്രദേശത്തിന്റെ പ്രശ്നമാണ്.

തെക്കൻ കേരളത്തെ ഇകഴ്ത്തിക്കൊണ്ടുള്ള പ്രസ്താവനയ്ക്കെതിരെ മന്ത്രി വി.ശിവൻകുട്ടി ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. എല്ലാ കാലത്തും കോൺഗ്രസിന്റേത് വിഭജനത്തിന്റെ രാഷ്ട്രീയമാണെന്നും തെക്കും വടക്കുമല്ല പ്രശ്നമെന്നും മനുഷ്യഗുണമാണ് വേണ്ടതെന്നും ശിവൻകുട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker