BusinessKeralaNews

305 കോടി രൂപയുടെ സ്വത്ത് കണ്ടു കെട്ടിയിട്ടും ജോയ് ആലുക്കാസ് ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ ജ്വല്ലറി ഉടമ! ആസ്തി വിവരങ്ങളിങ്ങനെ

കൊച്ചി:ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജോയ് ആലുക്കാസ് ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ ജ്വല്ല‍ർ. ഏറ്റവും പുതിയ ‘ഫോബ്‌സ് പട്ടിക’ പ്രകാരമാണിത്. ഇന്ത്യയിലെ ഏറ്റവും സമ്പന്നരുടെ നിരയിൽ ഇപ്പോൾ 50-ാം സ്ഥാനത്താണ് ആലുക്കാസ്. മുൻ വർഷം 69-ാം സ്ഥാനത്തായിരുന്നു. റാങ്കിംഗിൽ 19-ാം സ്ഥാനങ്ങൾ മുന്നേറിയാണ് ജോയ് ആലുക്കാസ് ഇത്തവണ 50-ാം സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത്.

2023 സാമ്പത്തിക വർഷത്തിൽ ജോയ്ആലുക്കാസ് 14,513 കോടി രൂപയുടെ വിറ്റുവരവ് നേടി. ഇന്ത്യയിൽ നിന്ന് 899 കോടി രൂപയുടെ അറ്റാദായമാണ് നേടിയത്. 2024 സാമ്പത്തിക വർഷത്തിൽ 17,500 കോടി രൂപയുടെ വിറ്റുവരവും 1,100 കോടി രൂപയുടെ അറ്റാദായവുമാണ് കമ്പനി ലക്ഷ്യമിടുന്നത്. കമ്പനിക്ക് ലോകത്ത് 160 ഷോറൂമുകൾ ഉണ്ട്. അതിൽ 100 എണ്ണം ഇന്ത്യയിലാണ്.

ഇന്ത്യയിലെ മൊത്തം ഷോറൂമുകളുടെ എണ്ണം 130 ആയി ഉയർത്താൻ പദ്ധതിയുണ്ട്. കൂടാതെ അതിന്റെ ഉത്തരേന്ത്യയിൽ സാനിധ്യം കൂടുതൽ ശക്തമാക്കാനുള്ള ശ്രമത്തിലാണ്. ഇന്ത്യയിൽ 30 പുതിയ ഷോറൂമുകളും വിദേശത്ത് 10 ഔട്ട്‌ലെറ്റുകളും തുറക്കുന്നതിനായി കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

അടുത്ത രണ്ട് സാമ്പത്തിക വർഷങ്ങളിൽ ഏകദേശം 2,400 കോടി രൂപ നിക്ഷേപിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ചെന്നൈയിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വർണ്ണാഭരണ റീട്ടെയിൽ ഔട്ട്‌ലെറ്റാണ് ജോയ്ആലുക്കാസിന്റെ ഉടമസ്ഥതയിലുള്ളത്.

ഒന്നിലധികം റീട്ടെയിൽ സ്റ്റോറുകളുമായി രാജ്യത്തും വിദേശത്തും ജ്വല്ലറി റീട്ടെയിൽ ശൃംഖല വ്യാപിപ്പിക്കുന്നതിൽ ജോയ് ആലുക്കാസ് പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ജ്വല്ലറി വ്യവസായ രംഗത്തെ പ്രമുഖനായ ആലുക്കാസ് 2008 ലെ ആഗോള സാമ്പത്തിക പ്രതിസന്ധി, 2020-ലെ കൊവിഡ് പ്രതിസന്ധി കാലഘട്ടത്തിലും ബിസിലസിന് വിജയകരമായി നേതൃത്വം നൽകി.

ഇന്ത്യയുടെ ആഭരണ വിപണി 2023-ൽ 76.77 ബില്യൺ ഡോളറിൽ നിന്ന് 2027-ഓടെ 100 ബില്യൺ ഡോളർ കടക്കുമെന്നാണ് കണക്കാക്കുന്നത്. 2022 സാമ്പത്തിക വർഷത്തെ കണക്കുകൾ പ്രകാരം ഇന്ത്യൻ ആഭരണ വിപണിയുടെ 38 ശതമാനവും ഇപ്പോൾ സംഘടിത മേഖലയ്ക്ക് കീഴിലാണ്, ഇത് 47 ശതമാനമായി ഉയരുമെന്നാണ് റിപ്പോർട്ടുകൾ.

ഐഎസ്ഒ സർട്ടിഫൈഡ് മൾട്ടി-നാഷണൽ ജ്വല്ലറി ഗ്രൂപ്പാണ് ഇപ്പോൾ ജോയ്ആലുക്കാസ്. തൃശ്ശൂരിൽ ഒരു ചെറുകിട ജ്വല്ലറിയായി ആരംഭിച്ച സ്ഥാപനത്തിന് ഇപ്പോൾ 11 രാജ്യങ്ങളിലായി 160 ഷോറൂമുകൾ ഉണ്ട്, 9000-ത്തിലധികം ജീവനക്കാരുണ്ട്. ചുരുങ്ങിയ കാലയളവിനുള്ളിൽ, ലോകമെമ്പാടുമുള്ള 10 ദശലക്ഷം ഉപഭോക്താക്കളുടെ ജ്വല്ലറി പങ്കാളിയായി ജോയ്ആലുക്കാസ് ഗ്രൂപ്പ് മാറി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button