794 വര്‍ഷത്തിന് ശേഷമുള്ള അപൂര്‍വ്വ പ്രതിഭാസം! വ്യാഴവും ശനിയും നേര്‍ക്കുനേര്‍; ഇന്ന് ആകാശത്ത് ഗ്രഹങ്ങളുടെ മഹാസംഗമം
കൊച്ചി: തിങ്കളാഴ്ച സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴവും രണ്ടാം സ്ഥാനമുള്ള ശനിയും ഭൂമിയുടെ നേര്‍രേഖയില്‍ ദൃശ്യമാകും. 794 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് മാനത്തെ ഈ അപൂര്‍വ സംഗമം. തെക്കു പടിഞ്ഞാറന്‍ സന്ധ്യാ മാനത്ത് ഗ്രഹങ്ങളുടെ മഹാ സംഗമം നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാം.
ദക്ഷിണായനാന്ത ദിനമായ (സൂര്യന്‍ എറ്റവും തെക്കു ഭാഗത്തായി കാണപ്പെടുന്ന ദിവസം) ഡിസംബര്‍ 21-നു തന്നെയാണ് ഇത്തവണ ഗ്രഹ സംഗമവും നടക്കുന്നത്. തിങ്കളാഴ്ച സൂര്യാസ്തമയത്തിനു ശേഷം തെക്കുപടിഞ്ഞാറന്‍ മാനത്ത് ആദ്യം തെളിഞ്ഞു വരിക വ്യാഴമായിരിക്കും. നേരം ഇരുട്ടുന്നതോടെ അതിന്റെ തിളക്കം കൂടിക്കൂടി വരും. ക്രമേണ തൊട്ടടുത്തുള്ള ശനി ഗ്രഹത്തെയും വെറും കണ്ണു കൊണ്ടുതന്നെ കാണാം.
തെക്കു പടിഞ്ഞാറന്‍ മാനം നന്നായി കാണാവുന്നതും അധികം വെളിച്ചമില്ലാത്തതും ആയ സ്ഥലത്ത് സൂര്യാസ്തമയത്തോടെ എത്തിച്ചേര്‍ന്നാല്‍ കാഴ്ച നന്നായി ആസ്വദിക്കാമെന്ന് വിദഗ്ധര്‍ പറയുന്നു. ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ അവ ഇരട്ട ഗ്രഹം പോലെ ദൃശ്യമാവും. പതുക്കെ സഞ്ചരിക്കുന്ന രണ്ട് ഗ്രഹങ്ങളായ വ്യാഴവും ശനിയും തമ്മിലുള്ള സംഗമം ഇവിടെ നിന്ന് ദൃശ്യമാകുന്നത് അപൂര്‍വമാണ്. അതുകൊണ്ടാണ് വ്യാഴം- ശനി സംഗമത്തെ മഹാ ഗ്രഹ സംഗമം എന്ന് വിശേഷിപ്പിക്കുന്നത്.
അവസാനമായി വ്യാഴവും ശനിയും ഏറ്റവും അടുത്തു വന്ന് ഭൂമിയില്‍ നിന്ന് ദൃശ്യമായത് 1226-ലാണ്. 1623-ല്‍ ഇതുപോലെ ഇരു ഗ്രഹങ്ങളും അടുത്തുവന്നെങ്കിലും ശനി സൂര്യന് സമീപം വന്നതിനാല്‍ ഭൂമിയില്‍ ദൃശ്യമായിരുന്നില്ല. അടുത്തത് കാണാന്‍ 60 വര്‍ഷം കാത്തിരിക്കണം (2080 മാര്‍ച്ച്).
സൂര്യനെ പരിക്രമണം ചെയ്യാന്‍ വ്യാഴം 11.86 ഭൗമവര്‍ഷവും ശനി 29.4 ഭൗമ വര്‍ഷവും എടുക്കും. അതിനാല്‍ ഓരോ 19.85 ഭൗമവര്‍ഷത്തിലും ഇവ രാത്രി ആകാശത്ത് പരസ്പരം കടന്നു പോകുന്നതായി കാണപ്പെടുന്നു. എന്നാലും ഭൂമിയുടെയും വ്യാഴത്തിന്റെയും ശനിയുടെയും പാതകള്‍ തമ്മിലുള്ള ചരിവ് കാരണം അവ പലപ്പോഴും ഒരു നേര്‍രേഖയില്‍ വരാറില്ല. തിങ്കളാഴ്ച ഇവ നേര്‍രേഖയിലാണ് എത്തുന്നത്.