KeralaNews

എംപി സ്ഥാനം രാജിവച്ച് നേമത്ത് മത്സരിക്കുമെന്ന് ആരും കരുതേണ്ട : കെ. മുരളീധരൻ

ന്യൂഡൽഹി : നേമം മണ്ഡലത്തിൽ മത്സരിക്കുമെന്ന് കെ. മുരളീധരൻ എംപി. എന്നാൽ എംപി സ്ഥാനം തെരഞ്ഞെടുപ്പിന് മുൻപ് രാജിവെയ്ക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എംപി സ്ഥാനത്തിരുന്നു കൊണ്ട് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ജനങ്ങളോടുളള വെല്ലുവിളിയാണെന്നും കെ. മുരളീധരൻ എംപി സ്ഥാനം രാജിവെച്ചിട്ട് മത്സരിക്കാനിറങ്ങുകയാണ് ചെയ്യേണ്ടതെന്നും നേമത്തെ ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ പറഞ്ഞിരുന്നു.

വിജയിച്ചു കഴിഞ്ഞാൽ ഉപതെരഞ്ഞെടുപ്പ് പിന്നീട് മാത്രമേ ഉണ്ടാകൂ. അതുകൊണ്ടു തന്നെ എംപി സ്ഥാനം ഇപ്പോൾ രാജിവെയ്ക്കില്ല. നേമം കോൺഗ്രസിന്റെ ഉറച്ച സീറ്റല്ല. ഇത്തവണ വർഗീയതയ്‌ക്കെതിരായ പോരാട്ടമാണ് നടക്കുന്നതെന്നും കെ. മുരളീധരൻ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. നല്ല പ്രകടനം കാഴ്ചവെച്ച് വിജയിക്കുകയാണ് ആദ്യ ലക്ഷ്യം.

നേമത്തെ കൂടുതൽ അറിയാവുന്ന വ്യക്തിയെന്ന നിലയിലാണ് തന്നെ സ്ഥാനാർത്ഥിയായി പരിഗണിച്ചത്. നേമത്തിനോട് ചേർന്ന് കിടക്കുന്ന മണ്ഡലമാണ് വട്ടിയൂർകാവ്. അവിടുത്തെ തന്റെ പ്രവർത്തനവും തീരുമാനത്തിന് പിന്നിലുണ്ടെന്ന് കെ. മുരളീധരൻ ചൂണ്ടിക്കാട്ടി. മണ്ഡലത്തിലെ തർക്കങ്ങൾ 24 മണിക്കൂറിനുളളിൽ പരിഹരിക്കാനാകും. കോൺഗ്രസിന് ഇത് പതിവാണ്, പുതിയ കാര്യമല്ല.

കുമ്മനം രാജശേഖരനും വി. ശിവൻകുട്ടിയുമാണ് എതിരാളികളെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ ആത്മവിശ്വാസമുളളതുകൊണ്ടാണ് മത്സരിക്കാനിറങ്ങിയതെന്നായിരുന്നു മുരളീധരന്റെ പ്രതികരണം. യുഡിഎഫ് വിജയിക്കുമെന്നും സർക്കാരുണ്ടാക്കുമെന്നും പൂർണ വിശ്വാസമുണ്ടെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button