മുംബൈ: ലോകത്തെ പല തരം ബ്രാന്‍ഡുകളും ഇന്ത്യയിലെത്തിച്ച് തരംഗമായിരിക്കുകയാണ് മുകേഷ് അംബാനി. അദ്ദേഹത്തിന്റെ ജിയോ വേള്‍ഡ് പ്ലാസയാണ് ആഗോള ബ്രാന്‍ഡുകളെ മുഴുവന്‍ ഇന്ത്യയിലെത്തിച്ചിരിക്കുന്നത്. മുംബൈയിലുള്ള ഈ ലക്ഷ്വറി മാള്‍ ഇന്ന് ഷോപ്പിംഗിന്റെ സിരാ കേന്ദ്രമായി മാറിയിരിക്കുകയാണ്.
ഇതുവരെ ഇന്ത്യയില്‍ ഇല്ലാത്ത നിരവധി ബ്രാന്‍ഡുകളും മുകേഷ് അംബാനിയുടെ മാളിലൂടെ പുതിയ ഷോറൂം ആരംഭിച്ചിരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനിക്ക് ഈ മാളിലെ ആഡംബര ബ്രാന്‍ഡുകള്‍ എല്ലാം കൂടി നല്‍കുന്ന തുക എത്രയാണെന്ന് അറിയുമോ? വന്‍ തോതിലാണ് വരുമാനം അദ്ദേഹത്തിന് ലഭിക്കുന്നത്.
മുകേഷ് അംബാനിക്ക് 92 ബില്യണ്‍ യുഎസ് ഡോളറിന്റെ ആസ്തിയാണ് ഉള്ളത്. ഏകദേശം 7.6 ലക്ഷം കോടി രൂപ വരുമിത്. ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായി ഇത് മുകേഷ് അംബാനിയെ മാറ്റിയിരിക്കുകയാണ്. നിലവില്‍ തന്റെ ബിസിനസ് സാമ്രാജ്യം വലുതാക്കി എടുക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം. ചെറുതും വലുതുമായ നിരവധി ബ്രാന്‍ഡുകളെ അംബാനിയും മകള്‍ ഇഷയും ഇന്ത്യയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്.ഇതിന്റെ ഭാഗമായിട്ടാണ് ജിയോ വേള്‍ഡ് പ്ലാസ നിര്‍മിച്ചത്.
ലൂയി വുയ്‌തോണ്‍ അടക്കം ആഡംബര ബ്രാന്‍ഡുകളെ ഇന്ത്യയിലേക്ക് കൊണ്ടുവന്നതിന്റെ ക്രെഡിറ്റ് റിലയന്‍സിനുള്ളതാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര മാളാണ് ജിയോ വേള്‍ഡ് പ്ലാസ. ജിയോ വേള്‍ഡ് പ്ലാസ മുംബൈയിലെ ബികെസിയിലെ ജിയോ വേള്‍ഡ് സെന്ററിന്റെ ഭാഗമാണ്. ഇവിടെയാണ് ഫാഷന്‍ ബ്രാന്‍ഡുകളായ ലൂയി വുയ്‌തോണ്‍, ബലന്‍സിയാഗ, ഡിയോര്‍ പോലുള്ള വമ്പന്‍ ബ്രാന്‍ഡുകള്‍ക്ക് ഷോറൂം ഉള്ളത്.
ഇവരുടെ സ്‌റ്റോറുകള്‍ക്ക് വലിയ വാടകയും നല്‍കുന്നുണ്ട്. അതിലൂടെ മുകേഷ് അംബാനിക്ക് ലഭിക്കുന്ന വരുമാനമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ഫ്രഞ്ച് ആഡംബര ഫാഷന്‍ കമ്പനിയായ ലൂയി വുയ്‌തോണിന് ജിയോ വേള്‍ഡ് പ്ലാസയില്‍ ഷോറൂമുണ്ട്. ഇന്ത്യയിലെ നാലാമത്തെ ഷോറൂമാണിത്. 40.50 ലക്ഷമാണ് മാസത്തില്‍ വാടകയായി ഇതിലൂടെ മുകേഷ് അംബാനിക്ക് ലഭിക്കുന്നത്. 7365 സ്‌ക്വയര്‍ ഫീറ്റിലാണ് ഈ ഷോറൂം. എല്‍വിയുടെ ഇന്ത്യയിലെ ഏറ്റവും വലിയ ഷോറൂമാണിത്.
എല്‍വിഎംഎച്ച് കമ്പനി ശൃംഖലയില്‍ നിന്നുള്ള മറ്റൊരു ബ്രാന്‍ഡായ ഡിയോറിനും ഇവിടെ ഷോറൂമുണ്ട്. 3317 സ്‌ക്വയര്‍ ഫീറ്റിലാണ് ഈ ഷോറൂമുള്ളത്. ഡിയോറിന്റെ ഇന്ത്യയിലെ മൂന്നാമത്തെ ഷോറൂമാണിത്. ഇവര്‍ വാടകയായി നല്‍കുന്നത് മാസത്തില്‍ 21.56 ലക്ഷമാണ്. 2022ല്‍ ഇഷാ അംബാനിയുടെ റിലയന്‍സ് റീട്ടെയില്‍ ബലന്‍സിയാഗയുമായി കരാറുണ്ടാക്കിയിരുന്നു.
ഈ ബ്രാന്‍ഡിനെ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത് ഇഷയായിരുന്നു. ജിയോ വേള്‍ഡ് പ്ലാസയിലേത് അവരുടെ ആദ്യത്തെ ഷോറൂമാണ്. 40 ലക്ഷം രൂപ ബലന്‍സിയാഗയും അവരുടെ ഷോറൂമിന് വാടകയായി നല്‍കുന്നുണ്ട്. ബര്‍ബറി, ഗുച്ചി, കാര്‍ട്ടിയര്‍, ബല്‍ഗാരി, ഐഡബ്ല്യുസി ഷാഫ്‌ഹോസന്‍, റിമോവ എന്നിവയാണ് ഇവിടെ ഷോറൂമുള്ള മറ്റ് ആഡംബര ബ്രാന്‍ഡുകള്‍. മാസ വാടകയ്ക്ക് പുറമേ ഇവരുടെ മൊത്തം വരുമാനത്തിന്റെ നാല് മുതല്‍ പന്ത്രണ്ട് ശതമാനം വരെ റിലയന്‍സിന് നല്‍കേണ്ടി വരും.