വെറും 48 മണിക്കൂര്‍; കൂപ്പുകുത്തി ഇലോണ്‍ മസ്‌ക്; ലോകസമ്പന്നരില്‍ ഒന്നാം സ്ഥാനം വീണ്ടും നഷ്ടമായി
ന്യൂയോര്‍ക്ക്:ദിവസങ്ങള്‍ക്ക് മുമ്പാണ് ആഗോള ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം ഇലോണ്‍ മസ്‌ക് തിരിച്ചുപിടിച്ചത്. 18,700 കോടി ഡോളറിന്റെ ആസ്തിയുമായാണ് മസ്‌ക് ബ്‌ളംബെര്‍ഗ് പട്ടികയില്‍ ഒന്നാം സ്ഥാനം നേടിയത്. 2023ല്‍ 5000 കോടി ഡോളറിന്റെ വര്‍ദ്ധനയാണ് മസ്‌കിനുണ്ടായത്. എന്നാല്‍ 48 മണിക്കൂറിനുള്ളില്‍ ലോകത്തിലെ ഏറ്റവും വലിയ ധനികനെന്ന പദവി മസ്‌കിന് നഷ്ടപ്പെട്ടെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ഫോര്‍ച്യൂണാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
ബുധനാഴ്ച ടെസ്ലയുടെ ഓഹരികള്‍ 5 ശതമാനത്തിലധികം ഇടിഞ്ഞതായാണ് ഫോര്‍ച്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ മസ്‌കിന്റെ ആസ്തി ഏകദേശം 2 ബില്യണ്‍ ഡോളര്‍ കുറയുകയും ഫ്രഞ്ച് ആഡംബര ബ്രാന്‍ഡായ ലൂയി വിറ്റണ്‍ സി ഇ ഒയും ശതകോടീശ്വരനുമായ ബെര്‍ണാഡ് അര്‍നോള്‍ട്ടിനെ ഒന്നാം സ്ഥാനം നേടിയെടുക്കാന്‍ സാധിച്ചെന്നുമാണ് ഫോര്‍ച്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മസ്‌കിന്റെ ആസ്തി 1.91 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 184 ബില്യണ്‍ ഡോളറായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ടെസ്ലയുടെ ഓഹരി വിലയിലുണ്ടായ വര്‍ദ്ധനയാണ് മസ്‌കിന്‍രെ ആസ്തി ഉയരാന്‍ പ്രധാന കാരണമായത്. മസ്‌കിന് നിലവില്‍ 13 ശതമാനം ഓഹരികളാണുള്ളത്. 2022ല്‍ കൂടുതല്‍ കാലം പട്ടികയിലായിരുന്നു മസ്‌ക്.
കഴിഞ്ഞ ഒക്ടോബറിലായിരുന്നു സോഷ്യല്‍ മീഡിയ കമ്പനിയായ ട്വിറ്ററിനെ മസ്‌ക് ഏറ്റെടുത്തത്. അന്ന് ടെസ്ല ഓഹരിവിപണിയിലുണ്ടായ ഇടിവാണ് മസ്‌കിന്റെ ഒന്നാം നഷ്ടമാകാന്‍ പ്രധാനമായും കാരണമായത്. അന്ന് മുതല്‍ പട്ടികയില്‍ ബെര്‍ണാഡ് അര്‍നോയായിരുന്നു പട്ടികയില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്.
ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ തിരിച്ചടികളുടെ നാളുകളായിരുന്നു മസ്‌കിന്. 44 ബില്യണ്‍ ഡോളര്‍ ചെലവഴിച്ചാണ് അദ്ദേഹം ട്വിറ്റര്‍ ഏറ്റെടുത്തത്. ഇത് അദ്ദേഹത്തിന്റെ പ്രകടനത്തെ കാര്യമായി ബാധിച്ചു. ട്വിറ്ററിന് പ്രതിദിനം ഏകദേശം 4 മില്യണ്‍ ഡോളര്‍ നഷ്ടപ്പെടുന്നതായി നവംബറില്‍ ഇലോണ്‍ മസ്‌ക് ട്വീറ്റ് ചെയ്തിരുന്നു.
ഇതിന് പിന്നാലെ ട്വിറ്ററില്‍ നിന്ന് നിരവധി ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. 2021 സെപ്റ്റംബര്‍ മുതല്‍ ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തി എന്ന പദവി ഇലോണ്‍ മസ്‌കിന്റെ പേരിലായിരുന്നു. ഇലോണ്‍ മസ്‌കിന് മുമ്പ് ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് ആയിരുന്നു ഒന്നാമത്.