‘കള്ളി എന്നുവിളിച്ച് അധിക്ഷേപം, വൃത്തികെട്ട ഭാഷ ഉപയോഗിക്കുന്നു’; നിയമപരമായി നേരിടുമെന്ന് കെ.കെ ശൈലജ
കോഴിക്കോട്: സമൂഹമാധ്യമങ്ങളിൽ വ്യക്തിഹത്യ തുടർന്നാൽ നിയമപരമായി നേരിടുമെന്ന് വടകര ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥി കെ.കെ ശൈലജ. 1500 രൂപയ്ക്ക് മാത്രം പി.പി.ഇ. കിറ്റ് കിട്ടുന്ന ക്ഷാമകാലത്ത് പതിനയ്യായിരം കിറ്റ് വാങ്ങി ആരോഗ്യപ്രവർത്തകരുടെ ജീവൻ രക്ഷിച്ച കാര്യത്തെയാണ് ഇങ്ങനെ കള്ളി എന്നൊക്കെ വിളിച്ച് അധിക്ഷേപിക്കുന്നത്. ഇതിൽ കേരളത്തിലെ ജനങ്ങളും പ്രതികരിക്കുമെന്ന് കരുതുന്നു. എൻറെ ജീവിതം ജനങ്ങൾക്ക് മുൻപിൽ ഒരു തുറന്ന പുസ്തകമാണ്. ഏതെങ്കിലും തരത്തിലുള്ള ക്രമക്കേട് കാണിച്ചിട്ടുണ്ടെങ്കിൽ അന്വേഷിക്കാം, കേസെടുക്കാം, ശിക്ഷിക്കാമെന്നും കെ.കെ. ശൈലജ പറഞ്ഞു.
കോൺഗ്രസ് പ്രവർത്തകയേക്കൊണ്ട് ലോകായുക്തയിൽ പരാതി കൊടുപ്പിച്ചപ്പോൾ കൃത്യമായി അതിനു മറുപടി കൊടുത്തതാണെന്ന് ശൈലജ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി അസംബ്ലിയിൽ മറുപടി പറഞ്ഞതാണ്. ഞാൻ മന്ത്രിയായിരുന്നപ്പോൾ 1,500 രൂപയ്ക്ക് പി.പി.ഇ. കിറ്റ് വാങ്ങി, നേരത്തെ 500 രൂപയ്ക്ക് വാങ്ങിയതാണെന്ന് പറഞ്ഞ് അസംബ്ലിയിൽ ഒരു ആരോപണം ഉന്നയിച്ചപ്പോൾ അതിന് വളരെ വ്യക്തമായി മറുപടി നൽകിയതാണ്.
കോവിഡ് വന്ന് രണ്ടുമാസം കഴിഞ്ഞപ്പോൾത്തന്നെ സുരക്ഷാ ഉപകരണങ്ങൾ മാർക്കറ്റിൽനിന്ന് അപ്രത്യക്ഷമാകാൻ തുടങ്ങിയിരുന്നു. ചൈന കോവിഡിൽ പൂർണമായും അടഞ്ഞതോടെയാണ് പ്രതിസന്ധി ഉണ്ടായത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ കോർ കമ്മിറ്റി യോഗം ചേർന്നാണ് അന്ന് സ്റ്റോക്ക് ഉണ്ടായിരുന്ന കമ്പനിയിൽനിന്ന് അത് വാങ്ങാൻ തീരുമാനിച്ചത്. വില കൂടുതലാണെങ്കിലും അത് നോക്കേണ്ട, ആളുകളുടെ ജീവനാണ് വലുത് എന്നതിനാണ് പ്രാധാന്യം നൽകിയത്.
അമ്പതിനായിരം എണ്ണത്തിനാണ് ഓർഡർ നൽകിയെങ്കിലും കേരളത്തിന് 15,000 എണ്ണമേ കിട്ടിയുള്ളൂ. അത് തീർന്നു തുടങ്ങിയപ്പോഴേക്കും മറ്റു കമ്പനികൾ മാർക്കറ്റിൽ കിറ്റ് എത്തിച്ചുതുടങ്ങിയതോടെ വില അൽപം കുറഞ്ഞു. 850, 860 രൂപയ്ക്ക് കിട്ടുന്ന സാഹചര്യം വന്നു. അതോടെ 50,000 ത്തിൽ 35,000 ഓർഡർ ക്യാൻസൽ ചെയ്തു. അവർക്ക് ഒരു തെളിവും ഹാജരാക്കാനില്ല. എന്നിട്ടും വെറുതേ പരാതി കൊടുത്തു. പരാതി കൊടുത്ത ഉടനെ ഞാൻ എന്തോ അഴിമതി കാണിച്ചെന്ന് വിളിച്ചുപറയുകയാണ് ഉണ്ടായത്. അത് ആദ്യം ഞാൻ ഒരു തമാശയായാണ് കണ്ടത്. ജനങ്ങൾ അത് തള്ളിക്കളയും എന്ന് കരുതി, പക്ഷേ ഇപ്പോൾ തിരഞ്ഞെടുപ്പ് വരുമ്പോൾ വീണ്ടും അതേ കാര്യങ്ങൾ ആവർത്തിക്കുകയാണെന്നും ശൈല പറഞ്ഞു.
