KeralaNews

ഒരാളെ പ്രണയിച്ചു, ഒരാളുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടു, പ്രണയം തകർന്നുപോയി, അയാൾ നിങ്ങളെ വിവാഹം ചെയ്യാൻ തയ്യാറല്ല എന്ന കാരണങ്ങൾ കൊണ്ട് ആത്മഹത്യ ചെയ്യാനാണ് നിങ്ങൾ തീരുമാനിക്കുന്നത് എങ്കിൽ അത് ഏറ്റവും മണ്ടൻ തീരുമാനം മാത്രമായി മാറും ; നമ്മുടെ ജീവനേക്കാളും ജീവിതത്തേക്കാളും വലുതായി മറ്റൊന്നുമില്ല : ജോമോൾ ജോസഫ്

കൊച്ചി:വിവാഹത്തിൽ നിന്നു വരൻ പിൻമാറിയതിൽ മനംനൊന്ത് റംസി എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരിച്ച് മോഡലായ ജോമോൾ ജോസഫ്.

ഇത് കേവലം ഒരു റംസിയുടെ മാത്രം കഥയല്ല, ആത്മഹത്യ ചെയ്യാതെ, ജീവിതത്തിലെ സകല പ്രതീക്ഷകളും നഷ്ടപ്പെട്ട് മരിച്ചതിന് തുല്യം ജീവിക്കുന്ന, നിരവധി പെൺകുട്ടികളുടെ കഥകൂടിയാണിതെന്നു ജോമോൾ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു. റംസിയുടെ ആത്മഹത്യക്ക് നമ്മുടെ സാമൂഹ്യ വ്യവസ്ഥ തന്നെയാണ് കാരണ. ഒരാളുമായി പ്രണയത്തിലായാൽ, ഒരാളുമായി ശരീരിക ബന്ധത്തിലേർപ്പെട്ടാൽ, അയാൾ മാത്രമേ ജീവിത്തതിലുണ്ടാകാവൂ എന്ന കാഴ്ചപ്പാട് റംസിയടക്കം നമ്മുടെ പെൺകുട്ടികളിലേക്ക് സമൂഹം അടിച്ചേൽപ്പിക്കപ്പെടുന്ന ചിന്താഗതിയാണ് നിലനിൽക്കുന്നത്. ഒരാളെ പ്രണയിച്ചു, ഒരാളുമായി ലൈംഗീക ബന്ധത്തിലേർപ്പെട്ടു, പ്രണയം തകർന്നുപോയി, അയാൾ നിങ്ങളെ വിവാഹം ചെയ്യാൻ തയ്യാറല്ല എന്ന കാരണങ്ങൾ കൊണ്ട് ആത്മഹത്യ ചെയ്യാനാണ് നിങ്ങൾ തീരുമാനിക്കുന്നത് എങ്കിൽ അത് ഏറ്റവും മണ്ടൻ തീരുമാനം മാത്രമായി മാറും. നമ്മുടെ ജീവനേക്കാളും ജീവിതത്തേക്കാളും വലുതായി മറ്റൊന്നുമില്ലെന്നും ജോമോൾ പറഞ്ഞു.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ :

റംസിയുടെ ആത്മഹത്യ – പെൺകുട്ടികളോടായി ചില കാര്യങ്ങൾ പറയാതെ വയ്യ

ആത്മഹത്യ ചെയ്ത റംസിക്ക് ഇരുപത്തിനാല് വയസ്സ്, പത്ത് വർഷത്തോളം നീണ്ട പ്രണയമായിരുന്നു റംസിയും ഹാരിസും തമ്മിൽ. ഹാരിസ് പലതവണ വിവാഹത്തിൽ നിന്നും ബുദ്ധിപൂർവ്വം ഒഴിഞ്ഞുമാറി, വിവാഹം നീട്ടി നീട്ടി കൊണ്ടുപോയി, അതിനിടയിൽ റംസി ഗർഭിണിയായി, ആ ഗർഭം ഹാരിസിന്റെ വീട്ടുകാർ ഇടപെട്ട് അലസിപ്പിക്കുന്നു. സാമ്പത്തീകമായി റംസിയെ ചൂഷണം ചെയ്ത ഹാരിസ്, ഇതിനിടയിൽ സാമ്പത്തീകമായി നല്ല നിലയിലുള്ള മറ്റൊരു സ്ത്രീയുമായി അടുപ്പത്തിലാകുകയും, അവളെ വിവാഹം കഴിക്കാനായി റംസിയെ തഴയുകയും ചെയ്യുന്നു. ഹാരിസിന്റെ വീട്ടുകാരുടെ കാലുപിടിച്ചും വിവാഹം നടത്താനുള്ള റംസിയുടെ ശ്രമങ്ങൾ വിഫലമായപ്പോൾ റംസി ആത്മഹത്യ ചെയ്യുന്നു- ഇതാണ് റംസിയുടെ പത്തുവർഷത്തെ കഥ ചുരുക്കത്തിൽ..

