തിരുവനന്തപുരം: കോൺഗ്രസിന്റെ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തില്‍ തന്നെ അവഗണിച്ചതില്‍ വീണ്ടും പ്രതികരണവുമായി കെ മുരളീധരന്‍. പരിപാടിയില്‍ സംസാരിക്കാന്‍ സമയം തരാതെ അവഗണിച്ചത് മനപ്പൂര്‍വമാണെന്ന് കെ മുരളീധരന്‍ പ്രതികരിച്ചു. തന്നെ അവഗണിച്ചത് മനപ്പൂര്‍വ്വമാണ്, വൈക്കം സത്യഗ്രഹ ശതാബ്ദി സംബന്ധിച്ച് പാര്‍ട്ടി പത്രം വീക്ഷണം പുറത്തിറക്കിയ സപ്ലിമെന്‍റിലും തന്‍റെ പേരില്ലെന്ന് മുരളീധരന്‍ പറഞ്ഞു.
‘സ്വരം നന്നായിരിക്കുമ്പോൾ പാട്ട് നിർത്താനാണ് തീരുമാനം. പാർട്ടിക്ക് തന്‍റെ സേവനം വേണ്ടെങ്കിൽ വേണ്ട’, ഇക്കാര്യത്തിൽ കെ സി വേണുഗോപാലിനെ അതൃപ്തി അറിയിച്ചിട്ടുണ്ടെന്നും കെ മുരളീധരന്‍ പറഞ്ഞു. തന്നോടുള്ള അവഗണനയുടെ കാരണം അറിയില്ല, കെ കരുണാകരനും അവഗണന നേരിട്ടിട്ടുണ്ട്. എല്ലാവരും സമയമെടുത്ത് സംസാരിക്കുമ്പോള്‍ തനിക്ക് മാത്രം സമയം തരാത്തത് എന്തുകൊണ്ടാണ്. എല്ലാവരും ധാരാളം പ്രസംഗിച്ചു. ഒരാൾ ഒഴിവായാൽ അത്രയും നല്ലതാണ് എന്നാണ് അവരുടെയൊക്കെ മനോഭാവം എന്നും മുരളീധരൻ തുറന്നടിച്ചു.
വീണ്ടും തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് കച്ചേരി നിർത്തിയ ആളോട് വീണ്ടും പാടുമോ എന്ന് ചോദിക്കുന്ന പോലെ ആണ് ഇതെന്നായിരുന്നു മറുപടി. സത്യഗ്രഹ ശതാബ്ദി ആഘോഷത്തിലെ അവഗണനയില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെയും അതൃപ്തി അറിയിച്ചിട്ടുണ്ടെന്നും മരളീധരന്‍ പറഞ്ഞു. മുന്‍ കെപിസിസി പ്രസിഡന്‍റ് ആയിട്ടുകൂടി എഐസിസി പ്രസിഡന്‍റ് പങ്കെടുത്ത പരിപാടിയില്‍ തന്നെ പ്രസംഗിക്കാന്‍ അനുവദിച്ചില്ല. കെ സുധാകരന്‍ തന്നെ ബോധപൂര്‍വ്വം അവഗണിച്ചെന്നും മുരളീധരന്‍ പറയുന്നു.
പ്രസംഗിക്കുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താത്തതില്‍ ശശി തരൂരിനും അതൃപ്തി ഉണ്ട്. സുധാകരന്‍ നേരിട്ട് ക്ഷണിച്ചതിന് ശേഷമാണ് തരൂര്‍ വേദിയിലെത്തിയത്. ഇത്രയും വലിയ വേദിയില്‍ തനിക്ക് വേണ്ടത്ര പ്രാധാന്യം നല്‍കിയില്ലെന്നാണ് തരൂരിന്‍റെ പരാതി. എന്തായാലും പുതിയ വിവാദം കോണ്‍ഗ്രസിന് തലവേദനയാകുമോ എന്ന് കാത്തിരുന്ന് കാണാം.