ഒരു സ്ഥാനാർത്ഥിയുടെയും പേര് പറയുന്നില്ല. പക്ഷേ, അവരുടെ ഗ്രൂപ്പിലുള്ള ആളുകൾ എന്ത് വൃത്തികെട്ട ഭാഷയാണ് എനിക്കെതിരെ ഉപയോഗിക്കുന്നത്. ചിലപ്പോൾ വലിയ വിഷമം തോന്നും. പിന്നെ തോന്നും ഒരു പൊളിറ്റിക്കൽ ഗ്രഡ്ജ് വെച്ചിട്ട് അവർക്ക് വേറെ ഒന്നും പറയാനില്ലാത്തതുകൊണ്ട് പറയുന്നതല്ലേ എന്ന്. എന്തെങ്കിലും ഒന്ന് കാണുമ്പോൾ ഉടനേതന്നെ അതിനെതിരെ നടപടി എടുക്കേണ്ടെന്ന് കരുതിയാണ് ഇതുവരെ ഒന്നും ചെയ്യാതിരുന്നത്. പക്ഷേ, ഇനിയും വ്യക്തിഹത്യ തുടരുകയാണെങ്കിൽ ഒരു വസ്തുതയും ഇല്ലാതെ നടത്തുന്ന പ്രചാരണത്തെ നിയമപരമായി നേരിടുമെന്നും ശൈലജ വ്യക്തമാക്കി.
വ്യാജ ഐ.ഡി. വെച്ചാണ് പ്രചാരണം. വ്യാജ ഐ.ഡി. ആണെങ്കിലും ഇത് ചെയ്യിപ്പിക്കുന്നവർ ഉണ്ടാകും. അവർക്കാണ് ഇതിന്റെ ഉത്തരവാദിത്വം. ഇതിനെതിരെ നിയമപരമായി നടപടികൾ സ്വീകരിക്കും. ഇത്തരം വ്യക്തിപരമായ അധിക്ഷേപങ്ങൾ ഉന്നയിക്കുന്നവർക്കെതിരെ ഈ നാട്ടിലെ ജനങ്ങൾ പ്രതികരിക്കണമെന്നും വിശ്വസിക്കുന്നുവെന്നും കെ.കെ ഷൈലജ പറഞ്ഞു.
മറ്റൊന്നും പറയാനില്ലാതെ തികച്ചും നുണ പറയുക എന്നതാണ് യുഡിഎഫുകാരുടെയും അവരുടെ സൈബർ സംഘത്തിന്റെയും പ്രവർത്തനം. പാലത്തായിലെ ഒരു കേസിനെ കുറിച്ച് ഇപ്പോൾ പറയുന്നുണ്ട്. ഞാനാ വീട്ടിൽ പോവുകയും കുട്ടിയെയും രക്ഷിതാക്കളെയും കാണുകയും ചെയ്തതാണ്. അവരുടെ കൂടെ ശക്തമായി നിലകൊണ്ട ഒരാളാണ് ഞാൻ. അന്വേഷണം കൃത്യമായി നടക്കുന്നുണ്ട്. ആ കേസ് ട്വിസ്റ്റ് ചെയ്യാനും അതുപോലെത്തന്നെ അതിനകത്ത് മറ്റു ചില മുതലെടുപ്പിന് കൂടി അന്നേ ചിലർ ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. ആ കൂട്ടത്തിൽ പെട്ട ആളുകൾ തന്നെയാണ് ഇപ്പോൾ ഈ ഗ്രൂപ്പിന്റെ സൈബർ സംഘം എന്ന നിലയിൽ പാലത്തായി എന്നു പറഞ്ഞു പ്രചരണം നടത്തുന്നത്. ആ കുട്ടിയെ അവരുടെ കുടുംബമോ എന്നെ കുറിച്ച് ഈ രീതിയിൽ പറയില്ല. പിഞ്ചുകുഞ്ഞിനെ പിച്ചിച്ചീന്തിയ സംഘിയെ സംരക്ഷിക്കുന്നു എന്നൊക്കെ പറഞ്ഞാണ് പ്രചരണം വരുന്നത്. അത് തീർത്തും അവാസ്തവമായ കാര്യമാണ്. അത് ഈ നാട്ടിലെ ജനങ്ങൾക്ക് അറിയാം എന്നാണ് പറയാനുള്ളത്, കെ. കെ ഷൈലജ കൂട്ടിച്ചേർത്തു.