ഇത് കേവലം ഒരു റംസിയുടെ മാത്രം കഥയല്ല, ആത്മഹത്യ ചെയ്യാതെ, ജീവിതത്തിലെ സകല പ്രതീക്ഷകളും നഷ്ടപ്പെട്ട് മരിച്ചതിന് തുല്യം ജീവിക്കുന്ന, നിരവധി പെൺകുട്ടികളുടെ കഥകൂടിയാണിത്.

ഇവിടെ റംസി ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യം നമ്മുടെ സാമൂഹ്യ വ്യവസ്ഥ തന്നെയാണ്. ഒരാളുമായി പ്രണയത്തിലായാൽ, ഒരാളുമായി ശരീരിക ബന്ധത്തിലേർപ്പെട്ടാൽ, അയാൾ മാത്രമേ ജീവിത്തതിലുണ്ടാകാവൂ എന്ന കാഴ്ചപ്പാട് റംസിയടക്കം നമ്മുടെ പെൺകുട്ടികളിലേക്ക് സമൂഹം അടിച്ചേൽപ്പിക്കപ്പെടുന്ന ചിന്താഗതിയാണ്.

പ്രണയവും ശാരീരിക ബന്ധവും ആജീവനാന്തകാലത്തേക്കുള്ള കരാറോ ബാധ്യതയോ ആണെന്നുളള ചിന്താഗതി മാറേണ്ടതുണ്ട്. അതോടൊപ്പം തന്നെ, വിവാഹമെന്ന സാമൂഹ്യക്രമത്തിന് പുറത്തുള്ള ബന്ധങ്ങളിൽ കുട്ടികളുണ്ടായാൽ, ആ കുട്ടി അമ്മയുടെ മാത്രം ഉത്തരവാദിത്തവും ബാധ്യതയുമെന്നുള്ള സാമൂഹ്യ ചിന്തകളും മാറേണ്ടതുണ്ട്. അതിനുമപ്പുറം വഴി പിഴച്ചവളോ പഴച്ചവളോ പോക്കുകേസോ വേശ്യയോ ഒക്കെയായി ആയി അവളെ മാത്രം മുദ്രകുത്തുന്ന പൊതുബോധവും മാറിയേ മതിയാകൂ. പെണ്ണിന് മാത്രം വിർജിനിറ്റി ബാധകവും, ആണ് വിർജിനെങ്കിൽ അവനെന്തോ കുഴപ്പമുണ്ട് എന്ന ചിന്താധാരയും മാറിയേ പറ്റൂ. വിവാഹേതര ബന്ധങ്ങളിലും, പ്രണയ ബന്ധങ്ങളിലും കുട്ടികളുണ്ടാകാതെ നോക്കുക, അതിനായി പ്രികോഷൻസ് സ്വീകരിക്കുക എന്ന പ്രാഥമീക പാഠം ലൈംഗീകബന്ധങ്ങളിലേക്ക് കടക്കുന്നവർ ഓർത്തിരിക്കുക. അതിനുമൊക്കെയപ്പുറം ലൈംഗീകത പാപമല്ല മറിച്ച് ശരീരങ്ങളുടെ ജൈവീക ആവശ്യമാണ് എന്ന ചിന്തയും വളരേണ്ടതുണ്ട്.

