KeralaNews

വിടവാങ്ങിയത് രാഷ്ട്രീയ കേരളത്തിലെ പെണ്‍സിംഹം, ആദ്യ ഈഴവ അഭിഭാഷക

ആലപ്പുഴ: കേരള രാഷ്ട്രീയത്തിലെ പെണ്‍കരുത്തിന്റെ ആള്‍രൂപമായിരിന്നു കെ.ആര്‍. ഗൗരിയമ്മ. 1919 ജൂലൈ 14ന് ചേര്‍ത്തല പട്ടണക്കാട് കളത്തിപ്പറമ്പില്‍ കെ.എ. രാമന്റെയും ആറുമുറിപറമ്പില്‍ പാര്‍വതിയമ്മയുടെയും ഏഴാമത്തെ മകളായി ജനനം. തുറവൂരിലും ചേര്‍ത്തലയിലുമായി (കണ്ടമംഗലം എച്ച്എസ്എസ്, തുറവൂര്‍ ടിഡിഎച്ച്എസ്എസ്), സ്‌കൂള്‍ വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളജിലും സെന്റ് തെരേസാസ് കോളജിലുമായി ഉപരിപഠനം. തിരുവനന്തപുരം ഗവ. ലോ കോളജില്‍നിന്നു നിയമബിരുദം. ആദ്യ ഈഴവ അഭിഭാഷകയുമായിരുന്നു.

മൂത്ത സഹോദരനും ട്രേഡ് യൂണിയന്‍ നേതാവുമായിരുന്ന കെ.ആര്‍. സുകുമാരനില്‍നിന്നു പ്രചോദനമുള്‍ക്കൊണ്ടായിരുന്നു ഗൗരിയമ്മ രാഷ്ട്രീയത്തിലേക്കിറങ്ങിയത്. പ്രഥമ കേരള മന്ത്രിസഭാംഗവും കമ്യൂണിസ്റ്റ് നേതാവുമായിരുന്ന ടി.വി. തോമസായിരുന്നു ഭര്‍ത്താവ്. 1957-ലായിരുന്നു വിവാഹവും. 1964ല്‍ പാര്‍ട്ടിയിലെ പിളര്‍പ്പിനു ശേഷം ഇരുവരും രണ്ടു പാര്‍ട്ടിയിലായി. അതിനു ശേഷം അകന്നായിരുന്നു ജീവിതവും.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാലം (2006 മാര്‍ച്ച് 31വരെ 16,345 ദിവസം) നിയമസഭാംഗമായിരുന്നു. ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായിരുന്ന വനിത, പ്രായംകൂടിയ മന്ത്രി എന്നീ പട്ടങ്ങളും ഇവര്‍ക്കു സ്വന്തം. ജയില്‍വാസവും ഗൗരിയമ്മയ്ക്കു പുത്തരിയല്ലായിരുന്നു.

1948ല്‍ തിരുവിതാംകൂര്‍ നിയമസഭയിലേക്കു മത്സരിച്ചാണ് ഗൗരിയമ്മയുടെ തുടക്കം. 1952ലും 56ലും തിരുകൊച്ചി നിയമസഭയില്‍ അംഗമായി. തിരുക്കൊച്ചിയിലും കേരളത്തിലുമായി നടന്ന 17 തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച ഗൗരിയമ്മ 13 എണ്ണത്തില്‍ വിജയിച്ചു. 11 തവണ നിയമസഭാംഗമായി. 1948ലെ കന്നിയങ്കത്തിലും 1977, 2006, 2011 വര്‍ഷങ്ങളിലുമാണ് പരാജയം അറിഞ്ഞത്. 1987ലെ തെരഞ്ഞെടുപ്പില്‍ കേരളത്തെ കെ.ആര്‍. ഗൗരിയമ്മ ഭരിക്കുമെന്ന പ്രചാരണം സജീവമായിരുന്നു.

മുന്നണി വിജയിച്ചെങ്കിലും ഇ.കെ. നായനാരായിരുന്നു മുഖ്യമന്ത്രിയായത്. സംസ്ഥാന രൂപീകരണത്തിനുശേഷം 1957ല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി ചേര്‍ത്തലയില്‍നിന്നാണ് ഗൗരിയമ്മ മത്സരിച്ചു വിജയിച്ചത്. ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ മന്ത്രിയായി എന്ന ബഹുമതിയും ഗൗരിയമ്മയ്ക്കുണ്ട്. 1960ല്‍ സിപിഐ സ്ഥാനാര്‍ഥിയായി ചേര്‍ത്തലയില്‍നിന്നു വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 1965, 67, 70, 80, 82, 87, 91 വര്‍ഷങ്ങളില്‍ സിപിഎം സ്ഥാനാര്‍ഥിയായി അരൂരില്‍നിന്നു ജനവിധി തേടി വിജയിച്ചു. 1957, 67, 80, 87, 2001 വര്‍ഷങ്ങളില്‍ മന്ത്രിയായി. 102-ാം വയസിലും ഊര്‍ജസ്വലയായി ഒരു പാര്‍ട്ടിയെ നയിച്ച വനിത ലോകത്തുതന്നെ ചരിത്രമാണ്.

