KeralaNews

കെ മുരളീധരന് പ്രധാന ചുമതല നല്‍കി പ്രകടനം മെച്ചപ്പെടുത്താന്‍ കെപിസിസി, പ്രസ്താവനയിലെ പേര് ‘മുളരീധരൻ’

സോഷ്യല്‍ ഗ്രൂപ്പുകളുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ നേതാക്കളുടെ സംഘത്തെ നിയോഗിച്ച് കെപിസിസി രാഷ്ട്രീയ കാര്യസമിതി. കെ മുരളീധരനെ കണ്‍വീനര്‍ ആക്കികൊണ്ടാണ് സമിതി രൂപീകരിച്ചത്.
പിസി ചാക്കോ, കെവി തോമസ്, കെസി ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കൊടികുന്നില്‍ സുരേഷ്,  കെ സുധാകരന്‍ എന്നിവരടങ്ങുന്നതാണ് സമിതി. അതേസമയം മുരളീധരനെ കൺവീനർ ആക്കിയിരിക്കുന്ന പ്രസ്താവനയിൽ മുരളീധരന്റെ പേരാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രോൾ.

മുരളീധരൻ എന്നതിന് മുളരീധരൻ എന്നാണ് അച്ചടിച്ചിരിക്കുന്നത്. അതേസമയം സോഷ്യല്‍ ഗ്രൂപ്പുകളെ യുഡിഎഫിന് അനുകൂലമായി തദ്ദേശ തെരഞ്ഞെടുപ്പില്‍ അണിനിരത്തുന്നതില്‍ പരാജയപ്പെട്ടുവെന്ന വിലയിരുത്തലിന് പിന്നാലെയാണ് മുരളീധരന് ചുമതല. സോഷ്യല്‍ഗ്രൂപ്പുകളെ സമവായത്തില്‍ യുഡിഎഫിന് അനുകൂലമായി കൊണ്ടുവരണമെന്ന് പറഞ്ഞ നേതാവായിരുന്നു മുരളീധരന്‍. പിന്നാലെ അദ്ദേഹത്തെ തന്നെ കണ്‍വീനറാക്കി സമിതി രൂപീകരിക്കുകയായിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പാര്‍ട്ടിക്കകത്ത് ഉടലെടുത്ത പരസ്യവാക്‌പോര് അവസാനിപ്പിക്കണമെന്ന കര്‍ശന നിര്‍ദേശവുമായി സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി താരിഖ് അന്‍വര്‍ കെപിസിസി നേതൃത്വത്തിന് കത്തയച്ചിരുന്നു. പരാതികള്‍ പാര്‍ട്ടി വേദികളിലാണ് പറയേണ്ടതെന്നും അവയ്ക്ക് പരിഹാരം കാണുമെന്നും താരിഖ് അന്‍വര്‍ വ്യക്തമാക്കി.

തദ്ദേശ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള നീക്ക് പോക്ക് ഗുണം ചെയ്യുമെന്ന് ആവര്‍ത്തിച്ച നേതാവായിരുന്നു കെ മുരളീധരന്‍. കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ വെല്‍ഫെയര്‍ ബന്ധത്തെ എതിര്‍ത്തപ്പോള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധിക്ക് വെല്‍ഫെയര്‍ പാര്‍ട്ടി നല്‍കിയ പിന്തുണ പരാമര്‍ശിച്ചായിരുന്നു മുരളീധരന്റെ മറുപടി.
ഒപ്പം മുരളീധരനെ ഒരു പ്രധാനപ്പെട്ട സ്ഥാനത്തേക്ക് നിയോഗിക്കുക കൂടിയാണ് കണ്‍വീനര്‍ സ്ഥാനം നല്‍കിയതിന് പിന്നില്‍.

ഇതിന് പുറമേ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തിന്റെ ചുമതലയുള്ള 3 എഐസിസി സെക്രട്ടറിമാരെ ഹൈക്കമാന്‍ഡ് നിയോഗിച്ചിട്ടുണ്ട്. ബൂത്ത് തലം വരെയുള്ള പ്രവര്‍ത്തനം ഏകോപിപ്പിക്കുകയാണ് ദൗത്യം. സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും താരിഖ് അന്‍വര്‍ മേല്‍നോട്ടം വഹിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button