KeralaNews

മലയാളത്തില്‍ തെറിയും തമിഴില്‍ തെറി അല്ലാത്തതുമായ പ്രയോഗമാണ് ജോജു നടത്തിയത്; തെളിവുണ്ടെന്ന് കെ. ബാബു

തിരുവനന്തപുരം: നടന്‍ ജോജു ജോര്‍ജിനെതിരെ വീണ്ടും ആരോപണങ്ങളുമായി കോണ്‍ഗ്രസ് എം.എല്‍.എമാര്‍. ജോജുവിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി അന്‍വര്‍ സാദത്തും കെ. ബാബുവും നിയമസഭയില്‍രംഗത്തെത്തി. അഹങ്കാരത്തിന് കൈയും കാലും വച്ചയാളാണ് ജോജു ജോര്‍ജെന്നും വിഷയത്തില്‍ കോണ്‍ഗ്രസിനോട് ജോജു ഖേദം പ്രകടിപ്പിക്കണമെന്നും അല്ലാതെ വിട്ടുവീഴ്ചയില്ലെന്നും അന്‍വര്‍ സാദത്ത് പറഞ്ഞു.

”സംഭവസമയത്ത് ബൈ റോഡ് വഴി പോകാന്‍ വോളന്റിയര്‍മാര്‍ ജോജുവിനോട് പറഞ്ഞതാണ്. എന്നിട്ടും സമരത്തിനിടയിലേക്ക് കയറി ജോജു ആക്രോശിച്ചു. ആ ജോജുവിന് എന്ത് സാമൂഹ്യപ്രതിബദ്ധതയാണുള്ളത്. കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടിയാണ് കോണ്‍ഗ്രസ് സമരം നടത്തിയത്. ജോജുവിന്റെ പ്രതിഷേധത്തിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ പിന്‍ബലമുണ്ട്. നടന് വേണ്ടി വക്കാലത്തിന് വന്നത് ചില പ്രമുഖ രാഷ്ട്രീയക്കാരാണ്. അഹങ്കാരത്തിന് കൈയും കാലും വച്ചയാളാണ് ജോജു ജോര്‍ജ്. വിഷയത്തില്‍ കോണ്‍ഗ്രസിനോട് ജോജു ഖേദം പ്രകടിപ്പിക്കണം. അല്ലാതെ വിട്ടുവീഴ്ചയില്ല. നിയമത്തിന്റെ വഴിക്ക് തന്നെ പോകും. ജോജുവിനെതിരായ കോണ്‍ഗ്രസ് വനിതാ പ്രവര്‍ത്തകരുടെ പരാതിയില്‍ ഇതുവരെ നടപടി ഇല്ല.” കേസ് പോലും പൊലീസ് എടുക്കുന്നില്ലെന്ന് അന്‍വര്‍ സാദത്ത് ആരോപിച്ചു.

ജോജു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ അസഭ്യം നടത്തിയതിന് തെളിവുണ്ടെന്നാണ് കെ.ബാബു സഭയില്‍ പറഞ്ഞത്. മലയാളത്തില്‍ തെറിയും തമിഴില്‍ തെറി അല്ലാത്തതുമായ പ്രയോഗമാണ് ജോജു നടത്തിയത്. അതിന്റെ തെളിവ് തന്റെ പക്കലുള്ള പെന്‍ഡ്രൈവിലുണ്ടെന്ന് കെ.ബാബു പറഞ്ഞു. മുന്‍പ് ജോജു ചാവക്കാട് നടത്തിയ പ്രശ്‌നങ്ങളുടെ ദൃശ്യങ്ങളും തന്റെ കൈവശമുണ്ടെന്ന് ബാബു സഭയില്‍ പറഞ്ഞു.

അതേസമയം, കൊച്ചിയില്‍ റോഡ് ഉപരോധത്തിനിടെ നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസില്‍ പ്രതികളായ കോണ്‍ഗ്രസ് നേതാക്കള്‍ കീഴടങ്ങി. മുന്‍ കൊച്ചി മേയര്‍ ടോണി ചമ്മണി ഉള്‍പ്പടെയുള്ളവരാണ് കീഴടങ്ങിയത്. പാര്‍ട്ടി തീരുമാനം അനുസരിച്ചാണ് കീഴടങ്ങലെന്നാണ് റിപ്പോര്‍ട്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker