FeaturedKeralaNews

തദ്ദേശതെരഞ്ഞെടുപ്പുവരെ ജോസ് പക്ഷം ആരുടെയും ഭാഗമാകില്ല,മുന്നണിയില്‍ നിന്നും പുറത്താക്കിയശേഷമുള്ള ആദ്യ യു.ഡി.എഫ് യോഗം ഇന്ന്

കോട്ടയം തദ്ദേശ തെരഞ്ഞെടുപ്പ് വരെ ഒരു മുന്നണിയുടെയും ഭാഗമാകാനില്ലെന്ന് ജോസ് കെ മാണി വിഭാഗം. എന്‍ ജയരാജ് എംഎല്‍എയാണ് ഇക്കാര്യം പറഞ്ഞത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ജോസ് വിഭാഗം ഒറ്റയ്ക്ക് രംഗത്ത് ഇറങ്ങും. ഇതിനായി പാര്‍ട്ടിയെ സജ്ജമാക്കുമെന്നും എന്‍ ജയരാജ് ് പറഞ്ഞു.

കെ.എം. മാണിയുടെ പാര്‍ട്ടി തളര്‍ന്നുപോകില്ല. കൂടുതല്‍ കരുതലോടെ പ്രവര്‍ത്തനം നടത്തും. കോട്ടയം ജില്ലാ പഞ്ചായത്തില്‍ അവിശ്വാസ പ്രമേയം വന്നാല്‍ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. ഏകപക്ഷീയമായ പുറത്താക്കല്‍ നടപടിയാണ് നടത്തിയിരിക്കുന്നത്. രാഷ്ട്രീയ വനവാസത്തിലേക്ക് പോകാനില്ല. പാര്‍ട്ടിയെ ശക്തിപ്പെടുത്തി തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടും. തെരഞ്ഞെടുപ്പില്‍ കരുത്ത് തെളിയിക്കും.

ഇന്ത്യയില്‍ ആദ്യമായി പഞ്ചവത്സര പദ്ധതിക്കെതിരെ ബദല്‍ രേഖയുണ്ടാക്കിയ ആളാണ് കെ എം മാണി. അധ്വാനവര്‍ഗ സിദ്ധാന്തം ഉണ്ടാക്കി. ആ മാണിസാറിന്റെ കരുത്തില്‍ വളര്‍ന്ന പാര്‍ട്ടിയാണിത്. ഈ പാര്‍ട്ടിക്ക് ഒരു ഘടനയുണ്ട്. ഇപ്പോഴുണ്ടായിരിക്കുന്ന അംഗബലത്തേക്കാള്‍ കൂടുതലായിരിക്കും തദ്ദേശഭരണ തെരഞ്ഞെടുപ്പിന് ശേഷമെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ യുഡിഎഫില്‍ നിന്ന് ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയ ശേഷമുള്ള ആദ്യ മുന്നണി യോഗം ഇന്ന് ചേരും. മറ്റൊരു മുന്നണിയിലേക്ക് ഉടനില്ലെന്ന് ജോസ് പക്ഷം നിലപാട് വ്യക്തമാക്കിയ സാഹചര്യത്തില്‍ തുടര്‍ന്നുള്ള രാഷ്ട്രീയ നീക്കങ്ങള്‍ യുഡിഎഫ് ചര്‍ച്ച ചെയ്യും. ജോസ് കെ മാണിയുടെ പ്രതികരണങ്ങള്‍ക്ക് പ്രകോപനപരമായ മറുപടി പാടില്ലെന്ന നിലപാടിലാണ് നേതൃത്വം.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ചുള്ള മുന്നണി ധാരണ പാലിക്കാത്തതാണ് പൊടുന്നനെയുള്ള പൊട്ടിത്തെറിക്ക് ഇടയാക്കിയത്. ഘടക കക്ഷികളോട് നേതൃത്വം ഈ സാഹചര്യം വിശദീകരിക്കും. ജോസ് പക്ഷത്തോട് മുന്നണിയുടെ തുടര്‍ന്നുള്ള സമീപനം എങ്ങനെ വേണമെന്നും യോഗം ചര്‍ച്ച ചെയ്യും.

നിലവിലെ കലുഷിത സാഹചര്യം കെട്ടടങ്ങുമ്പോള്‍ തുടര്‍ നീക്കങ്ങള്‍ ആലോചിക്കാമെന്നതാണ് യുഡിഎഫ് നിലപാട്. ജോസ് കെ മാണിയുടെ വിമര്‍ശനങ്ങള്‍ക്ക് പ്രകോപനപരമായ മറുപടികള്‍ ഒഴിവാക്കണമെന്നും നേതാക്കള്‍ക്ക് അഭിപ്രായമുണ്ട്. കോട്ടയം ജില്ലാ പഞ്ചായത്തില്‍ ജയം ഉറപ്പില്ലാതെ അവിശ്വാസം കൊണ്ടു വരുന്നതിനോട് കോണ്‍ഗ്രസ് നേതൃത്വത്തിന് യോജിപ്പില്ല. അവിശ്വാസ നീക്കം യുഡിഎഫിന് കൂടുതല്‍ ക്ഷീണം ഉണ്ടാക്കുമെന്ന വിലയിരുത്തലും നേതൃത്വത്തിനുണ്ട്.

അവിശ്വാസ നീക്കത്തിനായി ജോസഫ് പക്ഷം വാശി പിടിക്കില്ലെന്ന പ്രതീക്ഷയിലാണ് മുന്നണി നേതൃത്വം. തദ്ദേശ തെരഞ്ഞെടുപ്പിന് ചുരുങ്ങിയ നാളുകള്‍ മാത്രം ശേഷിക്കെ അവിശ്വാസ നീക്കം വേണ്ടെന്ന അഭിപ്രായം ജോസഫ് പക്ഷത്തെ അറിയിച്ചേക്കും. ഇ – മൊബിലിറ്റി പദ്ധതിയിലെ ദുരൂഹതകള്‍ ഉയര്‍ത്തി സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാനും തന്ത്രം മെനയും. വൈകിട്ട് മൂന്നിന് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് യോഗം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker