കോൺഗ്രസ് നേതാക്കളുമായി തൽക്കാലം ഒത്തുതീർപ്പിനില്ലെന്ന് ജോജു ജോർജ്
കൊച്ചി: കോൺഗ്രസ് നേതാക്കളുമായി തൽക്കാലം ഒത്തുതീർപ്പിനില്ലെന്ന് ജോജു ജോർജ്. വ്യക്തിപരമായി വി.ഡി സതീശനും കെ. സുധാകരനും ഖേദ പ്രകടനം നടത്തിയിട്ടുണ്ടെന്നും ജോജുവിന്റെ അഭിഭാഷകൻ രഞ്ജിത്ത് മാരാർ പറഞ്ഞു.”കോൺഗ്രസ് നേതാക്കൾ ഫോണിൽ വിളിച്ച് ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. പരസ്യമായി പ്രസ്താവന നൽകാനും അവർ തയ്യാറാണ്. പരസ്യമായ ഖേദ പ്രകടനം എന്തായാലും ഉണ്ടാവണം”- അഡ്വ. രഞ്ജിത്ത് മാരാർ പറഞ്ഞു.
ഒത്തുതീർപ്പിന് ചില വ്യവസ്ഥകൾ ജോജു മുന്നോട്ട് വെച്ചിട്ടുണ്ട്. കോൺഗ്രസ് നേതാക്കൾ തനിക്കെതിരെ നടത്തിയ വ്യക്തിപരമായ പ്രസ്താവനകൾ പരസ്യമായി പിൻവലിക്കണമെന്നാണ് ജോജു ജോർജിന്റെ നിലപാട്. സ്ത്രീകൾക്കെതിരെ അസഭ്യം പറഞ്ഞു എന്നതുൾപ്പടെയുള്ള ഗുരുതരമായ പരാതികളാണ് കോൺഗ്രസ് ജോജുവിനെതിരെ ഉയർത്തിയിരുന്നത്.
ഇതെല്ലാം പൊതുസമൂഹത്തിന് മുന്നിലുണ്ടെന്നും ഇത് പിൻവലിക്കണമെന്നുമാണ് ജോജുവിന്റെ ആവശ്യം. അങ്ങനെയെങ്കിൽ ഒത്തുതീർപ്പിനെ കുറിച്ച് ആലോചിക്കാമെന്നാണ് ജോജുവിന്റെ നിലപാടെന്നുമാണ് ജോജുവിന്റെ അഭിഭാഷകന്റെ വാക്കുകളിൽ നിന്ന് വ്യക്തമാകുന്നത്.
ഇക്കാര്യത്തിൽ ഒരു ഒത്തുതീർപ്പിന്റെ സാധ്യത പൂർണമായും അടഞ്ഞിട്ടില്ല. കോൺഗ്രസ് നേതാക്കളിൽ നിന്ന് വരാനിരിക്കുന്ന പ്രസ്താവനയെ ആശ്രയിച്ചായിരിക്കും കേസിന്റെ ഭാവി നടപടികൾ എന്ന സൂചനയാണ് ജോജുവിന്റെ അഭിഭാഷകൻ നൽകുന്നത്.
ഡി.സി.സി നടന്നുകൊണ്ടിരിക്കുകയാണ്. യോഗത്തിന് ശേഷം കേസുമായി ബന്ധപ്പെട്ട പ്രസ്താവന ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ജോജുവിന് കൂടി അംഗീകരിക്കാനാവുന്നതാണെങ്കിൽ കേസുമായി ബന്ധപ്പെട്ട നടപടികൾ അവസാനിപ്പിക്കും. അല്ലാത്തപക്ഷം കേസ് ശക്തമായി മുന്നോട്ട് കൊണ്ടുപോകാനാണ് ജോജു ജോർജിന്റെ തീരുമാനം.