തിരുവനന്തപുരം:തൊഴിലും നൈപുണ്യവും വകുപ്പിന്റെ ഒഡെപെക് മുഖേന യു.എ.ഇ, സൗദി അറേബ്യ, ബോട്‌സ്വാന, യു.കെ. എന്നിവിടങ്ങളിൽ വൻ തൊഴിലവസരങ്ങൾ. വിവിധ മേഖലകളിലായി 200 ഓളം ഒഴിവുകളിലേക്ക് അപേക്ഷിക്കാം.
നഴ്‌സ്, ഡോക്ടർ, തുടങ്ങിയ ഒഴിവുകളിലേക്കാണ് ഉടൻ റിക്രൂട്ട്‌മെന്റ് നടക്കുന്നത്. സൗദി അറേബ്യയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിൽ ബി.എസ്.സി നഴ്‌സുമാരുടേയും ജനറൽ നഴ്‌സുമാരുടേയും ഒഴിവുണ്ട്. ബി.എസ്.സി നഴ്‌സിന് ഒരു വർഷവും ജനറൽ നഴ്‌സിങ്ങിന് രണ്ടു വർഷവുമാണ് പ്രവൃത്തി പരിചയം വേണ്ടത്. ജനറൽ നഴ്‌സിങ് വിഭാഗത്തിലേക്ക് സ്ത്രീകൾക്കായാണ് റിക്രൂട്ട്‌മെന്റ്.
യു.എ.ഇയിലേയും സൗദി അറേബ്യയിലേയും പ്രമുഖ ഇൻഡസ്ട്രിയൽ ക്ലിനിക്കിലേക്ക് ബി.എസ്.സി നഴ്‌സിന്റെ (പുരുഷൻ) ഒഴിവിലേക്ക് മൂന്നു വർഷം പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർഥികളെ നിയമിക്കുന്നതിന് നവംബർ രണ്ടാം വാരം കൊച്ചിയിലും ഡൽഹിയിലും റിക്രൂട്ട്‌മെന്റ് നടത്തും. HAAD/DOH/Prometric പാസായവർക്കു മുൻഗണന നൽകും.
ബോട്‌സ്വാനയിലേക്ക് 5 വർഷം പ്രവൃത്തി പരിചയമുള്ള കൺസൾട്ടൻസ് ഡോക്ടർമാരെയാണ് തെരഞ്ഞെടുക്കുന്നത്. സൗദി അറേബ്യയിലെ പ്രമുഖ ആശുപത്രിയിലേക്ക്് ബിടെക് കഴിഞ്ഞ് അഞ്ചു വർഷം ആശുപത്രികളിൽ പ്രവൃത്തി പരിചയമുള്ള മെയിന്റനൻസ് എൻജിനീയർ, സേഫ്റ്റി എൻജിനീയർ എന്നിവരെയും ഡിഗ്രി കഴിഞ്ഞ് രണ്ടു വർഷം പ്രവൃത്തിപരിചയമുള്ള പുരുഷ ഫിസിയോതെറാപ്പിസ്റ്റിനെയും ആവശ്യമുണ്ട്.
യു.കെയിലേക്ക് IELTS/OET പാസായ നഴ്‌സുമാർക്കും അവസരമുണ്ട്. നഴ്‌സുമാർക്ക് യു.കെയിലെ നാഷണൽ ഹെൽത്ത് സർവ്വീസിന്റെ (NHS) കീഴിലുള്ള വിവിധ ആശുപത്രികളിൽ തൊഴിൽ നേടുന്നതിനോടൊപ്പം പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ സർട്ടിഫിക്കറ്റും കരസ്ഥമാക്കാൻ അവസരമൊരുക്കുന്ന ഗ്ലോബൽ ലേണേഴ്‌സ് പ്രോഗ്രാമിന്റെ (GLP ഭാഗമായാണ് നിയമനം. യു.കെയിലെ NHS ട്രസ്റ്റ് ഹോസ്പിറ്റലുകളിൽ സൗജന്യ നിയമനം നൽകും. യു.കെയിൽ നിയമനമാഗ്രഹിക്കുന്ന നഴ്‌സുമാർക്ക് IELTS പരിശീലനം നല്കുന്നതിന് എറണാകുളത്തും തിരുവനന്തപുരത്തും ഡൽഹിയിലും ഒഡെപെക്ക് പരിശീലനകേന്ദ്രം ആരംഭിച്ചിട്ടുണ്ട്.
വിശദവിവരങ്ങൾ www.odepc.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0471 – 2329440/41/42/43.