ബിജെപിയിൽ പോകാൻ തോന്നിയാൽ പോവും, ആർഎസ്എസ് ശാഖയ്ക്ക് സംരക്ഷണം നൽകിയിട്ടുണ്ടെന്നും കെ സുധാകരൻ
കണ്ണൂർ: ആർഎസ്എസുമായി ബന്ധപ്പെട്ട് തന്റെ മുൻ പ്രസ്താവനകളിൽ ഉറച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. താൻ ആർഎസ്എസ് ശാഖയ്ക്ക് സംരക്ഷണം കൊടുത്തിട്ടുണ്ടെന്നും അന്ന് സംഘടനാ കോൺഗ്രസിന്റെ ഭാഗമായിരുന്നു. ഏത് പാർട്ടിക്കും ഇന്ത്യയിൽ മൗലികമായി പ്രവർത്തിക്കാൻ അവകാശമുണ്ട്. അത് നിഷേധിക്കുമ്പോൾ സംരക്ഷിക്കുമെന്നും കെ സുധാകരൻ പറഞ്ഞു.
ജനാധിപത്യ നിഷേധത്തിൻ്റെ രക്തസാക്ഷികൾക്കൊപ്പമാണ് താനെന്ന് അദ്ദേഹം വ്യക്തമാക്കി. തനിക്ക് ബിജെപിയിൽ പോകണമെന്ന് തോന്നിയാൽ താൻ പോകുമെന്ന് തന്നെയാണ് ഇപ്പോഴും പറയാനുള്ളത്. തനിക്ക് പോകണോ വേണ്ടയോ എന്നൊക്കെ ആലോചിക്കാനുള്ള ബുദ്ധിയുണ്ട്. തനിക്ക് അതിനുള്ള രാഷ്ട്രീയ ബോധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സർവകലാശാലകളിലെ ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ മാറ്റാനുള്ള നീക്കം അംഗീകരിക്കില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ.ഗവർണറുടെ അധികാരം നിലനിർത്തി കൊണ്ടു പോകണം.യൂണിവേഴ്സിറ്റികളിൽ രാഷ്ട്രീയ നിയമനം നടത്താനുള്ള ശ്രമമാണ് പുതിയ ഓർഡിനൻസിലൂടെ സർക്കാർ ശ്രമിക്കുന്നതെന്നും കെ സുധാകരൻ പറഞ്ഞു. ബില്ല് നിയമസഭയിൽ വരുമ്പോൾ ശക്തമായി എതിർക്കും.യുഡിഎഫിന്‍റെ അഭിപ്രായമാണിത്. വിഷയം ചർച്ച ചെയ്യാൻ യുഡിഎഫ് യോഗം ഉടൻ വിളിക്കും. പല സംസ്ഥാനങ്ങളിൽ പല തീരുമാനമുണ്ടാവും.അതുകൊണ്ടാണ് തമിഴ്നാട്ടിൽ വേറെ നിലപാടെടുത്തതെന്നും കെ സുധാകരൻ പറഞ്ഞു
അതേസമയം ഗവർണറുടെ നടപടികളേയും കെ സുധാകരൻ വിമർശിച്ചു. ഇല്ലാത്ത അധികാര പ്രയോഗം ഗവർണർ നിർത്തണം.സർക്കാരും ഗവർണറും മിതത്വം പാലിക്കണമെന്നും സുധാകരൻ പറഞ്ഞു. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്നൊഴിവാക്കുന്ന ബില്ലിനെ അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും വ്യക്തമാക്കിയിരുന്നു. സർവകലാശാലകളെ കമ്യൂണിസ്റ്റ് വൽക്കരിക്കാനാണ് ഈ ഓർഡിനൻസ് വഴി സർക്കാർ ശ്രമിക്കുന്നതെന്നും സതീശൻ വ്യക്തമാക്കി
അഴിമതി കാട്ടിയ തിരുവനന്തപുരം കോർപറേഷൻ മേയർ ആര്യ രാജേന്ദ്രൻ രാജിവെക്കണ്ട എന്ന് താൻ പറഞ്ഞിട്ടില്ല.തൻ്റെ വാക്കുകൾ വളച്ചൊടിച്ചു. വൻ അഴിമതി നടത്തിയ മേയർ രാജിവയ്ക്കുക തന്നെ വേണമെന്നും കെ സുധാകരൻ പറഞ്ഞു