ഏതൊരു പ്രണയ, വിവാഹ ബന്ധങ്ങളിലും എപ്പോൾ വേണമെങ്കിലും അകൽച്ചകളും പൊരുത്തക്കേടുകളും സംഭവിക്കാം. മനുഷ്യർ തമ്മിലുള്ള ബന്ധങ്ങളെല്ലാം അങ്ങനെതന്നെയാണ്. അങ്ങനെ ബന്ധങ്ങളിൽ സംഭവിക്കുന്ന അകൽച്ചകൾ കാരണം, നമ്മളിൽ നിന്നും അകന്നു മാറി പോകുന്നവരെ ഒരിക്കലും ചേർത്തുനിർത്താനായി പെടാപാട് പെടരുത്. ഒരു വ്യക്തിയേയും പിടിച്ച് കെട്ടിയിട്ട് സ്വന്തമാക്കി വെക്കാൻ ആർക്കും സാധിക്കില്ല. നാളെ ഒറ്റക്കായിപ്പോയാൽ, ഒറ്റക്ക് ജീവിക്കാനുള്ള തയ്യാറെടുപ്പ് മാനസീകമായി നടത്തുന്നതോടൊപ്പം തന്നെ, ഒരാളുടെ തണലിൽ ജീവിക്കുക എന്നതിൽ നിന്നും മാറി സ്വതന്ത്രമായി ജീവിക്കാനും, സ്വന്തം കരുത്തിലും അദ്ധ്വാനത്തിലും ജീവിതം മുന്നോട്ട് കൊണ്ടുപോകാനുള്ള കഴിവും നമ്മൾ സ്വായത്തമാക്കണം. അതിനായി സ്വയം പര്യാപ്തമാകുന്നതിന് പെൺകുട്ടികൾ ശീലിക്കണം.

ആർക്കെങ്കിലും കാഴ്ചവെക്കാനായി കാത്തുസൂക്ഷിക്കേണ്ട ഒന്നാണ് പെൺകുട്ടികളുടെ ശരീരമെന്ന ചിന്താഗതി മാറേണ്ടതുണ്ട്. നമുക്ക് ദാഹിക്കുമ്പോൾ വെള്ളം കുടിക്കുന്നതുപോലെ, വിശക്കുമ്പോൾ ഭക്ഷണം കഴിക്കുന്നതുപോലെ തന്നെയുള്ള ജൈവീക പ്രക്രിയ മാത്രമാണ് ലൈംഗീകതയും എന്ന ചിന്തയിലേക്ക് നമ്മൾ നമ്മളെ പറിച്ചുനടണം. ലൈംഗീകത ആവശ്യമുള്ള അവസരത്തിൽ ലൈംഗീക പങ്കാളിയുമൊത്ത്, ലൈംഗീകസുഖം നേടാൻ മടിക്കേണ്ടതില്ല. എന്നാൽ ലൈംഗീക ബന്ധത്തിലേർപ്പെട്ടു എന്ന ഒറ്റക്കാരണം കൊണ്ട്, ജീവിതകാലം മുഴുവനും അയാൾ നമ്മളോടൊപ്പം വേണം, നമ്മളെ സംരക്ഷിക്കണം എന്ന ചിന്ത പാടില്ല. പകരം സുരക്ഷിത ലൈംഗീക ബന്ധത്തിന് പ്രാമുഖ്യം നൽകി, ജീവിതം ആസ്വദിച്ച് ജീവിക്കാനുള്ളതാണ് എന്ന ചിന്തയിൽ ജീവിക്കുക.