അരൂര്‍, ചേര്‍ത്തല നിയോജകമണ്ഡലങ്ങളായിരുന്നു പ്രധാന തട്ടകം. 1965, 67, 70, 80, 82, 87, 91 വര്‍ഷങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ സിപിഎം സ്ഥാനാര്‍ഥിയായി അരൂരില്‍നിന്നു ജനവിധി തേടി വിജയം കൊയ്ത ഗൗരിയമ്മ 1957, 67, 80, 87, 2001 വര്‍ഷങ്ങളില്‍ മന്ത്രിയുമായി. സിപിഎമ്മില്‍ നിന്നും പുറത്തുവന്നു ജെഎസ്എസ് രൂപീകരിച്ചു യുഡിഎഫിന്റെ ഭാഗമായി മാറിയ ഗൗരിയമ്മ 1996ലും 2001ലും ജെഎസ്എസ് സ്ഥാനാര്‍ഥിയായി അരൂരില്‍നിന്നു വീണ്ടും വിജയിച്ചു.

കേരള കര്‍ഷകസംഘം പ്രസിഡന്റ്(196064), കേരള മഹിളാ സംഘം പ്രസിഡന്റ് (19671976), കേരള മഹിളാസംഘം സെക്രട്ടറി (197687), സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പര്‍, ജെഎസ്എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ അവര്‍ പ്രവര്‍ത്തിച്ചു. 2011ല്‍ കേരള സാഹിത്യ അക്കാദമിയുടെ അവാര്‍ഡ് ഗൗരിയമ്മയുടെ ആത്മകഥയ്ക്കു ലഭിച്ചു. ഗൗരിയമ്മയുടെ ജീവിതവുമായി ബന്ധപ്പെട്ടാണ് ലാല്‍സലാം എന്ന ചിത്രം പുറത്തിറങ്ങിയത്.

ആറു തവണ മന്ത്രിയായ കെ.ആര്‍.ഗൗരിയമ്മ ജനസേവനം ചെയ്തിട്ടുണ്ട്.

1957*59: റവന്യു, എക്‌സൈസ്, ദേവസ്വം

1967-69: റവന്യു, സിവില്‍ സപ്ലൈസ്, സെയില്‍സ് ടാക്‌സ്, എക്‌സൈസ് ആന്‍ഡ് സോഷ്യല്‍ വെല്‍ഫെയര്‍

1980-81: കൃഷി, സോഷ്യല്‍ വെല്‍ഫെയര്‍

1987-1991: വ്യവസായം, സോഷ്യല്‍ വെല്‍ഫെയര്‍, വിജിലന്‍സ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ ഓഫ് ജസ്റ്റിസ്

2001-2004: കൃഷിമന്ത്രി

2004-2006: കൃഷി, സോയില്‍ കണ്‍സര്‍വേഷന്‍, വെയര്‍ഹൗസിംഗ് കോര്‍പറേഷന്‍, ഡയറി ഡവലപ്‌മെന്റ്, മില്‍ക്ക് കോ-ഓപ്പറേറ്റീവ്‌സ്, അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി, ആനിമല്‍ ഹസ്ബന്‍ഡറി, കയര്‍

ഗൗരിയമ്മ കൊണ്ടുവന്ന പ്രധാന നിയമങ്ങള്‍

1957: കേരള സ്റ്റേറ്റ് ഓഫ് എവിക്ഷന്‍ പ്രൊസീഡിംഗ്സ് ആക്ട് (കുടിയൊഴിപ്പിക്കല്‍ നടപടിക്രമ നിയമം)
1957: ട്രാവന്‍കൂര്‍ കൊച്ചിന്‍ ലാന്‍ഡ് ടാക്‌സ് (തിരു-കൊച്ചി ഭൂനികുതി നിയമം)
1957: കേരള ലാന്‍ഡ് കണ്‍സര്‍വന്‍സി ആക്ട് (ഭൂസംരക്ഷണ നിയമം)
1958: കേരള കോമ്പന്‍സേഷന്‍ ഫോര്‍ ടെനന്റ്‌സ് ഇംപ്രൂവ്മെന്റ് ആക്ട്
1958: കേരള ലാന്‍ഡ് റീലിംക്വിഷ്മെന്റ് ആക്ട് (സര്‍ക്കാര്‍ ഭൂമി പതിച്ചുകൊടുക്കല്‍ നിയമം)
1958: കേരള വെയ്റ്റ് ആന്‍ഡ് മെഷേര്‍സ് ആക്ട് (അളവുതൂക്കങ്ങളെക്കുറിച്ചുള്ള ചട്ടം)
1959: കേരള സ്റ്റാമ്പ് ആക്ട് (മുദ്രപ്പത്ര നിയമം)
1960: ജന്മിക്കരം പേമെന്റ് (അബോളിഷന്‍) ആക്ട് (ജന്മിക്കരം ഒഴിവാക്കല്‍ നിയമം)
1960: കേരള അഗ്രേറിയന്‍ റിലേഷന്‍ ആക്ട് (പാട്ടക്കുടിയാന്‍ നിയമം)
1968: കേരള റവന്യൂ റിക്കവറി ആക്ട് (ജപ്തി നിയമം)
1987: കേരള പബ്ലിക് മെന്‍സ് കറപ്ഷന്‍ (ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ഇന്‍ക്വയറീസ്) ആക്ട് (അഴിമതി നിരോധന നിയമം)
1991: വനിതാ കമ്മിഷന്‍ ആക്ട്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker