തിരുവനന്തപുരം: വന്ദേഭാരതിന്റെ ആദ്യ സർവ്വീസ് മുതൽ നേടിയിട്ടുളള ലാഭം പങ്കുവെച്ച് കെ റെയിൽ ഡിപ്പാർട്ട്മെന്റ്. വന്ദേഭാരതിന്റെ ലാഭവും വേഗതയും ചൂണ്ടിക്കാട്ടി കെ റെയിലിന്റെ ആവശ്യകതയെ പറയാതെ പറയുകയാണ് കെ റെയിൽ.
ജനങ്ങൾക്ക് ധൃതിയുണ്ട് എന്ന തലക്കെട്ടോടെ ഫേസ്ബുക്കിലൂടെയാണ് കെ റെയിലിന്റെ പ്രതികരണം. തിരുവനന്തപുരം മുതൽ കാസർകോട് വരെയുളള വന്ദേഭാരത് എക്സ്പ്രസിന്റെ ആറ് ദിവസത്തെ യാത്രയിൽ 27000 പേരാണ് യാത്ര ചെയ്തത്. ആറ് ദിവസത്തെ യാത്രയിൽ 2.7 കോടി രൂപയാണ് വന്ദേഭാരത് നേടിയത്.
മെയ് 14 വരെ വന്ദേഭാരതിന്റെ സീറ്റ് ബുക്കിംഗ് ഫുൾ ആയിരുന്നു. ജനങ്ങൾക്ക് തങ്ങളുടെ ലക്ഷ്യസ്ഥാനത്തേക്കെത്താൻ ധൃതിയുണ്ടെന്നാണ് ഈ കണക്കുകൾ കാണിക്കുന്നതെന്നും കെ റെയിൽ കുറിപ്പിലൂടെ പറഞ്ഞു. കെ റെയിൽ വരുകയാണെങ്കിൽ ജനങ്ങളുടെ യാത്രയുടെ ദൂരം കുറയ്ക്കാമെന്നുമാണ് കുറിപ്പിലൂടെ കെ റെയിൽ ഡിപ്പാർട്ട്മെന്റ് സൂചിപ്പിക്കുന്നത്.
കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കുളള ട്രിപ്പിനാണ് വന്ദേഭാരത് ഏറ്റവും കൂടുതൽ വരുമാനം നേടിയത്. ഏറ്റവും കൂടുതൽ ആളുകൾ ബുക്ക് ചെയ്ത് ടിക്കറ്റ് എടുത്തതും ഈ ട്രിപ്പിനാണ്.
1.17 കോടി രൂപയാണ് കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കുളള സർവ്വീസിലൂടെ വന്ദേഭാരത് നേടിയത്. ഏപ്രിൽ 28 മുതൽ മെയ് മൂന്ന് വരെയുളള കണക്കുകളാണ് ഇതുവരെ പുറത്തുവന്നിട്ടുളളത്.