CricketNewsSports

ചരിത്രം കുറിച്ച ഓപ്പണിംഗ് കൂട്ടുകെട്ടിന് പിന്നാലെ രാഹുൽ പുറത്ത്, സെഞ്ചുറിയുമായി ജയ്സ്വാൾ; പെർത്തില്‍ ലീഡുയർത്തി ഇന്ത്യ

പെര്‍ത്ത്: ഓസ്ട്രേലിയക്കെതിരായ പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റില്‍ യശസ്വി ജയ്സ്വാളിന് സെഞ്ചുറി. ഓസീസ് പേസര്‍ ജോഷ് ഹേസല്‍വുഡിനെ സിക്സിന് പറത്തി 205 പന്തിലാണ് ജയ്സ്വാള്‍ സെഞ്ചുറി തികച്ചത്. മൂന്നാം ദിനം 172-0 എന്ന സ്കോറില്‍ ക്രീസിലിറങ്ങിയ ഇന്ത്യക്കായി ജയ്സ്വാളും രാഹുലും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 200 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

ഇരട്ട സെഞ്ചുറി കൂട്ടുകെട്ടിന് പിന്നാലെ രാഹുലിനെ പുറത്താക്കി മിച്ചല്‍ സ്റ്റാര്‍ക്ക് ഇന്ത്യക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചു. 176 പന്തില്‍ 77 റണ്‍സെടുത്ത രാഹുലിനെ  സ്റ്റാർക്കിന്‍റെ പന്തില്‍ വിക്കറ്റ് കീപ്പർ അലക്സ് ക്യാരി ക്യാച്ചെടുത്ത് പുറത്താക്കി. മൂന്നാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സെടുത്തിട്ടുണ്ട്. 115 റണ്‍സുമായി യശസ്വി ജയ്സ്വാളും അഞ്ച് റണ്ണുമായി മലയാളി താരം ദേവ്ദത്ത് പടിക്കലും ക്രീസില്‍. ഒമ്പത് വിക്കറ്റ് കൈയിലിരിക്കെ ഇന്ത്യക്കിപ്പോള്‍ 266 റണ്‍സിന്‍റെ ആകെ ലീഡുണ്ട്.

ഓപ്പണിംഗ് വിക്കറ്റില്‍ 200 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയതോടെ രാഹുൽ-ജയ്സ്വാൾ സഖ്യം ഓസ്ട്രേലിയയില്‍ ഇന്ത്യൻ സഖ്യത്തിന്‍റെ ഏറ്റവും ഉയര്‍ന്ന ഓപ്പണിംഗ് കൂട്ടുകെട്ടെന്ന റെക്കോര്‍ഡും അടിച്ചെടുത്തു.  1986ല്‍ സിഡ്നിയില്‍ സുനില്‍ ഗവാസ്കറും കൃഷ്മമചാചാരി ശ്രീകാന്തും ചേര്‍ന്ന് സിഡ്നിയില്‍ നേടിയ 191 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് രാഹുല്‍-ജയ്സ്വാള്‍ സഖ്യം മറികടന്നത്.

വിക്കറ്റ് നഷ്ടമില്ലാതെ 172 റണ്‍സെടുന്ന നിലയിലാണ് ഇന്ത്യ മൂന്നാം ദിനം ക്രീസിലിറങ്ങിയത്. ഇന്നലെ ആദ്യ സെഷനില്‍ 67/7 എന്ന സ്കോറില്‍ ബാറ്റിംഗ് തുടര്‍ന്ന ഓസീസിനെ 104 റണ്‍സിന് ഓൾ ഔട്ടാക്കിയ ഇന്ത്യ 46 റണ്‍സിന്‍റെ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ക്യാപ്റ്റന്‍ ജസ്പ്രീത് ബുമ്രയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഹര്‍ഷിത് റാണയും രണ്ട്  വിക്കറ്റെടുത്ത മുഹമ്മദ് സിറാജും ചേര്‍ന്നാണ് ഓസ്ട്രേലിയയെ എറിഞ്ഞൊതുക്കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker