കോഴിക്കോട്: ആർ.എം.പി നേതാവ് കെ.എസ്. ഹരിഹരനെ തള്ളിപ്പറഞ്ഞ് കെ.കെ. രമ എം.എൽ.എ. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ. ശൈലജക്കെതിരായ സ്ത്രീ വിരുദ്ധ പരാമര്‍ശം അംഗീകരിക്കാനാവില്ലെന്ന് രമ പറഞ്ഞു. ഒരാളുടെ ഭാഗത്ത് നിന്നും ഉണ്ടാകാന്‍ പാടില്ലാത്ത പരാമര്‍ശമാണിതെന്ന് രമ പറഞ്ഞു. ഈ പരാമർശം വ്യക്തിപരമായും ആർ.എം.പി എന്ന നിലയിലും തള്ളിക്കളയുന്നു. തെറ്റ് മനസ്സിലാക്കി ഹരിഹരന്‍ മാപ്പുപറഞ്ഞ സ്ഥിതിക്ക് വിവാദത്തിന് പ്രസക്തിയില്ലെന്നും കെ.കെ. രമ പറഞ്ഞു.
‘സി.പി.എം വർഗീയതക്കെതിരെ നാടൊരുമിക്കണം’ എന്ന വിഷയത്തിൽ യു.ഡി.എഫ് -ആർ.എം.പി ജനകീയ കാമ്പയിനിന്റെ ഭാഗമായി ഇന്നലെ വടകരയിൽ സംഘടിപ്പിച്ച പരിപാടിയിലാണ് ഹരിഹരൻ സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും, ഷാഫി പറമ്പിലുമടക്കമുള്ളവർ പങ്കെടുത്ത പരിപാടിയിൽ വെച്ചായിരുന്നു വിവാദ പരാമർശം.
വിഷയം വിവാദമായതോടെ സ്ത്രീ വിരുദ്ധ പ്രസ്താവന നടത്തിയ കെ.എസ്. ഹരിഹരൻ ഫേസ്ബുക്കിൽ ഖേദപ്രകടനം നടത്തി. കെ.കെ. ശൈലജ ടീച്ചറുടെയും സിനിമാതാരം മഞ്ജു വാര്യരുടെയും പേര് പരാമർശിച്ചായിരുന്നു പ്രസംഗം. ഇത്‍ വിവാദമായതോടെ ഇന്നലെ രാത്രി തന്നെ ഖേദം പ്രകടിപ്പിച്ചു.
‘വടകരയിൽ നടത്തിയ ഒരു പ്രസംഗത്തിൽ അനുചിതമായ ഒരു പരാമർശം കടന്നുവന്നതായി സുഹൃത്തുക്കളും മാധ്യമപ്രവർത്തകരും എന്റെ ശ്രദ്ധയിൽപ്പെടുത്തുകയുണ്ടായി. തെറ്റായ ആ പരാമർശം നടത്തിയതിൽ നിർവ്യാജം ഖേദിക്കുന്നു’ എന്നാണ് ഇതേക്കുറിച്ച് ഹരിഹരൻ ഫേസ്ബുക്കിൽ കുറിച്ചത്.