ഒരാളെ പ്രണയിച്ചു, ഒരാളുമായി ലൈംഗീക ബന്ധത്തിലേർപ്പെട്ടു, പ്രണയം തകർന്നുപോയി, അയാൾ നിങ്ങളെ വിവാഹം ചെയ്യാൻ തയ്യാറല്ല എന്ന കാരണങ്ങൾ കൊണ്ട് ആത്മഹത്യ ചെയ്യാനാണ് നിങ്ങൾ തീരുമാനിക്കുന്നത് എങ്കിൽ അത് ഏറ്റവും മണ്ടൻ തീരുമാനം മാത്രമായി മാറും. നമ്മുടെ ജീവനേക്കാളും ജീവിതത്തേക്കാളും വലുതായി മറ്റൊന്നുമില്ല എന്ന യാഥാർത്ഥ്യം നമ്മൾ ഉൾക്കൊണ്ടേ മതിയാകൂ. ജീവിക്കാനും ജീവനോടെയിരിക്കാനുമാണ് പാട്. ജീവിതം ആസ്വദിച്ചു ജീവിക്കുക എന്നതാണ് വലിയ വെല്ലുവിളി. ആ വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറല്ലാത്തവർ ഒളിച്ചോടുന്ന ഭീരുക്കൾ മാത്രമാണ്. ആത്മഹത്യ ചെയ്യാനിരിക്കുന്നവർ ഒരു കാര്യം മനസ്സിലാക്കുക, ജീവിതത്തിൽ പ്രതിസന്ധികൾ വരുമ്പോൾ ആത്മഹത്യ ചെയ്യാനാണ് നിങ്ങളുടെ തീരുമാനമെങ്കിൽ, ഒരു ജീവിതത്തിൽ തന്നെ കുറഞ്ഞത് ആയിരം തവണ ആത്മഹത്യ ചെയ്യാനുള്ള സാഹചര്യങ്ങൾ ഉണ്ടായേക്കാം. ആയിരം തവണയൊക്കെ ഒരാൾ ആത്മഹത്യ ചെയ്യുക എന്നത് പ്രായോഗീകമല്ലല്ലോ, ഒരാൾക്ക് ഒരുതവണയല്ലേ ആത്മഹത്യ ചെയ്യാനാകൂ.. 😜 സോ ആത്മഹത്യ ഒരു സൊല്യൂഷനേയല്ല..

നഷ്ടങ്ങളെയോ നഷ്ടപ്പെടലുകളേയോ ഓർത്ത് കരഞ്ഞ് കണ്ണീർക്കടലാക്കാനുള്ളതല്ല ജീവിതം. ജീവിച്ചിരിക്കുന്ന ഓരോ നിമിഷങ്ങളിലും സങ്കടപ്പെടാനുള്ള കാരണങ്ങളേക്കാൾ സന്തോഷിക്കാനുള്ള കാരണങ്ങൾ നമുക്ക് ചുറ്റിലുമുണ്ട്. സങ്കടങ്ങളെ അവഗണിച്ച് സന്തോഷിക്കാനുള്ള കാരണങ്ങളെ കണ്ടെത്തി ജീവിച്ചുനോക്കിക്കേ, എന്തൊരു സുന്ദരമായിരിക്കും ജീവിതം..

നിരവധി തവണ ആത്മഹത്യ ചെയ്യാനായി നോക്കിയ ഒരു മണ്ടിയായിരുന്നു ഈ ഞാനും കുറച്ച് വർഷങ്ങൾ മുമ്പ് വരെ എന്നത് തുറന്നുപറയാൻ എനിക്ക് യാതൊരു മടിയുമില്ല. ജീവിത യാഥാർത്ഥ്യങ്ങളോട് പൊരുത്തപ്പെടാനും അവയെ അംഗീകരിക്കാനും തയ്യാറായ നിമിഷം മുതൽ ആത്മഹത്യാ ചിന്ത എന്നിൽ ഇല്ലാതായി, മാത്രമല്ല ഓരോ നിമിഷവും ആസ്വദിച്ച് ജീവിക്കുക എന്ന തീരുമാനത്തിലേക്ക് ഞാൻ വന്നപ്പോൾ എന്റെ ജീവിതവും സുന്ദരമായി..

നബി 1 – റംസിയുടെ ആത്മഹത്യക്ക് കാരണം നമ്മുടെ സമൂഹവും, സമൂഹത്തിലെ കപട സദാചാര ചിന്തകളും തന്നെയാണ്.

നബി 2 – കേവലം ലൈംഗീക സംതൃപ്തിക്ക് വേണ്ടി വിവാഹമെന്നും, ജീവിതകാലം മുഴുവനും കൂടെയുണ്ടാകും എന്നും വാഗ്ദാനം നൽകുന്നതും തെറ്റ് തന്നെയാണ്. ലൈംഗീക സംതൃപ്തിയും വിവാഹ/കുടുംബ ജീവിതവും രണ്ടായി കാണാൻ കഴിയണം

റംസിയുടെ ആത്മഹത്യ – പെൺകുട്ടികളോടായി ചില കാര്യങ്ങൾ പറയാതെ വയ്യ ആത്മഹത്യ ചെയ്ത റംസിക്ക് ഇരുപത്തിനാല് വയസ്സ്, പത്ത്…

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker